തിളക്കം തുടർന്ന് കല്യാൺ ജുവലേഴ്സ്; വരുമാനത്തിൽ 26% വർധന, അക്ഷയ തങ്ക മാളിക ബ്രാന്‍ഡില്‍ നാല് ശാഖകകള്‍ കൂടി തുറക്കും; ഓഹരിക്കും മുന്നേറ്റം

ഉത്സവ-വിവാഹ സീസണ്‍ കരുത്താകുമെന്ന് പ്രതീക്ഷ
T.S. Kalyanaraman kalyan jewelers logo stock market
കല്യാൺ ജുവലേഴ്സ് എം.ഡി, ടി.എസ്. കല്യാണരാമൻ; പ്രതീകാത്മക ചിത്രം (Image Credit : Kalyan Jewellers, Canva)
Published on: 

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും മികച്ച ബിസിനസ് മുന്നേറ്റം തുടർന്ന് പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്സ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2 FY27) കമ്പനിയുടെ കൺസോളിഡേറ്റഡ് വരുമാനത്തിൽ 26 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദവുമായി (Q2 FY26) താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടമെന്ന്‌ കല്യാണ്‍ ജുവലേഴ്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ പുതിയ പ്രവര്‍ത്തനക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യൻ വിപണിയിൽ ശക്തമായ മുന്നേറ്റം

ഇന്ത്യൻ ബിസിനസിൽ മാത്രം മുൻവർഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് 27 ശതമാനത്തിനടുത്ത് വരുമാന വർധന കൈവരിക്കാൻ കമ്പനിക്കായി. രാജ്യത്തെ പ്രധാന വിപണികളിലെല്ലാം തനതു സ്റ്റോറുകളിലെ വിൽപ്പനയിൽ (Same-Store-Sales-Growth) ഏകദേശം 20 ശതമാനത്തിന്റെ വളർച്ചയാണ് ഉള്ളത്. കഴിഞ്ഞ വർഷം നവരാത്രി ആഘോഷത്തിന്റെ ഒൻപത് ദിവസങ്ങളും രണ്ടാം പാദത്തിലായിരുന്നതിനാൽ ഉയർന്ന അടിത്തറ ഉണ്ടായിരുന്നിട്ടും (High base) മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് സാധിച്ചു.

ചെന്നൈയിൽ ഓഗസ്റ്റ് മാസത്തിൽ തുടക്കമിട്ട കമ്പനിയുടെ ആദ്യ പ്രാദേശിക ബ്രാൻഡായ 'അക്ഷയ തങ്ക മാളിക'യ്ക്ക് (Akshaya Thanga Maligai - ATM) മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. പ്രവർത്തനം തുടങ്ങി 40 ദിവസത്തിനുള്ളിൽ മികച്ച വരുമാന നേട്ടമുണ്ടാക്കാൻ ഇതിനായി. ഫ്രാഞ്ചൈസി മാതൃകയിൽ ഈ സാമ്പത്തിക വർഷം നാല് പുതിയ ഷോറൂമുകൾ കൂടി ഈ ബ്രാൻഡിന് കീഴിൽ ആരംഭിക്കും. നിലവിലെ പാദത്തിൽ രണ്ട് ഷോറൂമുകളും നാലാം പാദത്തിൽ രണ്ട് ഷോറൂമുകളുമാണ് ലക്ഷ്യം വയ്ക്കുന്നത്.

രാജ്യാന്തര വിപണിയും ഡിജിറ്റൽ ബ്രാൻഡും

കല്യാണിന്റെ രാജ്യാന്തര വിപണിയിലെ വരുമാനത്തിൽ 18 ശതമാനത്തോളം വർധന രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റ് മേഖലയിൽ മാത്രം വരുമാനം 12 ശതമാനം വർധിച്ചു. കമ്പനിയുടെ ആകെയുള്ള കൺസോളിഡേറ്റഡ് വരുമാനത്തിലേക്ക് 11 ശതമാനത്തോളം സംഭാവന ചെയ്തത് രാജ്യാന്തര വിപണിയാണ്.

