സ്വര്‍ണ വിലയിലെ കുതിപ്പിനിടയിലും 49% ലാഭവളര്‍ച്ചയുമായി കല്യാണ്‍ ജുവലേഴ്‌സ്, വരുമാനം ₹7,268 കോടി

കഴിഞ്ഞ പാദത്തില്‍ 10 പുതിയ ഷോറൂമുകളാണ് കല്യാണ്‍ ഇന്ത്യയില്‍ തുറന്നത്
Ramesh Kalyanaraman
TK Ramesh /Image : kalyanjewellers.net/
Published on

2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 49 ശതമാനം ലാഭക്കുതിപ്പുമായി കല്യാണ്‍ ജുവലേഴ്‌സ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 177.7 കോടി രൂപയില്‍ നിന്ന് ലാഭം 264 കോടി രൂപയായി ഉയര്‍ന്നു.

കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ 5,527.8 കോടിയില്‍ നിന്ന് 31.5 ശതമാനം വര്‍ധിച്ച് 7,268.4 കോടി രൂപയായതായും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കല്യാണ്‍ ജുവലേഴ്‌സ് വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റ് വരുമാനവും ഉയര്‍ന്നു

വിദേശ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 32 ശതമാനം വര്‍ധനയോടെ 1,070 കോടി രൂപയായി. മിഡില്‍ ഈസ്റ്റിലെ ഷോറൂമുകളില്‍ നിന്നുള്ള വരുമാനം 27 ശതമാനം വര്‍ധിച്ച് 10,26 കോടിയായപ്പോള്‍ ലാഭം 18 ശതമാനം ഉയര്‍ന്ന് 22 കോടി രൂപയുമായി.

കല്യാണ്‍ ജുവലേഴ്‌സിന്റെ ഡിജിറ്റല്‍ ജുവലറി പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍ (Candere) കഴിഞ്ഞ പാദത്തില്‍ 66 കോടി രൂപയുടെ വരുമാനം നേടി. 10 കോടി രൂപയുടെ അറ്റ നഷ്ടമാണ് ഒന്നാം പാദത്തില്‍ ക്യാന്‍ഡിയര്‍ രേഖപ്പെടുത്തുന്നത്.

സ്വര്‍ണ വിലയില്‍ വലിയ വ്യതിയാനമുണ്ടായിട്ടും നടപ്പു പാദത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നുണ്ടെന്ന് കല്യാണ്‍ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. രാജ്യത്ത് ഉത്സവ സീസണ്‍ ആരഭിക്കുന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. പുതു കളക്ഷനുകളും ക്യാംപെയ്‌നുകളും അവതരിപ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റിലും യു.എസിലും സാന്നിധ്യമുള്ള കല്യാണ്‍ ജുവലേഴ്‌സിന് കാന്‍ഡിയര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ മാത്രം 368 ഷോറൂമുകളുണ്ട്. കഴിഞ്ഞ പാദത്തില്‍ 10 പുതിയ ഷോറൂമുകളാണ് കല്യാണ്‍ ഇന്ത്യയില്‍ തുറന്നത്.

മിഡില്‍ ഈസ്റ്റില്‍ 36 ഷോറൂമുകളും യു.എസില്‍ രണ്ട് ഷോറൂമും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ1,047 മൈ കല്യാണ്‍ ഔട്ട്‌ലറ്റുകളും 15 പ്രൊക്യുര്‍മെന്റ് സെന്ററുകളുമുണ്ട്. മൊത്തം 14,092 ജീവനക്കാരാണ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്.

ഓഹരിക്ക് മുന്നേറ്റം

ഇന്ന് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചതിനു ശേഷമാണ് കല്യാണ്‍ ജുവലേഴ്‌സിന്റെ പാദഫലങ്ങള്‍ പുറത്തു വന്നത്. ഇന്ന് 1.34 ശതമാനം ഉയര്‍ന്ന് 598 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 10 ശതമാനം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവെടുത്താല്‍ ഓഹരി 22 ശതമാനത്തോളം ഇടിഞ്ഞിട്ടുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com