

കേരളം ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരി വില 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 50 ശതമാനത്തോളം ഉയരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. 2025 മാര്‍ച്ച് 11ന് 399.20 രൂപയിലായിരുന്ന ഓഹരി വില ഇന്ന് 609 രൂപ വരെയെത്തി. എന്നാല്‍ ഓഹരിക്ക് ഇനിയും കൂടുതല്‍ മുന്നേറ്റ സാധ്യതയുണ്ടെന്നാണ് ആഗോള ബ്രോക്കറേജുകളുടെ പ്രവചനം.
ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരിവില 660 രൂപ കടക്കുമെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് പറയുന്നത്. കമ്പനിയുടെ വില്‍പ്പന വളര്‍ച്ച 28 ശതമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 31 ശതമാനമാണ് രേഖപ്പെടുത്തിയത്. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സ്വര്‍ണ വിലയില്‍ വലിയ വ്യതിയാനം ഉണ്ടാക്കിയതിനിടയിലാണ് ഈ വളര്‍ച്ച എന്നതാണ് ശ്രദ്ധേയം.
കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നതിനൊപ്പം വരുന്ന വിവാഹ സീസണും കമ്പനിയുടെ കളക്ഷനുകളും പുതിയ കാംപെയ്‌നുമൊക്കെ ഓഹരിക്ക് കൂടുതല്‍ മുന്നേറ്റ സാധ്യതയ്ക്ക് കളമൊരുക്കുന്നുവെന്നും ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു.
മറ്റൊരു ആഗോള ബ്രോക്കറേജ് ആയ സിറ്റിയും ഓഹരിക്ക് 'ബൈ' റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ഓഹരിയൊന്നിന് 650 രൂപ വരെ വിലയെത്തുമെന്നാണ് സിറ്റി പറയുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 90 പുതിയ ഷോറൂമുകള്‍ പദ്ധതിയിടുന്ന കല്യാണിന് കരുത്തുറ്റ വില്‍പ്പന നേടാനാകുമെന്ന പ്രതീക്ഷയും ബ്രോക്കറേജ് പങ്കുവയ്ക്കുന്നു.
മറ്റൊരു ബ്രോക്കറേജ് ആയ ജെ.എം ഫിനാന്‍ഷ്യല്‍ കല്യാണ്‍ ഓഹരിക്ക് 700 രൂപ ലക്ഷ്യ വില നിശ്ചയിച്ചുകൊണ്ടാണ് 'ബൈ' ശിപാര്‍ശ നല്‍കിയിരിക്കുന്നത്. നിലവിലെ വിലയില്‍ നിന്ന് 20 ശതമാനം വരെ ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
സൗത്ത് ഇന്ത്യന്‍ കമ്പനിയെന്ന ലേബലില്‍ നിന്ന് ശക്തമായ ബ്രാന്‍ഡ് ഇമേജ്, എല്ലാ ഭൂപ്രകൃതികള്‍ക്കും സേവനം നല്‍കുന്നതിനുള്ള ഹൈപ്പര്‍ലോക്കല്‍ സമീപനം, ശരിയായ ഉല്‍പ്പന്ന മിശ്രിതം എന്നിവയുടെ കരുത്തില്‍ ഒരു പാന്‍ ഇന്ത്യ കമ്പനിയായി കല്യാണ്‍ മാറിയെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
പുതിയ ഫ്രാഞ്ചൈസി മോഡല്‍ കമ്പനിയെ സ്റ്റോറുകള്‍ വേഗത്തില്‍ തുറക്കാന്‍ സഹായിക്കുന്നു. സ്‌റ്റോക്കിന്റെയും മറ്റ് സൗകര്യങ്ങളുടേയും ചെലവ് പങ്കാളികള്‍ വഹിക്കുന്നതിനാല്‍ ചെലവു കുറച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നുവെന്നാണ് ബ്രോക്കറേജ് പറയുന്നത്.
1993ല്‍ ഒറ്റ ഷോറൂമുമായി തൃശൂരില്‍ തുടക്കം കുറിച്ച കല്യാണ്‍ ജുവലേഴ്‌സിന് 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെയുള്ള കണക്കനുസരിച്ച് 278 സ്‌റ്റോറുകളുണ്ട്.
2014ല്‍ മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യമറിയിച്ചു. നിലവില്‍ 36 ഷോറൂമുകളാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. യു.എസില്‍ ഒരു സ്ഥാപനവുമുണ്ട്. കല്യാണിന്റെ ഓണ്‍ലൈന്‍ വിഭാഗമായ കാന്‍ഡിയറിന് 73 ഷോറൂമുകളുമുണ്ട്.
52 ആഴ്ചയിലെ താഴ്ന്ന വിലയില്‍ നിന്ന് 50 ശതമാനത്തോളം ഓഹരി തിരിച്ചുകയറിയെങ്കിലും സമാനമായ കമ്പനികളുമായി നോക്കുമ്പോള്‍ 10-40 ശതമാനം ഡിസ്‌കൗണ്ട് വിലയിലാണ് ഓഹരി. അതും ആ കമ്പനികളേക്കാള്‍ ഉയര്‍ന്ന വരുമാനവും ലാഭവും രേഖപ്പെടുത്തുമ്പോള്‍.
ഓഹരിയെ വീക്ഷിക്കുന്ന 10 അനലസ്റ്റുകളില്‍ ഒമ്പതും ഓഹരിക്ക് ബൈ റേറ്റിംഗാണ് നല്‍കുന്നത്. ഒരു ബ്രോക്കറേജ് മാത്രം വിറ്റാഴിയാന്‍ (Sell) ശിപാര്‍ശ ചെയ്യുന്നുണ്ട്.
ഇന്ന് കല്യാണ്‍ ഓഹരികള്‍ മൂന്ന് ശതമാനത്തിനടത്ത് ഉയര്‍ന്നാണ് വ്യാപാരം നടത്തുന്നത്. ഒരു വര്‍ഷക്കാലയളവില്‍ 16 ശതമാനം നേട്ടം നല്‍കിയിട്ടുള്ള കല്യാണ്‍ ഓഹരിയുടെ അഞ്ച് വര്‍ഷത്തെ നേട്ടം 702 ശതമാനമാണ്.
(ഓഹരി നിക്ഷേപം വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)
Read DhanamOnline in English
Subscribe to Dhanam Magazine