കല്യാണ്‍ ജുവലേഴ്‌സിന്റെ ലാഭത്തിലും വരുമാനത്തിലും വന്‍ വര്‍ധന, ലാഭവിഹിതവും പ്രഖ്യാപിച്ചു

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് 2023-24 സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 137 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ 70 കോടിയെ അപേക്ഷിച്ച് 96 ശതമാനമാണ് വളര്‍ച്ച. വിറ്റുവരവ് ഇക്കാലയളവില്‍ 34 ശതമാനം ഉയര്‍ന്ന് 4,55 കോടി രൂപയായി.

ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 38 ശതമാനം ഉയര്‍ന്ന് 3,876 കോടി രൂപയായി. ഇന്ത്യ ബിസിനസില്‍ നിന്നുള്ള ലാഭം 131 കോടി രൂപയാണ്. ഗള്‍ഫ് മേഖലയിലെ വിറ്റുവരവ് 624 കോടി രൂപയായും ലാഭം 9.59 കോടി രൂപയായും വര്‍ധിച്ചു. കല്യാണിന്റെ മൊത്തം വരുമാനത്തിന്റെ 14 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.
കാന്‍ഡിയറിന്റെ നഷ്ടം കുറഞ്ഞു
കല്യാണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ വരുമാനം ഇക്കാലയളവില്‍ 36 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 32 കോടി രൂപയായിരുന്നു. അതേസമയം ഇക്കുറി കാന്‍ഡിയര്‍ 70 ലക്ഷം കോടി രൂപയുടെ നഷ്ടവും കുറിച്ചു. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ നഷ്ടം 1.9 കോടി രൂപയായിരുന്നു.
കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് മുന്‍ വര്‍ഷത്തെ 14,071 കോടി രൂപയില്‍ നിന്ന് 202-24 സാമ്പത്തിക വര്‍ഷം 18,548 കോടി രൂപയായി വര്‍ധിച്ചു. വാര്‍ഷിക ലാഭം 596 കോടി രൂപയാണ്.
കഴിഞ്ഞ വര്‍ഷത്തില്‍ മികച്ച നേട്ടമുണ്ടാക്കാനായെന്നും ഈ വര്‍ഷവും വിവാഹ പര്‍ച്ചേസുകളും അക്ഷയതൃതീയ ഉത്പന്നങ്ങളും മികച്ച തുടക്കം സമ്മാനിക്കുന്നുണ്ടെന്നും കല്യാണ്‍ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.
ഓഹരി നേട്ടത്തില്‍
മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 1.20 രൂപ നിരക്കില്‍ ലാഭം നല്‍കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. ഈയിനത്തില്‍ മൊത്തം 120 കോടി രൂപയാണ് ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക. കമ്പനിയുടെ ലാഭത്തിന്‍റെ 20 ശതമാനത്തിൽ കൂടുതലാണ് ലാഭവിഹിതമായി നൽകുന്നത്.
ഇന്നലെ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ 3.37 ശതമാനം ഉയര്‍ന്ന് 410.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 291 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 567 ശതമാനവും നേട്ടം കല്യാണ്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it