കാന്‍ഡിയറിനെ പൂര്‍ണമായി സ്വന്തമാക്കി കല്യാണ്‍ ജുവലേഴ്‌സ്, മുടക്കിയത്‌ ₹ 42 കോടി

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ കാന്‍ഡിയറിന്റെ (എനോവേറ്റ് ലൈഫ്‌സ്റ്റൈല്‍സ്) 15 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നു. ഇതോടെ കല്യാണിന്റെ പൂര്‍ണ ഉപകമ്പനിയായി കാന്‍ഡിയര്‍ മാറി. കാന്‍ഡിയര്‍ സ്ഥാപകന്‍ രൂപേഷ് ജെയിനില്‍ നിന്നാണ് 42 കോടി രൂപയ്ക്ക് ഓഹരി സ്വന്തമാക്കുന്നത്. 57,320 ഓഹരികളാണ് പുതുതായി ഏറ്റെടുത്തത്. ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കടക്കാനായി 2017ലാണ് കല്യാണ്‍ ജുവലേഴ്‌സ് ഓണ്‍ലൈന്‍ ജുവലറി ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയത്. പിന്നീട് പല ഘട്ടങ്ങളിലായി ഓഹരി ഉയർത്തി 85 ശതമാനം ആക്കുകയായിരുന്നു. 280 കോടി രൂപ മൂല്യം കണക്കാക്കിയായിരുന്നു കാന്‍ഡിയറിന്റെ ഏറ്റെടുക്കല്‍.

വിപുലീകരണത്തിന്

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാന്‍ഡിയറിന്റെ വരുമാനം 130.3 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷവുമായി നോക്കുമ്പോൾ ഇത് കുറവാണ്. കഴിഞ്ഞ വര്‍ഷം 11 ഷോറൂമുകള്‍ കാന്‍ഡിയറിനു കീഴില്‍ തുറന്നിരുന്നു. ഈ വര്‍ഷം 50 കാന്‍ഡിയര്‍ ഷോറൂമുകള്‍ തുറക്കാനാണ് കല്യാണ്‍ ജുവലേഴ്‌സ് ലക്ഷ്യമിടുന്നത്.
ലൈറ്റ്‌വെയിറ്റ്, ഫാഷന്‍ ഫോര്‍വേഡ് ആഭരണങ്ങളിലേക്ക് കൂടി ശ്രദ്ധനല്‍കികൊണ്ട് കാന്‍ഡിയറിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ പറഞ്ഞു.
കല്യാണിന്റെ ലാഭവും ഓഹരിയും
കല്യാണ്‍ ജുവലേഴ്‌സ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 596 കോടിരൂപയാണ് ലാഭം രേഖപ്പെടുത്തിയത്. വിറ്റുവരവ് 18,548 കോടി രൂപയുമായി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് 233 ശതമാനം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്‌സ്. ഇന്ന് ഓഹരി വിപണിയുടെ മൊത്തത്തിലുള്ള ട്രെന്‍ഡിനെ പിന്തുടര്‍ന്ന് കല്യാണ്‍ ഓഹരികളും മൂന്ന് ശതമാനത്തിലധികം ഇടിവിലാണ്. ഇന്നലെയാണ് കാന്‍ഡിയറിന്റെ ശേഷിച്ച ഓഹരികള്‍ കൂടി ഏറ്റെടുത്ത വിവരം കല്യാണ്‍ ജുവലേഴ്‌സ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്.
Related Articles
Next Story
Videos
Share it