സ്വര്‍ണ വിലയിലെ കുതിപ്പിനിടയിലും ലാഭം ഉയര്‍ത്തി കല്യാണ്‍ ജുവലേഴ്സ്, നാലാം പാദത്തില്‍ 36% വര്‍ധന, ഓഹരിക്ക് ₹ 1.5 ലാഭവിഹിതം പ്രഖ്യാപിച്ചു

വരുമാനം 37 ശതമാനം ഉയർന്ന് 6,181.53 കോടി രൂപയായി
Kalyan Jewellers
Image : Kalyan Jewellers
Published on

2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 187.61 കോടി രൂപയുടെ ലാഭവുമായി കല്യാൺ ജുവലേഴ്‌സ്. 2024 സാമ്പത്തിക വർഷത്തിന്റെ സമാന പാദത്തില്‍ രേഖപ്പെടുത്തിയ 137.49 കോടി രൂപയിൽ നിന്ന് ഏകദേശം 36 ശതമാനം വർധനവാണ് ഇത്.

നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 37 ശതമാനം ഉയർന്ന് 6,181.53 കോടി രൂപയായി. 2025 സാമ്പത്തിക വർഷത്തില്‍ കല്യാൺ ജ്വല്ലേഴ്‌സിന്റെ ആകെ വരുമാനം 35 ശതമാനം വർധിച്ച് 25,045 കോടി രൂപയായി.

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇന്ത്യയില്‍ നിന്ന് 5,350 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിൽ മിഡിൽ ഈസ്റ്റ് വരുമാനം 26 ശതമാനം വര്‍ധിച്ച് 784 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിനസിലെ മികച്ച പ്രകടനം തുടരുന്നതിനാൽ ഈ സാമ്പത്തിക വർഷത്തിലും കമ്പനിക്ക് മികച്ച തുടക്കമാണ് ലഭിച്ചതെന്ന് കല്യാൺ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. സ്വർണ വിലയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾ ഉണ്ടായത് ബിസിനസിനെ കാര്യമായി ബാധിച്ചിട്ടില്ല. ഈ വർഷം അക്ഷയ തൃതീയയിൽ മികച്ച വില്‍പ്പനയാണ് നടന്നത്. വിവാഹ പര്‍ച്ചേസുകളുമായി ബന്ധപ്പെട്ട് ഈ പാദത്തിലും മികച്ച പ്രകടനമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും രമേശ് കല്യാണരാമൻ പറഞ്ഞു.

ഓഹരി

നാലാം പാദ ഫലങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഓഹരിക്ക് 1.5 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു.

ഇന്ന് (മെയ് 8) വിപണി വ്യാപാരം അവസാനിപ്പിച്ചതിന് ശേഷമാണ് ഫലങ്ങള്‍ പുറത്തുവന്നത്. കല്യാണ്‍ ജുവലേഴ്സ് ഓഹരി 2.05 ശതമാനം ഇടിഞ്ഞ് 512 രൂപയിലാണ് ക്ലോസ് ചെയ്തത്. മികച്ച നാലാം പാദഫലങ്ങളെ തുടര്‍ന്ന് നാളത്തെ ഓഹരിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്നത് ശ്രദ്ധേയമായിരിക്കും.

Kalyan Jewellers reports a 36% profit surge in Q4 FY2025 and announces ₹1.5 dividend per share.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com