കരുവന്നൂർ തട്ടിപ്പ്: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ പരക്കെ ഇ.ഡി റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അയ്യന്തോള്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, സി.പി.എ നേതാവ് എം.കെ കണ്ണൻ പ്രസിഡന്റായുള്ള തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങി തൃശൂരിലും എറണാകുളത്തുമായി നിരവധി ബാങ്കുകളിലാണ് പരിശോധന. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തലിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ പരിശോധനകള്‍.

കരുവന്നൂരിലെ തട്ടിപ്പു പണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികള്‍ മറ്റ് സര്‍വീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. തട്ടിപ്പു കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ ഏജന്‍സി മരവിപ്പിച്ചിട്ടുണ്ട്. സതീഷ് കുമാറിന്റെയും ബിനാമിയുടേയും വീടുകളിലും തെളിവെടുപ്പ് നടക്കുന്നുണ്ട്.

വിദേശ പണം മാത്രമല്ല, കൈക്കൂലിയും വെളുപ്പിച്ചു

വിദേശത്തു നിന്ന് കള്ളപ്പണം കൊണ്ടു വന്നതു കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടേതുള്‍പ്പെടെയുള്ള കൈക്കൂലി പണവും സഹകരണ ബാങ്കുകള്‍ വഴി സതീഷ് വെളുപ്പിച്ചിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥട്യൂബ് കണ്ടെത്തൽ. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സി.പി.എം ഭരിക്കുന്ന അയ്യന്തോള്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് വഴി മാത്രം 40 കോടി രൂപയോളമാണ് സതീഷ് വെളുപ്പിച്ചത്. സി.പി.എമ്മിനു കീഴിലുള്ള പത്തോളം സഹകരണ ബാങ്കുകള്‍ വഴി ഇടപാട് നടത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം.

സതീഷിന്റെ പേരില്‍ നിക്ഷേപിച്ചിട്ടുള്ള അഞ്ച് അക്കൗണ്ടുകളുടേയും കുടുംബാംഗങ്ങളുടെ പേരില്‍ നിക്ഷേപം നടത്തി പിന്‍വലിച്ച അക്കൗണ്ടുകളുടേയും രേഖകള്‍ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 2013 ഡിസംബര്‍ 12 മുതല്‍ 2023 സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇ.ഡി പുറത്തു വിട്ടിട്ടുണ്ട്.

നിക്ഷേപങ്ങളെല്ലാം തന്നെ പണമായിട്ടായിരുന്നെങ്കിലും മിക്കവയും പിന്‍വലിച്ചിരിക്കുന്നത് മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതിനു ശേഷമാണ്. വിശദമായ റിപ്പോര്‍ട്ട് ഇ.ഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ ഇവ സമര്‍പ്പിച്ചത്.

മഞ്ഞ് മലയുടെ അറ്റം മാത്രം

മുന്‍ സഹകരണമന്ത്രിയും സി.പി.എം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ കരൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബാങ്കില്‍ നിന്ന് നല്‍കിയ ബിനാമി വായ്പയില്‍ പലതും മൊയ്തീന്റെ നിര്‍ദേശ പ്രകാരമാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. മൊയ്തീന്റെ പങ്ക് വ്യക്തമായതോടെ 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും 15 കോടി രൂപ വില വരുന്ന മറ്റ് സ്വത്തുക്കളുടെ ഇടപാടുകളും മരവിപ്പിച്ചു. ഇതിനിടെയാണ് ഇ.ഡിയുടെ പുതിയ നീക്കം.

കേസ് അന്വേഷണത്തിനായി സി.പി.എം നിയമിച്ച അന്വേഷണ കമ്മീഷനില്‍ ഒരു അംഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും അയ്യന്തോള്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഉദ്യോഗസ്ഥയുമാണ്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകളും ഈ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ അനുസരിച്ച് ഇത് വെറും മഞ്ഞ് മലയുടെ അറ്റം മാത്രമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളെന്നുമാണ് കരുതുന്നത്.

Related Articles
Next Story
Videos
Share it