കഴുത വളര്‍ത്തലാണ് ഹോബിയും ബിസിനസും! കണ്ണൂരിലെ 22-കാരന്റെ ലാഭം ₹6,000 വിലയുള്ള കഴുതപ്പാല്‍, ട്രെന്‍ഡായി ബ്യൂട്ടി സോപ്പ്

ഐഎസ്ഒ, ജിഎംപി സർട്ടിഫിക്കറ്റുകളോടെയാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ചേർക്കാതെ 'കോൾഡ് പ്രോസസ്' രീതിയിലാണ് സോപ്പ് നിർമ്മാണം; മഞ്ഞൾ, തേൻ, തുളസി, വേപ്പില, കറ്റാർവാഴ, റോസ്മേരി തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഇതിനായി ഉപയോഗിക്കുന്നു
കഴുത വളര്‍ത്തലാണ് ഹോബിയും ബിസിനസും! കണ്ണൂരിലെ 22-കാരന്റെ ലാഭം ₹6,000 വിലയുള്ള കഴുതപ്പാല്‍, ട്രെന്‍ഡായി ബ്യൂട്ടി സോപ്പ്
Published on

പ്രൊഫഷണൽ ജോലികൾ തേടി നഗരങ്ങളിലേക്ക് യുവാക്കള്‍ ചേക്കേറുന്ന ഇന്നത്തെ കാലത്ത്, വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുത്ത് കൃഷിയിലും ബിസിനസിലും വിജയം കൊയ്യുകയാണ് കണ്ണൂർ ജില്ലയിലെ ഒരു 22-കാരൻ. കണ്ണൂർ ചൊക്ലി ഒളവിലം സ്വദേശിയായ യദുകൃഷ്ണ എന്ന യുവാവ് കേരളത്തിൽ അത്ര പരിചിതമല്ലാത്ത കഴുത വളർത്തലിലൂടെയും അതിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചും ശ്രദ്ധേയനാവുകയാണ്. പാലിന് ലിറ്ററിന് 6,000 രൂപ വിലയുള്ള കഴുതകളെ വളർത്തി, അതിൽ നിന്ന് സൗന്ദര്യവർദ്ധക സോപ്പുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന 'മിറക്കിള്‍ ഡോങ്കീസ്' എന്ന സംരംഭമാണ് യദു ആരംഭിച്ചിരിക്കുന്നത്.

തുടക്കം വിദ്യാഭ്യാസത്തിലൂടെ

കൽപ്പറ്റ മുണ്ടേരി വിഎച്ച്എസ്എസ് (VHSS)-ൽ നിന്ന് ലൈവ് സ്റ്റോക്ക് ആൻഡ് ഡയറി ഫാം പഠിച്ചിറങ്ങിയതോടെയാണ് യദുവിന് മൃഗപരിപാലനത്തിൽ ശാസ്ത്രീയമായ അറിവ് ലഭിക്കുന്നത്. മാതാപിതാക്കളായ ബാഷും അമ്മയും കർഷകരായതിനാൽ കൃഷി എന്നത് യദുവിന് പുത്തരിയല്ലായിരുന്നു. വീട്ടിൽ പശു ഫാം ഉണ്ടെങ്കിലും, സാധാരണ പശുവിൻ പാലിനേക്കാൾ മൂല്യമുള്ളതും ഡിമാൻഡ് ഉള്ളതുമായ മറ്റൊന്ന് ചെയ്യണമെന്ന ആഗ്രഹമാണ് കഴുത വളർത്തലിലേക്ക് തന്നെ എത്തിച്ചതെന്ന് യദുകൃഷ്ണ ധനം ഓണ്‍ലൈനോട് പറഞ്ഞു. ഇന്റർനെറ്റിന്റെ സഹായത്തോടെ കൂടുതൽ പഠനങ്ങൾ നടത്തിയ യദു, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ കഴുത ഫാമുകൾ നേരിട്ട് സന്ദർശിച്ചാണ് ഇതിന്റെ പ്രായോഗിക വശങ്ങൾ മനസിലാക്കിയത്.

