സിംഗപ്പൂര്‍ കമ്പനിയുടെ നിയന്ത്രണം പിടിച്ച് കേരള ആയുര്‍വേദ, ചാഞ്ചാട്ടത്തില്‍ ഓഹരി

ആലുവ ആസ്ഥാനമായ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണ കമ്പനിയായ കേരള ആയുര്‍വേദ സിംഗപ്പൂര്‍ ആസ്ഥാനമായ ഒ.എം വേദിക് ഹെറിറ്റേജ് സെന്ററിന്റെ (OM Vedic Heritage Centre PTE. Limited/OVHPL) നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കി. പൂര്‍ണമായും കാഷ് ഇടപാട് വഴിയാണ് 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.

ആയുര്‍വേദ മരുന്നുകളുടെ ഉത്പാദനവും ആയുര്‍വേദ തെറാപ്പികളും നടത്തി വരുന്ന സ്ഥാപനമാണിത്. ഏകദേശം 5.80 കോടി രൂപയാണ് (9.16 സിംഗപ്പൂര്‍ ഡോളര്‍) 2022-23 സാമ്പത്തിക വര്‍ഷം ഒ.എം വേദിക് ഹെറിറ്റേജിന്റെ വിറ്റുവരവ്. 2022 സാമ്പത്തിക വര്‍ഷത്തിലിത് 5.78 കോടിയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 5.97 കോടിയുമായിരുന്നു ഇത്.
കേരള ആയുര്‍വേദയുടെ ഉത്പന്ന ശ്രേണി വിപുലപ്പെടുത്താനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ലക്ഷ്യമിട്ടാണ് ഏറ്റെടുക്കല്‍. കൂടാതെ സിംഗപ്പൂരിലേക്ക് പ്രവര്‍ത്തന വിപുലീകരിക്കാനും ഏറ്റെടുക്കല്‍ സഹായകമാകും.
ഒ.വി.എച്ച്.പി.എല്ലിന്റെ ഓഹരിയുടമയായ ഷൈലജ സുരേഷ് കുമാറില്‍ നിന്നാണ് മൊത്തം 51,000 ഇക്വിറ്റി ഓഹരികള്‍ കേരള ആയുര്‍വേദ ഏകദേശം 1.77 കോടി രൂപയ്ക്ക് (2.80 ലക്ഷം സിംഗപ്പൂര്‍ ഡോളര്‍) സ്വന്തമാക്കിയത്.
ഓഹരികൾ ചാഞ്ചാട്ടത്തിൽ
കേരള ആയുര്‍വേദ ഓഹരികളിന്ന് മൂന്ന് ശതമാനത്തോളം ഉയര്‍ന്നിരുന്നങ്കിലും പിന്നീട് നേട്ടം കുറച്ചു. നിലവില്‍ 0.95 ശതമാനത്തിന്റെ നേരിയ നേട്ടത്തോടെ 314.10 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം ഇതുവരെ 19 ശതമാനമാണ് ഓഹരിയുടെ നേട്ടം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 153 ശതമാനവും നേട്ടം നല്‍കിയിട്ടുണ്ട്.

കേരള ആയുര്‍വേദയുടെ മുഖ്യ ഓഹരി ഉടമകളായ മൗറീഷ്യസ് കമ്പനിയായ കട്ര ഹോള്‍ഡിംഗ്‌സ് ലിക്വിഡേഷന്‍ നടപടികള്‍ നേരിടുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നത് ഓഹരികളില്‍ തുടര്‍ച്ചയായ ഇടിവിന് വഴിവെച്ചിരുന്നു. പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജറും നിക്ഷപകനുമായ പൊറിഞ്ചു വെളിയത്തിന് അടക്കം ഓഹരിയുള്ള സ്ഥാപനമാണ് കേരള ആയുര്‍വേദ.

Related Articles
Next Story
Videos
Share it