Begin typing your search above and press return to search.
ബാങ്ക് വായ്പ ഉപയോഗിച്ചുള്ള സംരംഭങ്ങളില്‍ കേരളം വളരെ പിന്നില്‍
ബാങ്കുകളുടെ സഹായത്തോടെയുള്ള (bank-assisted investment) പുതിയ നിക്ഷേപങ്ങള്‍ നേടുന്നതില്‍ കേരളം പിന്നിലെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. 2022-23 കാലയളവില്‍ ബാങ്കുകളില്‍ നിന്ന് നിക്ഷേപം സമാഹരിച്ച സംസ്ഥാനങ്ങളില്‍ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് കേരളം.
വിവിധ സംസ്ഥാനങ്ങളിലായി 3.52 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം ഇക്കാലയളവില്‍ എത്തിയിട്ടുണ്ട്. 2014-15 കാലയളവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. മൊത്തം നിക്ഷേപത്തില്‍ 79.50 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്.
ബാങ്കുകളുടെ സഹായം, സ്വകാര്യ ഫണ്ട് സമാഹരണം, വിദേശ വായ്പകള്‍ എന്നിവ ഉള്‍പ്പെടെയാണിത്. പലിശ നിരക്ക് ഉയര്‍ന്നിരുന്ന കാലയളവിലാണ് ഇത്രയും നിക്ഷേപമെന്നതാണ് ശ്രദ്ധേയം.
കേരളത്തിന് ലഭിച്ചത് 0.9% മാത്രം
മൊത്തം നിക്ഷേപ പദ്ധതികളില്‍ 57.2 ശതമാനവും (2.01 ലക്ഷം കോടി രൂപ) യു.പി, മഹാരാഷ്ട്ര, ഒഡിഷ, കര്‍ണാടക, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നടന്നിരിക്കുന്നത്. കേരളം, ഗോവ അസം എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം (2,399 കോടി രൂപ) മാത്രമാണ് കേരളത്തിന് ലഭിച്ചത്. കേരളത്തില്‍ വരുന്നതില്‍ കൂടുതലും ചെറിയ നിക്ഷേപങ്ങളാണെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
മുന്നിൽ യു.പി
നിക്ഷേപ പദ്ധതികളുടെ 16.2 ശതമാനവും നേടിയത് ഉത്തര്‍പ്രദേശാണ്. 43.180 കോടി രൂപയുടെ നിക്ഷേപമാണ് യു.പി നേടിയത്. ഗുജാറാത്ത് 14 ശതമാനം, ഒഡീഷ 11.8 ശതമാനം, മഹാരാഷ്ട്ര 7.9 ശതമാനം, കര്‍ണാടക 7.3ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ കണക്ക്. അസമിന് 0.7 ശതമാനവും ഗോവയ്ക്ക് 0.8 ശതമാനവും ലഭിച്ചു.
547 പദ്ധതികള്‍ക്കായി ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഇക്കാലയളവില്‍ 2,66 ലക്ഷം കോടിയുടെ സാമ്പത്തിക സഹായം ലഭിച്ചു. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം 1,41 ലക്ഷം കോടി രൂപയുടെ 401 പദ്ധതികള്‍ക്കായിരുന്നു ധനസഹായം ലഭിച്ചത്. 87.7 ശതമാനം വര്‍ധനയുണ്ട്.മൊത്തം 3,52,624 കോടി രൂപയുടെ 982 പദ്ധതികള്‍ക്ക് മൂലധനം ലഭിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തിലിത് 1,96,445 കോടി രൂപയായിരുന്നു.
Next Story