മിറക്കിള്‍ ഡോങ്കീസ്: മലബാറിലെ ആദ്യ ഫാം

രണ്ട് വർഷം മുൻപ് ഗ്രാമീൺ ബാങ്കിന്റെ സഹായത്തോടെയാണ് യദു 'മിറക്കിള്‍ ഡോങ്കീസ്' എന്ന പേരിൽ തന്റെ ഫാം ആരംഭിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ കഴുത ഫാമാണിത്. കർണാടകയിൽ നിന്നും മറ്റും നോക്കി തിരഞ്ഞെടുത്ത ഒരു ഡസൻ കഴുതകളെയാണ് ആദ്യമായി വാങ്ങിയത്. നിലവിൽ തന്റെ വീടിനോട് ചേർന്ന് തന്നെയാണ് യദു ഈ ഫാം മുന്നോട്ട് കൊണ്ടുപോകുന്നത്. നാടൻ ഇനത്തിൽപ്പെട്ട കഴുതകളെയാണ് വളർത്തുന്നതെന്നും യദു പറഞ്ഞു. ഒരു കഴുതയിൽ നിന്ന് ഒരു ദിവസം 150 മുതൽ 200 മില്ലി ലിറ്റർ പാൽ മാത്രമാണ് ലഭിക്കുന്നത് എന്നത് ഇതിന്റെ വില വർദ്ധിക്കാൻ പ്രധാന കാരണമാണ്.

കഴുതപ്പാലിൽ നിന്ന് ഗുണമേന്മയുള്ള സോപ്പുകൾ

യദു തന്റെ ഫാമിൽ നിന്ന് പാൽ നേരിട്ട് വിൽക്കുന്നില്ല, പകരം ആ പാൽ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള സോപ്പുകൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ആന്റി-ഏജിംഗ് ഗുണങ്ങളും ചർമ്മ രോഗങ്ങൾക്കും അലർജിക്കും പരിഹാരവുമാകുന്ന കഴുതപ്പാലിന്റെ സവിശേഷതകൾ മനസിലാക്കിയാണ് സോപ്പ് നിർമ്മാണത്തിലേക്ക് കടന്നത്.

ഐഎസ്ഒ (ISO), ജിഎംപി (GMP) സർട്ടിഫിക്കറ്റുകളോടെയാണ് ഈ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ചേർക്കാതെ 'കോൾഡ് പ്രോസസ്' രീതിയിലാണ് സോപ്പ് നിർമ്മിക്കുന്നത്. മഞ്ഞൾ, തേൻ, തുളസി, വേപ്പില, കറ്റാർവാഴ, റോസ്മേരി തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഇതിനായി ഉപയോഗിക്കുന്നു. 125 ഗ്രാമിന്റെ ഒരു സോപ്പിന് 600 രൂപയാണ് വിപണി വിലയെങ്കിലും ഇപ്പോൾ 499 രൂപയ്ക്കാണ് ഇത് നൽകുന്നത്.

വിപണിയും വരുമാനവും

വാട്സ്ആപ്പ് (WhatsApp- 7025839663), ഇൻസ്റ്റാഗ്രാം (Instagram- @miracledonkeys_) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രധാനമായും ഓർഡറുകൾ ലഭിക്കുന്നത്. മാസംതോറും മികച്ച രീതിയിൽ സോപ്പുകൾ വിറ്റഴിക്കാൻ യദുവിന് സാധിക്കുന്നുണ്ട്. അച്ഛൻ ബാഷ്, അമ്മ, സഹോദരി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പൂർണ പിന്തുണ ഈ സംരംഭത്തിന് പിന്നിലുണ്ട്. സോപ്പുകൾ കൂടാതെ ലൈസൻസ് നടപടികൾ പൂർത്തിയാകുന്നതോടെ കൂടുതൽ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാനും യദുവിന് പദ്ധതിയുണ്ട്.

പശു വളർത്തലിൽ നിന്ന് മാറി കഴുത വളർത്തലിലൂടെ വിപണിയിലെ പുതിയ സാധ്യതകൾ കണ്ടെത്തിയ യദുവിന്റെ യാത്ര മറ്റു ചെറുപ്പക്കാര്‍ക്ക് മാതൃകയാണ്. 22-ാം വയസ്സിൽ സ്വന്തമായി ഒരു ബ്രാൻഡ് കെട്ടിപ്പടുത്ത ഈ യുവാവ് കേരളത്തിലെ പുതിയ തലമുറയ്ക്ക് പ്രചോദനമാകുകയാണ്. പരമ്പരാഗത തൊഴിലുകൾക്ക് പുറമെ ആധുനിക സാങ്കേതിക വിദ്യയും ശാസ്ത്രീയ പഠനവും സമന്വയിപ്പിച്ചാൽ കൃഷി ലാഭകരമാക്കാം എന്നതിന്റെ ഉദാഹരണമാണ് യദുകൃഷ്ണ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com