കല്യാണ്‍ ജുവലേഴ്‌സിന്റെ മൂന്നാംപാദ ലാഭവും വരുമാനവും കൂടി, പക്ഷേ ഓഹരികൾ ഇടിവില്‍

വരുമാനം 40 ശതമാനത്തോളം ഉയര്‍ന്നു
Kalyan Jewellers logo
Published on

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 180 കോടി രൂപയുടെ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ 148 കോടി രൂപയായിരുന്നു ലാഭം. 22 ശതമാനമാണ് വളര്‍ച്ച. അതേസമയം, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ ഇത് 135 കോടി രൂപയായിരുന്നു.

ഡിസംബര്‍ പാദത്തില്‍ കല്യാണിന്റെ വരുമാനം മുന്‍വര്‍ഷത്തെ 3,219 കോടി രൂപയില്‍ നിന്ന് 4,512 കോടി രൂപയായി ഉയര്‍ന്നു. 40 ശതമാനമാണ് ഉയര്‍ച്ച. തൊട്ടു മുന്‍പാദത്തില്‍ വരുമാനം 4,387 കോടി രൂപയായിരുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇക്കാലയളവില്‍ 4,512 കോടി രൂപയായി. ലാഭം 168 കോടിയുമായി. മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 133 കോടി രൂപയേക്കാള്‍ 26 ശതമാനം വളര്‍ച്ചയുണ്ട്.

ഗള്‍ഫില്‍ ലാഭം കുറഞ്ഞു

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 641 കോടി രൂപയില്‍ നിന്ന് 6 ശതമാനം വര്‍ധനയോടെ 683 കോടി രൂപയായി. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭത്തില്‍ കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തെ 17 കോടി രൂപയില്‍ നിന്ന് 14 കോടി രൂപയായാണ് കുറഞ്ഞത്.

കമ്പനിയുടെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ വിറ്റുവരവ് മൂന്നാം പാദത്തില്‍ 29 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ 44 കോടി ആയിരുന്നു. ഇക്കുറി കാന്‍ഡിയര്‍ 1.6 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സമാനപാദത്തിൽ 1.7 കോടി രൂപ ആയിരുന്നു നഷ്ടം.

ഈ വര്‍ഷത്തെ ഇതുവരെ ഉള്ള കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്‍കുന്നതാണെന്നും ആദ്യ ഒമ്പത് മാസങ്ങളില്‍ മൊത്തം വിറ്റുവരവില്‍ ഏകദേശം 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും കല്യാണ്‍ ജുവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.

ഓഹരിയില്‍ ഇടിവ്

ഇന്ന് രാവിലത്തെ സെഷനില്‍ നാല് ശതമാനം വരെ ഉയര്‍ച്ച കാണിച്ച കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ ഇടിവിലേക്ക് പോയി. വ്യാപാരാന്ത്യത്തിൽ അഞ്ച് ശതമാനത്തോളം ഇടിഞ്ഞ് 350.20 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 196 ശതമാനത്തിലധികം നേട്ടം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 36,072 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com