ജോയ് ആലുക്കാസ് 40 പുത്തന്‍ ഷോറൂമുകള്‍ തുറക്കുന്നു; കഴിഞ്ഞവര്‍ഷ വിറ്റുവരവ് ₹21,400 കോടി

കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് അടുത്ത രണ്ടുവര്‍ഷത്തിനകം ഇന്ത്യയിലും വിദേശത്തുമായി 40 പുത്തന്‍ ഷോറൂമുകള്‍ തുറക്കും. ഇന്ത്യയില്‍ 30, വിദേശത്ത് 10 എന്നിങ്ങനെ ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് വ്യക്തമാക്കി.

കമ്പനിയുടെ മൊത്തം ബിസിനസില്‍ ഇപ്പോള്‍ 70 ശതമാനം ഇന്ത്യയിലും ബാക്കി വിദേശത്തുമാണ്.
ഓരോ ഷോറൂമും കമ്പനിയുടെ ഉടമസ്ഥതയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 60 കോടി രൂപയാണ് ഓരോ ഷോറൂമിലെയും നിക്ഷേപം. പുതിയ ഷോറൂമുകള്‍ക്കായി 2,400 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തും.
വിറ്റുവരവിലും വന്‍ ലക്ഷ്യം
നടപ്പുവര്‍ഷം (2023-24) അവസാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം 17,500 കോടി രൂപയാക്കി ഉയര്‍ത്താനും കമ്പനി ഉന്നമിടുന്നുണ്ട്.
2022-23ല്‍ 14,513 കോടി രൂപയായിരുന്നു ഇന്ത്യയിലെ വിറ്റുവരവ്. ഇതിനേക്കാള്‍ 20 ശതമാനം അധിക വിറ്റുവരവാണ് നടപ്പുവര്‍ഷത്തെ പ്രതീക്ഷ. നികുതിക്ക് ശേഷമുള്ള ലാഭമായി (PAT) 1,100 കോടി രൂപയും നടപ്പുവര്‍ഷം ലക്ഷ്യമിടുന്നു.
വിദേശ വിപണികളില്‍ നിന്നുള്ള വിറ്റുവരവ് കഴിഞ്ഞവര്‍ഷത്തെ 6,926 കോടി രൂപയില്‍ നിന്ന് 7,500 കോടി രൂപയായി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നതായി ജോയ് ആലുക്കാസ് പറഞ്ഞു.
കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും
വിദേശത്ത് കാന, സിഡ്‌നി (ഓസ്‌ട്രേലിയ) എന്നിവിടങ്ങളിലേക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് സാന്നിദ്ധ്യം വ്യാപിപ്പിക്കും. ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിദ്ധ്യമുള്ള കമ്പനി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാകും പുതിയ ഷോറൂമുകള്‍ക്കായി കൂടുതല്‍ ശ്രദ്ധയൂന്നുക.
നിലവില്‍ ഇന്ത്യയിലെ 100 ഉള്‍പ്പെടെ ആകെ 160 ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്.
ഐ.പി.ഒ വൈകില്ല
നേരത്തേ 2,300 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐ.പി.ഒ) നീക്കം നടത്തിയെങ്കിലും ജോയ് ആലുക്കാസ് അത് പിന്‍വലിച്ചിരുന്നു. പ്രതികൂല വിപണി സാഹചര്യങ്ങളായിരുന്നു കമ്പനി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഐ.പി.ഒയ്ക്കായുള്ള പുതിയ അപേക്ഷ കമ്പനി വീണ്ടും സമര്‍പ്പിക്കുമെന്ന് സമയപരിധി വ്യക്തമാക്കാതെ അഭിമുഖത്തില്‍ ജോയ് ആലുക്കാസ് പറഞ്ഞു.

Related Articles

Next Story

Videos

Share it