കെ-ഡിസ്‌ക്: വികസനത്തില്‍ കേരളത്തിന്റെ സ്വന്തം 'ഇന്നൊവേഷന്‍' എന്‍ജിന്‍

ഇന്നൊവേഷന്‍ അഥവാ നൂതനാശയ രൂപീകരണം പ്രോത്സാഹിപ്പിച്ച് കേരളത്തിന്റെ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വികസനം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ഉപദേശക സമിതിയാണ് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്). 2018ല്‍ രൂപീകരിച്ച കെ-ഡിസ്‌ക് നിരവധി നവീന പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം, പദ്ധതികള്‍ എന്നിവയെക്കുറിച്ച് കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു.
ലക്ഷ്യം നൂതനാശയം പരിപോഷിപ്പിക്കല്‍
ശാസ്ത്രം, സാങ്കേതികം, കാര്‍ഷികം തുടങ്ങി എല്ലാ മേഖലകളിലും നവീകരണവും പുരോഗതിയും ആവശ്യമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇതിനായി പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് കെ-ഡിസ്‌കാണ്. സംസ്ഥാനത്ത് നൂതനാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുക, യുവാക്കളില്‍ നൈപുണ്യശേഷി വര്‍ദ്ധിപ്പിക്കുക, സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. തൊഴിലധിഷ്ഠിത നൈപുണ്യം നല്‍കലും കെ-ഡിസ്‌കിന്റെ പ്രധാന ഉത്തരവാദിത്വമാണ്. നൂതനാശയങ്ങള്‍ കണ്ടെത്തുന്നവരെ പ്രേത്സാഹിപ്പിക്കുകയും ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം സംബന്ധിച്ച് വകുപ്പുകള്‍ക്ക് മര്‍ഗനിര്‍ദേശവും കെ-ഡിസ്‌ക് നല്‍കുന്നു.
വിജയകരമായി പുരോഗമിക്കുന്ന പദ്ധതികള്‍
യുവജനങ്ങളില്‍ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം, സ്‌കൂള്‍ കുട്ടികളില്‍ ഗണിതശാസ്ത്ര പരിജ്ഞാനം വളര്‍ത്തുന്ന മഞ്ചാടി, പ്രൈമറി ക്ലാസ് മുതലുള്ള കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മഴവില്ല്, ഒരു ജില്ല ഒരു ആശയം, ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം, വണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് വണ്‍ ഐഡിയ, അംഗപരിമിതരായ യുവാക്കള്‍ക്കായുള്ള ഇന്നൊവേഷന്‍ പ്രോഗ്രാമായ ടാലന്റ് സെര്‍ച്ച്, ഇലക്ട്രിക് വെഹിക്ക്ള്‍സ് എല്‍.ടി.ഒ സെല്‍ എന്‍ജിനിയറിംഗ് മോഡല്‍ തയാറാക്കല്‍, മൂല്യവര്‍ധിത കൃഷിയെക്കുറിച്ചുള്ള പ്രോഗ്രാമുകള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, റോബോട്ടിക് സാങ്കേതികവിദ്യ, ബ്ലോക്ക്ചെയ്ന്‍, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഡാറ്റ അനലറ്റിക്‌സ് എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള എമെര്‍ജിംഗ് ടെക്‌നോളജി ഇന്‍ ഗവണ്മെന്റ് എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാംകെ-ഡിസ്‌കിന്റെ ഏറ്റവും വിജയകരമായ പദ്ധതിയാണിത്. 2018ല്‍ 1,320 പേരില്‍ ആരംഭിച്ച പദ്ധതി ഇന്ന് 1.20 ലക്ഷം പേരിലെത്തി നില്‍ക്കുന്നു. യഥാര്‍ത്ഥ ജീവിത പ്രശ്‌നപരിഹാരത്തിനുള്ള പുതിയ ആശയങ്ങളുമായെത്തുന്ന യുവജനങ്ങള്‍ക്ക് ഈ പദ്ധതി സാമ്പത്തികസഹായവും സാങ്കേതിക മാര്‍ഗദര്‍ശനവും നല്‍കുന്നു.
കേരള നോളജ് ഇക്കോണമി മിഷന്‍
കേരളത്തിലെ വിദ്യാസമ്പന്നരായ തൊഴില്‍ഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സമഗ്ര പരിപാടിയാണ് കേരള നോളജ് ഇക്കോണമി മിഷന്‍. വിവിധ മേഖലകളിലായി 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. പ്രവാസികള്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, ശാരീരിക വൈകല്യമുള്ളവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക പരിപാടികളും നടത്തുന്നുണ്ട്.
നിലവില്‍ നൈപുണ്യ പരിശീലനം നല്‍കാനായി 26 മേഖലകളിലായി 387 പാഠ്യക്രമങ്ങള്‍ കെ-ഡിസ്‌ക് രൂപപ്പെടുത്തിയിട്ടുണ്ട്. അസാപ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് നൈപുണ്യ കോഴ്‌സുകള്‍ നല്‍കുന്നത്. ഇത്തരം പരിശീലനം ലഭിച്ചവര്‍ക്ക് തൊഴില്‍ നല്‍കാനായി വിവിധ തൊഴില്‍ ദാതാക്കളെയും കണ്ടെത്തി.
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം
കെ-ഡിസ്‌ക് തൊഴില്‍ നല്‍കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ നേരിട്ട് നല്‍കുന്നില്ല. തൊഴിലുടമകളേയും തൊഴില്‍തേടുന്നവരേയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമിന് ഇതിനായി കെ-ഡിസ്‌ക് രൂപംനല്‍കിയിട്ടുണ്ട്. 'ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം' എന്ന പ്ലാറ്റ്‌ഫോമിലൂടെ ഇതിനോടകം തന്നെ നിരവധി പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ഈ പ്ലാറ്റ്‌ഫോമിന് ഇക്കൊല്ലം രാഷ്ട്രപതിയില്‍ നിന്ന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡും ലഭിച്ചു. ഇതിനുപുറമെ ഫ്രീലാന്‍സായി ജോലി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായി ഒരു പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള പണിപ്പുരയിലാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it