കമ്പനിയുടെ ലൈഫ് സ്റ്റൈൽ ആഭരണ ബ്രാൻഡായ 'കാൻഡെറെ' (Candere) മുൻവർഷത്തെ അപേക്ഷിച്ച് 64 ശതമാനത്തോളം മികച്ച വരുമാന വർധന രേഖപ്പെടുത്തി ശ്രദ്ധേയ നേട്ടമുണ്ടാക്കി.

ഷോറൂം ശൃംഖല വിപുലീകരണം

രണ്ടാം പാദത്തിൽ ഇന്ത്യയിൽ 12 പുതിയ കല്യാൺ ഷോറൂമുകളും (നെറ്റ് 11) 9 കാന്‍ഡിയര്‍ ഷോറൂമുകളും കമ്പനി തുറന്നു. കൂടാതെ യുകെയിൽ ഒരു പുതിയ കല്യാൺ ഷോറൂമും പ്രവർത്തനം ആരംഭിച്ചു.

2026 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് കല്യാൺ ജുവലേഴ്സിന് ലോകമെമ്പാടുമായി 546 ഷോറൂമുകളാണുള്ളത്. ഇതിൽ ഇന്ത്യയിലെ 365 കല്യാൺ ഷോറൂമുകളും മിഡിൽ ഈസ്റ്റിൽ 38, യു.എസ്.എയിൽ 2, യുകെയിൽ 2, കാൻഡെറെയുടെ 138 ഷോറൂമുകളും ഉൾപ്പെടുന്നു.

കടമൊഴിവാക്കലും ആസ്തി വിൽപ്പനയും

ആവശ്യമില്ലാത്ത ആസ്തികൾ (Non-core real estate assets) വിറ്റഴിക്കുന്നതിന്റെ ഭാഗമായി 86 കോടി രൂപ മൂല്യമുള്ള വസ്തുവിന്റെ വിൽപ്പന രണ്ടാം പാദത്തിൽ പൂർത്തിയാക്കി. 16 കോടി രൂപ വിലമതിക്കുന്ന രണ്ടാമത്തെ ആസ്തിയുടെ വിൽപ്പന നടപ്പ് പാദത്തിൽ പൂർത്തിയാകും. ഇതോടൊപ്പം കമ്പനിയുടെ നോൺ-ജിഎംഎൽ കടം (Non-GML debt) പൂജ്യമായി കുറയ്ക്കാനും കഴിഞ്ഞതായി കമ്പനി അറിയിച്ചു.

വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകളിൽ മികച്ച ബിസിനസ് പ്രതീക്ഷിക്കുന്നതായി കമ്പനി വ്യക്തമാക്കി. പുതിയ കളക്ഷനുകളും പ്രചാരണ പരിപാടികളും കൂടുതൽ പുതിയ ഷോറൂമുകളും ഇതിനായി ഒരുക്കിക്കഴിഞ്ഞു.

ഓഹരിക്കും മുന്നേറ്റം

മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളും ഇന്ന് മുന്നേറ്റത്തിലാണ്. രാവിലെ വ്യാപാരം ആരംഭിച്ചതിനു പിന്നാലെ ഓഹരി വില മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന് 566.35 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ ഓഹരിയുടെ നേട്ടം17 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവെടുത്താല്‍ 625.64 ശതമാനം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. 2021 ഒക്ടോബര്‍ എട്ടിന് വെറും 78 രൂപയായിരുന്ന ഓഹരി വിലയാണ് നിലവില്‍ 565 രൂപയിലെത്തിയിരിക്കുന്നത്. ഓഹരിയുടെ 52 ആഴ്ചയ്ക്കിടയിലെ ഉയര്‍ന്ന വില 648 രൂപയാണ്.

hrissur-headquartered Kalyan Jewellers registered robust revenue growth driven by strong same-store sales and retail expansion across India and international markets.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com