കല്യാണ്‍ ജുവലേഴ്‌സിന്റെ നാലാം പാദ ലാഭം ഇരട്ടിയിലധികം വര്‍ധിച്ച് 410 കോടിയില്‍; ഡിവിഡന്റ് പ്രഖ്യാപിച്ചു, ഓഹരി വില 3.5% നേട്ടത്തില്‍

10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 2.5 രൂപ വീതം അന്തിമ ഡിവിഡന്റ് നല്‍കാന്‍ കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്
Ramesh Kalyanaraman
TK Ramesh /Image : kalyanjewellers.net/
Published on

പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (Kalyan Jewellers) നാലാം പാദ സാമ്പത്തിക ഫലങ്ങളില്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി. 2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി വര്‍ധിച്ച് 409.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 187.6 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 118 ശതമാനമാണ് വളര്‍ച്ച.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണ്‍സോളിഡേറ്റഡ് അറ്റാദായം (PAT) 86% വളര്‍ച്ചയോടെ 1,350 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 714 കോടി രൂപയായിരുന്നു.

നാലാം പാദ വരുമാനം മുന്‍വര്‍ഷത്തെ 6,181.5 കോടി രൂപയില്‍ നിന്ന് 66.2 ശതമാനം വര്‍ധിച്ച് 10,274.9 കോടി രൂപയായി ഉയര്‍ന്നു. കണ്‍സോളിഡേറ്റഡ് വാര്‍ഷിക വരുമാനം 35,743 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 25,045 കോടി രൂപയെ അപേക്ഷിച്ച് 43% വളര്‍ച്ചയാണിത്.

സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍, മാര്‍ച്ച് 31-ന് അവസാനിച്ച പാദത്തില്‍ വരുമാനം 68 ശതമാനം വര്‍ധിച്ച് 8,994 കോടി രൂപയായും, ലാഭം (PAT) 97 ശതമാനം വര്‍ധിച്ച് 366 കോടി രൂപയായും ഉയര്‍ന്നു.

'ഈ വര്‍ഷത്തെ അക്ഷയ തൃതീയ വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ചയാണ് കണ്ടത്. വിവാഹ സംബന്ധമായ പര്‍ച്ചേസുകള്‍ ഉള്‍പ്പെടെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ഈ പാദത്തിലും തുടരുന്നു,' എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 2.5 രൂപ വീതം അന്തിമ ഡിവിഡന്റ് നല്‍കാന്‍ കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ഈ ഡിവിഡന്റ് വിതരണം ചെയ്യുക.

രാജ്യാന്തര വരുമാനവും ഉയര്‍ന്നു

നാലാം പാദത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 8,994 കോടി രൂപയും ലാഭം 366 കോടി രൂപയുമാണ്

നാലാം പാദത്തില്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,157 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 807 കോടി രൂപയേക്കാള്‍ 43 ശതമാനം വര്‍ധനയാണിത്. അന്താരാഷ്ട്ര വിപണിയിലെ ലാഭം കഴിഞ്ഞ വര്‍ഷത്തെ 14 കോടി രൂപയില്‍ നിന്ന് 29 കോടി രൂപയായി ഉയര്‍ന്നു.

ലൈഫ് സ്‌റ്റൈല്‍ ജുവലറി പ്ലാറ്റ്ഫോമായ കാന്‍ഡിയര്‍ 131 കോടി രൂപ വരുമാനവും 3 കോടി രൂപ ലാഭവും നേടി.

ഓഹരി നേട്ടത്തില്‍

സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കല്യാണ്‍ ജുവലേഴ്‌സിന്റെ ഓഹരി വില മൂന്നര ശതമാനത്തോളം ഉയര്‍ന്ന് 425 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് 622 ശതമാനമാണ് ഓഹരിയുടെ വളര്‍ച്ച. അതേസമയം ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 12 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

Kalyan Jewellers India Limited recorded revenue in excess of 35,700 Crore and PAT of Rs 1,350 crore for FY26

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

logo
DhanamOnline
dhanamonline.com