ഒന്നാം പാദത്തിൽ മികച്ച നേട്ടവുമായി ജെ.എം.ജെ ഫിന്‍ടെക്: ലാഭത്തില്‍ 72% വളര്‍ച്ച

ഉപഭോക്താക്കള്‍ക്ക് ലളിതവും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാക്കുക എന്നതാണ് 'Money Bro' ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം
JMJ Fintech
Joju Madathumpady Johny, Managing Director, JMJ Fintech
Published on

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ച് പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ് (JMJ Fintech Ltd). ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കമ്പനി 1.97 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ 72.48 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. തൊട്ടു മുന്‍പത്തെ പാദത്തേക്കാള്‍ 13 ശതമാനം വര്‍ദ്ധനവും ലാഭത്തിലുണ്ടായിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍

കമ്പനിയുടെ വരുമാനത്തിലും വായ്പാ ആസ്തികളിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ആദ്യ പാദത്തിലെ ആകെ വരുമാനം 5.36 കോടി രൂപയാണ്; ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5.66 ശതമാനം കൂടുതലാണ്. കൂടാതെ, കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തികള്‍ (AUM) 78.23 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 82.11 ശതമാനവും, മുന്‍ പാദത്തേക്കാള്‍ 9.12 ശതമാനവും വളര്‍ച്ച ആസ്തിയുടെ കാര്യത്തില്‍ കമ്പനി കൈവരിച്ചു.

'Money Bro' ഡിജിറ്റല്‍ വിപ്ലവം

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ വായ്പാ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 'Money Bro' എന്ന പുതിയ ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമിന് കമ്പനി ആദ്യ പാദത്തില്‍ തുടക്കം കുറിച്ചു. പരമ്പരാഗത വായ്പാ രീതികളിലെ കാലതാമസവും സങ്കീര്‍ണതകളും ഒഴിവാക്കി, ഉപഭോക്താക്കള്‍ക്ക് ലളിതവും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രവര്‍ത്തനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനാണ് ജെ.എം.ജെ ഫിന്‍ടെക് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്കും കമ്പനിക്കും ഇടയിലുള്ള ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോജു മഠത്തുംപടി ജോണി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ ബിസിനസ് വളര്‍ച്ചയ്ക്കും വിപണി വിപുലീകരണത്തിനും ഈ ഡിജിറ്റല്‍ മാറ്റം നിര്‍ണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com