കാന്‍കെയര്‍: രോഗീപരിചരണത്തില്‍ മികവിന്റെ കയ്യൊപ്പ്

ഇന്ന് കൊച്ചിയില്‍ വിവിധയിടങ്ങളിലായി 150 കിടക്കകളോടെയുള്ള സംവിധാനങ്ങള്‍ കാന്‍കെയറിനുണ്ട്, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ തുടങ്ങി കേരളത്തില്‍ സാധ്യമായിടത്തേക്കെല്ലാം പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സ്ഥാപനം
Kancare,  Kerala’s leading palliative care provider
Published on

വേദനിക്കുന്നവരിലേക്ക് ഒരു ആശ്വാസമായി ആഴ്ന്നിറങ്ങി, അതില്‍ നിന്ന് ഇന്ന് ഏറെ ആവശ്യമുള്ള ഒരു സേവനരംഗത്ത് വ്യത്യസ്തതയുടെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുകയാണ് കാന്‍കെയര്‍. റേഡിയേഷന്‍ ഓങ്കോളജിസ്റ്റാണ് ഡോ. ബോബി സാറ തോമസ്. അമൃത ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ചെറിയൊരു ഇടവേള എടുത്തു. അക്കാലത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരു പാലിയേറ്റീവ് ട്രെയിനിംഗില്‍ ഡോ. സാറ സംബന്ധിച്ചു. പിന്നീട് തന്റെ ഒഴിവുസമയങ്ങള്‍ പാലിയേറ്റീവ് കെയറിനായി അവര്‍ മാറ്റിവെയ്ക്കാന്‍ തുടങ്ങുകയായിരുന്നു. അങ്ങനെയാണ് കാന്‍കെയറിന് തുടക്കമിടുന്നത്.

ഒരു സുഹൃത്ത് നല്‍കിയ ചെറിയൊരു മുറിയിലാണ് കാക്കനാട് കാന്‍കെയര്‍ ആരംഭിക്കുന്നത്. ഒരു നഴ്സും ഒരു ഡ്രൈവറുമായി വീടുകളിലെത്തി കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിത്തുടങ്ങി. ഒരു വര്‍ഷത്തില്‍ തന്നെ നൂറോളം രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഴിഞ്ഞു. രണ്ടാം വര്‍ഷം അത് 200 ആയി. രോഗം ബാധിച്ച് കിടപ്പിലായവരെ നേരില്‍ കണ്ടപ്പോഴാണ് പാലിയേറ്റീവ് കെയര്‍ രംഗത്തെ പരിതാപകരമായ സാഹചര്യം ഡോ. സാറ നേരിട്ടറിയുന്നത്. കിടപ്പുരോഗികളെ പരിചരിക്കുന്ന പലര്‍ക്കും മതിയായ പരിശീലനവും ലഭിച്ചിട്ടില്ല. ഉത്തരവാദിത്തത്തോടെയുള്ള സേവനങ്ങളുമില്ല.

വീടുകളില്‍ പോയി സേവനം നല്‍കുന്നതിനിടെ ഒരു രോഗിയാണ് ഡോ. സാറയോട് കാന്‍സര്‍ രോഗികളെ പരിചരിക്കാന്‍ ഒരു സെന്റര്‍ തുടങ്ങിയാലെന്താണെന്ന് ചോദിക്കുന്നത്. അങ്ങനെ ഒരു കേന്ദ്രം വന്നാല്‍ അവിടെ വരാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ഐടി പ്രൊഫഷണലായ ജീവിതപങ്കാളിയോട് ഡോ. സാറ ചര്‍ച്ച ചെയ്തു. അങ്ങനെ കാന്‍കെയര്‍ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി തുടങ്ങി. 2018ല്‍ 10 കിടക്കകളോടെയായിരുന്നു അത്. 2019 ഓടെ കിടക്കകളുടെ എണ്ണം 25 ആയി. കോവിഡ് കാലത്തിന് ശേഷം കൂടുതല്‍ ആവശ്യക്കാരുണ്ടായി. കാന്‍കെയറിന്റെ സേവനം തേടിയവര്‍ തന്നെയാണ് മറ്റുള്ളവരോട് സെന്ററിനെ കുറിച്ച് പറഞ്ഞത്. അങ്ങനെ പാലിയേറ്റീവ് കെയര്‍ രംഗത്ത് കാന്‍കെയറിന്റെ ഉയര്‍ന്നനിലവാരം ആളുകള്‍ അറിയാന്‍ തുടങ്ങി. അതോടെ വളര്‍ച്ചയും അനിവാര്യമായി.

ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന് ബാങ്ക് വായ്പ ലഭിക്കാത്തതുകൊണ്ട് 2021ല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. ഇന്ന് കൊച്ചിയില്‍ വിവിധയിടങ്ങളിലായി 150 കിടക്കകളോടെയുള്ള സംവിധാനങ്ങള്‍ കാന്‍കെയറിനുണ്ട്. കാക്കനാട്, കളമശ്ശേരി, എളമക്കര എന്നിവിടങ്ങളിലാണത്. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും രോഗീപരിചരണത്തില്‍ മികച്ച പരിശീലനം ലഭിച്ച ജീവനക്കാരും എല്ലാവരുമടങ്ങുന്ന ഒരു ടീമാണ് കാന്‍കെയറില്‍ സേവന സന്നദ്ധരായുള്ളത്.

നാഴികക്കല്ല്: മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ കേരളത്തില്‍ കൂടിവരികയാണ്. അവര്‍ക്ക് മതിയായ പരിചരണം ലഭ്യമാക്കണം. പ്രൊഫഷണല്‍ സമീപനമുള്ള മികച്ച സെന്ററുകള്‍ ഇവിടെ ആവശ്യമായി വന്നതാണ് വളര്‍ച്ചയില്‍ നാഴികക്കല്ലായത്. ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതും പ്രായാധിക്യമുള്ളവരില്‍ ഡിമന്‍ഷ്യ പോലുള്ളവ വ്യാപകമാകുന്നതും സമൂഹത്തില്‍ ഇത്തരം സെന്ററുകളുടെ പ്രസക്തി കൂട്ടുന്നു.

വ്യത്യസ്തത: കാന്‍കെയറിന്റെ എല്ലാ രംഗത്തും പ്രൊഫഷണല്‍ ടീമാണുള്ളത്. അതുതന്നെയാണ് ഇതിന്റെ സവിശേഷതയും.

വിപുലീകരണ പദ്ധതികള്‍: തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ തുടങ്ങി കേരളത്തില്‍ സാധ്യമായിടത്തേക്കെല്ലാം പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. വിപുലീകരണത്തിനായി പാര്‍ട്ണര്‍ഷിപ്പ്, ഫ്രാഞ്ചൈസി രീതികളും പരിഗണനയിലുണ്ട്.

കാന്‍കെയര്‍ സീനിയര്‍ കെയര്‍

സ്ഥാപിത വര്‍ഷം : 2018

ആസ്ഥാനം : കാക്കനാട്, കൊച്ചി

സ്ഥാപക : ഡോ. ബോബി സാറ തോമസ്

സേവനം : അസിസ്റ്റഡ് ലിവിംഗ്, സീനിയര്‍ കെയര്‍, ഡിമന്‍ഷ്യ കെയര്‍

സെന്ററുകള്‍ എവിടെയൊക്കെ : കൊച്ചിയില്‍ മൂന്നിടത്തായി 150 ബെഡ് കപ്പാസിറ്റി

(Originally published in Dhanam Magazine September 30, 2025 issue.)

Kancare grows from a home-care initiative to Kerala’s leading palliative care provider with expansion plans across the state.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com