കരിപ്പൂരില്‍ റണ്‍വേ നിര്‍മ്മാണം വൈകും; സ്ഥലമേറ്റെടുത്തിട്ടും ടെന്‍ഡറായില്ല

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നീളം കൂട്ടുന്നതിന് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിട്ടും നിര്‍മാണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായില്ല. എയര്‍പോര്‍ട്ട് അതോറിറ്റി റെസയുടെ വിപുലീകരണം, അനുബന്ധപ്രവൃത്തികള്‍, ഡ്രെയ്നേജ് നിര്‍മാണം എന്നിവയ്‌ക്കായി 402.18 കോടിയുടെ പ്രവൃത്തികള്‍ക്കാണ് കഴിഞ്ഞ മാസം ടെന്‍ഡര്‍ ക്ഷണിച്ചത്. 398.20കോടിയുടെ പ്രവൃത്തികളും 3.98 കോടി അനുബന്ധ പ്രവൃത്തികളുമാണ് നിശ്ചയിച്ചത്. രണ്ട് വര്‍ഷത്തിലൊരിക്കലുള്ള അറ്റകുറ്റുപ്പണികളടക്കം പത്ത് വര്‍ഷത്തേക്കാണ് കരാര്‍. വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ടാല്‍ പിടിച്ച് നിര്‍ത്തുന്ന ചതുപ്പ് ഭാഗമാണ് റെസ.

സെപ്റ്റംബര്‍ അഞ്ച് മുതല്‍ 13 വരെയാണ് ക്വട്ടേഷന്‍ സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഈ മാസം 11ന് ടെന്‍ഡര്‍ ഉറപ്പിക്കാനായിട്ടില്ല. രണ്ട് മണ്‍സൂണ്‍ കാലം പരിഗണിച്ച് 19 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ നീളുകയാണെങ്കില്‍ നിര്‍മാണ പ്രവൃത്തികളും വൈകും.

റൺവേ പൂർണമായും ഉപയോഗിക്കാനാകും

റണ്‍വേയുടെ കിഴക്കും പടിഞ്ഞാറും ഭാഗത്തുള്ള അറ്റങ്ങളിലാണ് റെസ നിര്‍മിക്കുന്നത്. 90 മീറ്റര്‍ നീളമുള്ള റെസ 150 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 240 ആക്കി മാറ്റും. നിര്‍മാണം പൂര്‍ത്തിയായാല്‍ 2,860 മീറ്റര്‍ റണ്‍വേ പൂര്‍ണമായും പ്രയോജനപ്പെടുത്താനാകും. വശങ്ങളിലെ ചരിവ് നിലനിര്‍ത്തിയാണ് മണ്ണിട്ട് ഉയര്‍ത്തി റെസ നിര്‍മിക്കുക. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇതോടെ അനുമതി ലഭിക്കും.

നിർമാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സര്‍ക്കാര്‍ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ അളന്ന് തിട്ടപ്പെടുത്തിയ 12.5 ഏക്കറാണ് ഇപ്പോൾ ഏറ്റെടുത്ത് നല്‍കുന്നത്. ഭൂമി വിട്ട് നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കി വരികയാണ്.

Related Articles
Next Story
Videos
Share it