വരുമാന തിളക്കത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ്; ആദ്യ പാദത്തില്‍ 38% വളര്‍ച്ച, കാന്‍ഡിയറിന് നൂറുമേനി

ഇന്ത്യയിലെ ബിസിനസ് വരുമാനത്തില്‍ 38 ശതമാനത്തിലധികം വര്‍ധനയാണ് തൃശൂര്‍ ആസ്ഥാനമായുള്ള കമ്പനി രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കാന്‍ഡിയര്‍ 112 ശതമാനം വളര്‍ച്ച നേടി
Chairnam-Kalyan Jewellers
ടി.എസ് കല്യാണരാമന്‍/ Photo Credit : kalyanjewellers.net
Published on

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ആഭരണ ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സിന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (Q1 FY2027) മികച്ച വരുമാന നേട്ടം. കമ്പനിയുടെ സംയോജിത വരുമാനം (Consolidated Revenue) മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 38 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണിയിലെയും ശക്തമായ മുന്നേറ്റമാണ് കല്യാണിന് ഈ മികച്ച നേട്ടം സമ്മാനിച്ചത്.

എന്നാല്‍, വിപണിയിലെ പൊതുവായ തിരുത്തലുകളെത്തുടര്‍ന്നും ശക്തമായ ഈ ബിസിനസ് അപ്ഡേറ്റിന് പിന്നാലെ നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിലേക്ക് (Profit Booking) കടന്നതിനാലും കല്യാണ്‍ ജുവലേഴ്‌സിന്റെ ഓഹരി വിലയില്‍ 9 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

ആഭ്യന്തര വിപണിയില്‍ തിളക്കം

കഴിഞ്ഞ ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ ബിസിനസ് വരുമാനത്തില്‍ 38 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന 28 ദിവസത്തെ 'അധിക് മാസ്' (Adhik Maas) കാലയളവ് ഈ പാദത്തിലായിരുന്നിട്ടും കല്യാണിന്റെ ആഭ്യന്തര വിപണിയിലെ മുന്നേറ്റത്തെ അത് ബാധിച്ചില്ല. സാധാരണയായി ഈ സമയങ്ങളില്‍ വിവാഹ ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണ വാങ്ങലുകളില്‍ താല്‍ക്കാലിക കുറവുണ്ടാകാറുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഇന്ത്യയിലെ സെയിം-സ്റ്റോര്‍ സെയില്‍സ് വളര്‍ച്ച (Same-store-sales-growth) ഏകദേശം 28 ശതമാനമായി ഉയര്‍ന്നു.

ലക്ഷ്യം കണ്ട് റീസൈക്കിള്‍ഡ് ഗോള്‍ഡ് കാമ്പയിന്‍

ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മെയ് പകുതിയോടെ കല്യാണ്‍ ആരംഭിച്ച 'ഷൈന്‍ വിത്ത് ഇന്ത്യ' (Shine with India) കാമ്പെയ്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ അപ്‌ഡേറ്റില്‍ വ്യക്തമാക്കി.

ആദ്യ പാദത്തിലെ ആകെ വരുമാനത്തിന്റെ 46 ശതമാനത്തിലധികവും റീസൈക്കിള്‍ഡ് (പഴയ സ്വര്‍ണം മാറ്റിയെടുക്കല്‍) സ്വര്‍ണത്തില്‍ നിന്നായിരുന്നു. ജൂണ്‍ മാസത്തില്‍ മാത്രം ഇത് 55 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു.

രാജ്യാന്തര വിപണിയും കാന്‍ഡിയറും

കല്യാണിന്റെ അന്താരാഷ്ട്ര ബിസിനസ് വരുമാനത്തിലും 35 ശതമാനം വളര്‍ച്ചയുണ്ടായി. മിഡില്‍ ഈസ്റ്റില്‍ (ഗള്‍ഫ് മേഖല) മാത്രം വരുമാനം 30 ശതമാനം വര്‍ധിച്ചു. ഏപ്രില്‍ മാസത്തില്‍ ഈ മേഖലയിലുണ്ടായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉപഭോക്താക്കളുടെ എണ്ണത്തെ (Footfall) ബാധിച്ചെങ്കിലും മികച്ച രീതിയില്‍ തിരിച്ചുവരാന്‍ കമ്പനിക്ക് സാധിച്ചു. ആകെ സംയോജിത വരുമാനത്തിന്റെ 14 ശതമാനവും അന്താരാഷ്ട്ര വിപണിയില്‍ നിന്നാണ്.

കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍ (Candere) മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 112 ശതമാനത്തിന്റെ വന്‍ വരുമാന വര്‍ധനയാണ് കൈവരിച്ചത്.

ഷോറൂമുകളുടെ എണ്ണം 524-ല്‍

ആദ്യ പാദത്തില്‍ ഇന്ത്യയിലുടനീളമായി 12 പുതിയ കല്യാണ്‍ ഷോറൂമുകളും 5 കാന്‍ഡിയര്‍ ഷോറൂമുകളും കമ്പനി പുതുതായി ആരംഭിച്ചു. ഇതോടെ 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ആകെ ഷോറൂമുകളുടെ എണ്ണം 524 ആയി ഉയര്‍ന്നു. കല്യാണ്‍ ഇന്ത്യ - 354, കല്യാണ്‍ മിഡില്‍ ഈസ്റ്റ് - 38, കല്യാണ്‍ യുഎസ്എ - 2, കല്യാണ്‍ യുകെ - 1, കാന്‍ഡിയര്‍ - 129 എന്നിങ്ങനെയാണ് കമ്പനിയുടെ ആകെ ഷോറൂമുകള്‍. വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകള്‍ക്കായി കൂടുതല്‍ പുതിയ കളക്ഷനുകളോടെ വിപുലമായ തയ്യാറെടുപ്പിലാണെന്ന് കമ്പനി വ്യക്തമാക്കി.

ഓഹരി വിപണിയില്‍ എന്തുകൊണ്ട് ഇടിവ്?

കല്യാണ്‍ ജുവലേഴ്സിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എല്ലാ മേഖലകളിലും മികച്ച മുന്നേറ്റം കാണിക്കുന്നുണ്ടെങ്കിലും ഓഹരി വിപണിയില്‍ പെട്ടെന്നുള്ള ലാഭമെടുപ്പ് ശക്തമായതാണ് വില താഴേക്ക് പോകാന്‍ കാരണം. പൂര്‍ണമായ പാദഫലങ്ങളും ലാഭവിഹിതം ഉള്‍പ്പെടെയുള്ള കൃത്യമായ മാര്‍ജിന്‍ വിവരങ്ങളും പുറത്തുവരുന്നതിനായി വിപണി കാത്തിരിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ബിഎസ്ഇയില്‍ ഓഹരി വില ഒന്‍പത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 357 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി 26 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 364 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ ഇത് 119 ശതമാനവുമാണ്.

Despite stellar operational performance with 38% consolidated revenue growth driven by India expansion and Candere, Kalyan Jewellers' stock tumbled up to 9% as investors locked in profits.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com