ജനുവരിയിൽ കല്യാൺ ജുവലേഴ്‌സിന്റെ ഓഹരി ഇടിഞ്ഞത് 31 ശതമാനത്തിലേറെ, വിപണി മൂലധനത്തിൽ ₹ 24,000 കോടിയിലധികം നഷ്ടം, ഓഹരി ഇന്നും നഷ്ടത്തില്‍

39 ശതമാനത്തിന്റെ വരുമാന വളർച്ചയാണ് കമ്പനി ഡിസംബർ പാദത്തില്‍ റിപ്പോർട്ട് ചെയ്തത്
Kalyan Jewellers logo
Published on

കല്യാൺ ജൂവലേഴ്‌സിൻ്റെ ഓഹരികൾ ഇന്നലെ (ബുധനാഴ്ച) ഏകദേശം 8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി 550 രൂപയിലാണ് ക്ലോസ് ചെയ്തത്. ജനുവരിയില്‍ ഏകദേശം 31 ശതമാനത്തിലേറെ ഇടിവാണ് ഓഹരി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലത്തെ ക്ലോസിംഗില്‍ വിപണി മൂലധനം 24,000 കോടി രൂപ ഇടിഞ്ഞ് 57,234 കോടി രൂപയിലെത്തി. 2024 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഓഹരി ഇന്നലെ ക്ലോസ് ചെയ്തത്. 2021 മാർച്ചിൽ ലിസ്റ്റ് ചെയ്തതിനുശേഷം ഓഹരി ഏകദേശം 940 ശതമാനം ഉയർന്ന് ഈ മാസം ആദ്യം 795 രൂപ എന്ന ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഓഹരി ഇന്ന് (വ്യാഴാഴ്ച) 4.73 ശതമാനം നഷ്ടത്തില്‍ 528 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കമ്പനിയെക്കുറിച്ച് മാനേജ്‌മെന്റ് ശക്തമായ പോസറ്റീവ് അഭിപ്രായം പങ്കുവെച്ചിട്ടും ഓഹരിയിലെ തിരുത്തൽ തുടരുകയാണ്. ഏകദേശം 39 ശതമാനത്തിന്റെ ഏകീകൃത വരുമാന വളർച്ചയാണ് കമ്പനി ഡിസംബർ പാദത്തില്‍ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ബിസിനസില്‍ 41 ശതമാനം വരുമാന വളർച്ചയും കമ്പനി കൈവരിച്ചു. ഉത്സവ-വിവാഹ സീസണുകളാണ് കമ്പനിക്ക് നേട്ടമായത്.

ഫണ്ട് മാനേജർമാർക്ക് കൈക്കൂലി കൊടുക്കുന്നു എന്ന കിംവദന്തികളെ അസംബന്ധം എന്നാണ് കമ്പനിയുടെ പ്രൊമോട്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രമേഷ് കല്യാണരാമൻ വിശേഷിപ്പിച്ചത്. ഡിസംബറിൽ അവസാനിക്കുന്ന പാദത്തിലെ സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കാൻ കമ്പനിയുടെ ബോർഡ് ജനുവരി 30 ന് യോഗം ചേരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

253 കല്യാൺ ജുവലേഴ്‌സ് സ്റ്റോറുകളും 59 കാൻഡിയർ സ്റ്റോറുകളും ഉൾപ്പെടെ 349 ഔട്ട്‌ലെറ്റുകളാണ് ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്കുളളത്. പശ്ചിമേഷ്യയിൽ 36 കല്യാൺ സ്റ്റോറുകളും യു.എസിൽ ഒരു സ്റ്റോറും കമ്പനിക്കുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com