വിറ്റുവരവ് റെക്കോഡില്‍; 1,000 കോടി ലക്ഷ്യത്തിലേക്ക് അടുത്ത് കെല്‍ട്രോണ്‍

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോള്‍ ആയിരം കോടി രൂപ വിറ്റുവരവുള്ള കമ്പനിയെന്ന നേട്ടം സ്വന്തമാക്കാനുള്ള കുതിപ്പില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) വിറ്റുവരവ് 643 കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലെത്തി. 2021-22ല്‍ നേടിയ 520 കോടി രൂപയുടെ റെക്കോഡാണ് തകര്‍ത്തത്. 1,000 കോടി വിറ്റു വരവ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന്റെ ചവിട്ടുപടിയാണ് കെല്‍ട്രോണിന്റെ ഈ നേട്ടം. പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 469.82 കോടിയായിരുന്നു വിറ്റുവരവ്.

മൊത്തം വിറ്റുവരവില്‍ 100 കോടിയോളം രൂപ ഇന്ത്യന്‍ നാവികസേനയ്ക്കും എന്‍.പി.ഒ.എല്ലിനും വേണ്ടി ഡിഫന്‍സ് ഇലക്ട്രോണിക്‌സ് മേഖലയിലേക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായിട്ടുള്ളതാണ്. ഐ.ടി അനുബന്ധ ബിസിനസ് സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങളിലെ 249 കോടി രൂപയും സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്ന പദ്ധതിക്കുള്ള 143 കോടി രൂപയും കൂടാതെ കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍, ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് വേണ്ടിയുള്ള പവര്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, ഐ.എസ്.ആര്‍.ഒയ്ക്ക് വേണ്ടിയുള്ള ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിറ്റ് വരവില്‍ പ്രതിഫലിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 34 കോടി രൂപയായിരുന്നു കെല്‍ട്രോണിന്റെ ലാഭം. അതിനു തൊട്ട് മുന്‍ വര്‍ഷം 17 കോടി രൂപയും. 2023-24ലെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

ഉപകമ്പനികളും മികവോടെ
നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് കെല്‍ട്രോണ്‍ മികച്ച ബിസിനസ് നേട്ടം ഉണ്ടാക്കിയത്.
ഉപകമ്പനികളായ കണ്ണൂരിലെ കെ.സി.സി.എല്‍ (104 കോടി രൂപ), മലപ്പുറത്തെ കെ.ഇ.സി.എല്‍ (30 കോടി രൂപ) എന്നിവ ഉള്‍പ്പെടെ കെല്‍ട്രോണ്‍ ഗ്രൂപ്പ് കമ്പനികള്‍ 777 കോടി രൂപയുടെ വിറ്റുരവും 59 കോടി രൂപ പ്രവര്‍ത്തന ലാഭവുമുണ്ടാക്കിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവായ 582 കോടി രൂപയില്‍
നിന്ന്
33 ശതമാനം വര്‍ധന നേടിയെടുക്കാന്‍ കെല്‍ട്രോണ്‍ ഗ്രൂപ്പിന് ഈ വര്‍ഷം സാധിച്ചു.
ലക്ഷ്യത്തിലേക്ക് അതിവേഗം
വ്യവസായ വകുപ്പിന് കെല്‍ട്രോണ്‍ സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 2026ല്‍ 1,000 കോടി രൂപയുടെ വിറ്റുവരവും 2030ഓടെ 2,000 കോടിയുടെ വിറ്റുവരവുമുള്ള സ്ഥാപനമായി കെല്‍ട്രോണിനെ വളര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഓര്‍ഡറും ഡിഫന്‍സ്, ഐ.ടി, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് മേഖലയില്‍ നിന്ന് പ്രതീക്കുന്ന ഓര്‍ഡറുകളും ലഭിക്കുന്നതോടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 1,000 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ് നേടാനായേക്കുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ 1,600 കോടി രൂപയുടെ ഓര്‍ഡറുകള്‍ കെല്‍ട്രോണ്‍ നേടിയിട്ടുണ്ട്.
തിരിച്ചുവരവ്
1973ല്‍ ആരംഭിച്ച കെല്‍ട്രോണ്‍ പ്രവര്‍ത്തന ചരിത്രത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ വലിയ മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഇടക്കാലത്ത് പിന്നോട്ട് പോയിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചു വരവിന്റെ പാതയിലാണ്. ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി 41 ഇലക്ട്രോണിക്‌സ് മൊഡ്യൂള്‍ പാക്കേജുകള്‍ നിര്‍മിച്ചു നല്‍കിയത് കെല്‍ട്രോണാണ്. കൂടാതെ ജി.എസ്‌.എല്‍.വി എഫ്12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്‌സ് മൊഡ്യൂള്‍ പാക്കേജുകളും നല്‍കിയിട്ടുണ്ട്.
റോഡ് സുരക്ഷാ മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ കെല്‍ട്രോണ്‍ നിര്‍വഹിക്കുന്നുണ്ട്. ട്രാഫിക് സംവിധാനം, സര്‍വൈലന്‍സ് ക്യാമറ സിസ്റ്റം, നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീഡ് ഡിറ്റക്ഷന്‍, റെഡ്‌ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറ സിസ്റ്റം എന്നിവയാണ് ഇതില്‍ പ്രധാനം. ഒഡീഷയില്‍ നിന്ന് സ്‌കൂളുകള്‍ക്ക് ഹൈടെക് ക്ലാസ്‌റൂമുകള്‍ നിര്‍മിച്ച് നല്‍കാനായി 164 കോടി രൂപയുടെ ഓര്‍ഡറും അടുത്തിടെ നേടിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it