വിവാഹ സീസണും അക്ഷയ തൃതീയയും നേട്ടമായി, കല്യാണിന് ഒന്നാം പാദത്തില്‍ 31 ശതമാനം വരുമാന വളര്‍ച്ച, തുറന്നത് 19 ഷോറൂമുകള്‍; ഓഹരിക്ക് ഇടിവ്

ഈ സാമ്പത്തിക വര്‍ഷം തുറക്കുക 170 ഷോറൂമുകള്‍, അഞ്ചെണ്ണം വലിയ ഫോര്‍മാറ്റില്‍
Chairnam-Kalyan Jewellers
ടി.എസ് കല്യാണരാമന്‍/ Photo Credit : kalyanjewellers.net
Published on

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ സംയോജിത വരുമാനത്തില്‍ 31% വര്‍ധന. സ്വര്‍ണ വിലയിലെ ചാഞ്ചാട്ടവും ആഗോള സംഘര്‍ഷങ്ങളും മൂലം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞതിനിടയിലാണ്‌ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) കമ്പനിയുടെ മൊത്തം വരുമാനം 5,557.63 കോടിയായിരുന്നു.

അക്ഷയ തൃതീയ ആഘോഷങ്ങളും വിവാഹ സീസണുമാണ് ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 31% വര്‍ധിക്കാനിടയാക്കിയതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കല്യാണ്‍ ജുവലേഴ്സ് പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ഷോപ്പുകളിലെ വില്‍പനയില്‍ 18 ശതമാനം വര്‍ധനയുണ്ട്.

വിദേശ വരുമാനത്തിലും മുന്നേറ്റം

കല്യാണ്‍ ജുവലേഴ്സിന്റെ അന്താരാഷ്ട്ര ബിസിനസും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 31% വരുമാന വളര്‍ച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ബിസിനസില്‍ ഇക്കാലയളവില്‍ 26% വരുമാന വളര്‍ച്ച രേഖപ്പെടുത്തി. അവിടെ ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഷോറൂമുകളിലെ വില്‍പന മൂലമാണ് പ്രധാനമായും ഇത്. കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനത്തിന്റെ ഏകദേശം 15% അന്താരാഷ്ട്ര വിപണികളില്‍ നിന്നാണ്.

ഇന്ത്യയില്‍ മാത്രം 10 കല്യാണ്‍ ഷോറൂമുകള്‍

കല്യാണ്‍ ജുവലേഴ്സിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കാന്‍ഡെയറിന്റെ വരുമാനത്തില്‍ ഏകദേശം 67 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2025 മെയ് പകുതിയോടെ ബ്രാന്‍ഡ് ഒരു പുതിയ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഷോറൂം സന്ദര്‍ശനങ്ങള്‍, വെബ്സൈറ്റ് ട്രാഫിക്, ലോഞ്ച് ചെയ്തതിന് ശേഷമുള്ള വരുമാനം എന്നിവയില്‍ ശ്രദ്ധേയമായ വര്‍ദ്ധനവിന് ഇത് കാരണമായി.

അടുത്തിടെ അവസാനിച്ച പാദത്തില്‍, ഇന്ത്യയില്‍ 10 കല്യാണ്‍ ഷോറൂമുകളും യുഎസില്‍ ഒരു കല്യാണ്‍ ഷോറൂമും തുറന്നു. കൂടാതെ ഇന്ത്യയില്‍ 8 കാന്‍ഡെയര്‍ ഷോറൂമുകളും കല്യാണ്‍ ജുവലേഴ്‌സ് ആരംഭിച്ചു.

നടപ്പ് പാദവും പോസിറ്റീവ് ആയ രീതിയിലാണ് ആരംഭിച്ചതെന്ന് കല്യാണ്‍ ജുവലേഴ്സ് അറിയിച്ചു. വരാനിരിക്കുന്ന ഉത്സവ, വിവാഹ സീസണിനായി ഇന്ത്യയിലുടനീളം പുതിയ ഷോറൂമുകള്‍, പുതിയ ശേഖരങ്ങള്‍, കാമ്പെയ്നുകള്‍ എന്നിവ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.

തുറക്കും, പുതിയ 170 ഷോറൂമുകള്‍

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കല്യാണ്‍, കാന്‍ഡിയര്‍ പ്ലാറ്റ്‌ഫോമുകളിലായി 170 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ കല്യാണ്‍ ജുവലേഴ്സ് പദ്ധതിയിടുന്നുണ്ട്. ഇതില്‍ 75 കല്യാണ്‍ ഷോറൂമുകള്‍ (എല്ലാം FOCO) ദക്ഷിണേന്ത്യയ്ക്ക് പുറത്തായിരിക്കും. ദക്ഷിണേന്ത്യയിലും അന്താരാഷ്ട്ര വിപണികളിലുമായി 15 കല്യാണ്‍ ഷോറൂമുകള്‍ ( FOCO മാത്രം) തുറക്കുന്നതു കൂടാതെ ഇന്ത്യയിലുടനീളം 80 കാന്‍ഡെയര്‍ ഷോറൂമുകളും തുറക്കും. ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള ഷോറൂമുകളില്‍ അഞ്ചെണ്ണം വലിയ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകളായിരിക്കും.

2025 ജൂണ്‍ 30 വരെയുള്ള കണക്കനുസിരിച്ച് ഇന്ത്യയിലെയും മിഡില്‍ഈസ്റ്റിലെയും കല്യാണിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 406 ആയി. ഇന്ത്യയില്‍ 287, മിഡില്‍ ഈസ്റ്റില്‍ 36, യു.എസ്.എയില്‍ രണ്ട് എന്നിവ കൂടാതെ 81 കാന്‍ഡിയര്‍ ഷോറൂമുകളാണ് കല്യാണിനുള്ളത്.

ഓഹരി വിലയില്‍ ഇടിവ്

ഇന്ന് ബിസിനസ് അപ്‌ഡേറ്റ് പുറത്തുവിട്ടിതിനു ശേഷം കല്യാണ്‍ ജുവലേഴ്‌സ് ഓഹരി വില നേരിയ ഇടിവിലാണ്. ഓഹരി ഒന്നിന് 583 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ 17.51 ശതമാനം നേട്ടം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 25 ശതമാനത്തോളം നഷ്ടമാണ് ഓഹരി രേഖപ്പെടുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com