

പ്രമുഖ സ്വര്‍ണാഭരണ ബ്രാന്‍ഡായ കല്യാണ്‍ ജുവലേഴ്‌സിന്റെ ഓഹരി വിലയില്‍ ഇന്നും വന്‍ വര്‍ധന. വ്യാപാരത്തിനിടയില്‍ കമ്പനിയുടെ ഓഹരി വില അപ്പര്‍ സര്‍ക്യൂട്ടിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരികള്‍ വിപണിയില്‍ നേട്ടമുണ്ടാക്കുന്നത്. ഇന്നലെ 5.5 ശതമാനം നേട്ടത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇന്ന് 18.60 ശതമാനം ഉയര്‍ന്ന് 443.75 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഓഹരി വിലയിലുണ്ടായത് 24 ശതമാനം ഉയര്‍ച്ച.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (Q1) വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓഹരികളുടെ മുന്നേറ്റം. ഒന്നാം പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ പ്രമുഖ ബ്രോക്കറേജുകള്‍ കല്യാണ്‍ ഓഹരികള്‍ക്ക് ഉയര്‍ന്ന ലക്ഷ്യവിലയും നിശ്ചയിച്ചിരുന്നു.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരി വില 750 രൂപ വരെ ഉയരാമെന്നാണ് സിറ്റിഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഇത് നിലവിലെ വിപണി വിലയേക്കാള്‍ ഏകദേശം 111 ശതമാനം ഉയര്‍ന്ന നിരക്കാണ്. അതേസമയം, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി ഒന്നിന് 525 രൂപയാണ് ലക്ഷ്യവിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ മുന്‍ ക്ലോസിംഗ് വിലയേക്കാള്‍ 47 ശതമാനം നേട്ടം സൂചിപ്പിക്കുന്നു. പ്രമുഖ ബ്രോക്കറേജുകളുടെ ഈ അനുകൂല റിപ്പോര്‍ട്ടുകളും കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികളില്‍ നിക്ഷേപകരുടെ താല്പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനത്തില്‍ മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് (YoY) 27 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍ പാദവുമായി (Q4) താരതമ്യം ചെയ്യുമ്പോഴും ബിസിനസ് വളര്‍ച്ചയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ബിസിനസില്‍ മാത്രം കമ്പനി 29 ശതമാനം വരുമാന വര്‍ധന രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ ഇന്ത്യയിലുടനീളം 13 പുതിയ 'കല്യാണ്‍' ഷോറൂമുകളാണ് കമ്പനി തുറന്നത്. ഇതോടെ ദക്ഷിണേന്ത്യക്ക് പുറത്തുള്ള വിപണികളിലും സാന്നിധ്യം ശക്തമാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. പശ്ചിമേഷ്യന്‍ (Middle East) വിപണിയിലെ വരുമാനത്തിലും 16 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഇവിടുത്തെ ബിസിനസ് കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 15 ശതമാനത്തോളം സംഭാവന ചെയ്യുന്നു.
കല്യാണിന്റെ ഡിജിറ്റല്‍ വിപണിയായ 'കാന്‍ഡിയര്‍' (Candere) ഈ പാദത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന്റെ വരുമാനത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായി. വരും പാദങ്ങളിലും കൂടുതല്‍ പുതിയ ഷോറൂമുകള്‍ തുറക്കാനും ഫ്രാഞ്ചൈസി മാതൃകയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലും ഒഡീഷയിലും പുതിയ ഷോറൂമുകള്‍ ഈ വര്‍ഷം തന്നെ തുറക്കാനും കല്യാണിന് പദ്ധതിയുണ്ട്.
Strong revenue growth in India and Middle East operations drives investor confidence.
Read DhanamOnline in English
Subscribe to Dhanam Magazine