കേരള ആയുര്‍വേദ ലിമിറ്റഡിന് വരുമാനത്തില്‍ 22% വളര്‍ച്ച, പുതിയ ലക്ഷ്യങ്ങളുമായി 'വിഷന്‍ 2030'

കമ്പനിയുടെ ആകെ വരുമാനം 145.4 കോടി രൂപയായി ഉയര്‍ന്നു
Kerala Ayurveda Building
Kerala Ayurveda
Published on

പ്രമുഖ ആയുര്‍വേദ ബ്രാന്‍ഡായ കേരള ആയുര്‍വേദ ലിമിറ്റഡ് (KAL) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് (FY 25) 2026 സാമ്പത്തിക വര്‍ഷത്തില്‍ 22% വളര്‍ച്ച കൈവരിച്ചു. നിര്‍ത്തലാക്കിയ ബിസിനസ് ലൈനുകള്‍ ഒഴിവാക്കിയുള്ള കണക്കാണിത്. ഇക്കാലയളവില്‍ കമ്പനിയുടെ ആകെ വരുമാനം 145.4 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ ഇ-പ്രൊഡക്റ്റ് (E-Product) ബിസിനസിലുണ്ടായ ശക്തമായ വളര്‍ച്ചയുടെ കരുത്തില്‍ കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ ബിസിനസ് ആദ്യമായി 100 കോടി രൂപ കടന്നു എന്ന ചരിത്രനേട്ടവും ഇതോടൊപ്പം സ്വന്തമാക്കി.

കമ്പനിയുടെ ആകെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19% വളര്‍ച്ചയോടെ 145.4 കോടി രൂപ രൂപയായി. (നുട്രാവേദ (Nutraveda) ബിസിനസ് ഒഴിവാക്കിയാല്‍ 22% വളര്‍ച്ച). സ്റ്റാന്‍ഡ്എലോണ്‍ വരുമാനം 32.8% വളര്‍ച്ചയോടെ 103.42 കോടി രൂപയായി. ആദ്യമായാണ് 100 കോടി കടക്കുന്നത്.

നികുതിക്ക് മുന്‍പുള്ള നഷ്ടം (PBT) 16.4 കോടി രൂപയാണ്. അറ്റനഷ്ടം (PAT) 16.3 കോടി രൂപ. പ്രവര്‍ത്തന മൂലധനത്തിനായി കൂടുതല്‍ വായ്പകള്‍ എടുത്തതിലൂടെ പലിശയിനത്തിലുണ്ടായ ചെലവുകളാണ് നഷ്ടം വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. എങ്കിലും, ഉല്‍പ്പാദന വിപണന മേഖലകളിലും സാങ്കേതികവിദ്യയിലും കമ്പനി നടത്തുന്ന നിക്ഷേപങ്ങള്‍ വരും വര്‍ഷങ്ങളില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ബിസിനസ് സെഗ്മെന്റുകളുടെ പ്രകടനം

വിവിധ ബിസിനസ് മേഖലകളില്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. ഗ്ലോബല്‍ ഇ-പ്രൊഡക്റ്റ്‌സ് 37% വളര്‍ച്ച രേഖപ്പെടുത്തി, 22.91 കോടി രൂപയുടെ വരുമാനം നേടി. ഇന്ത്യയിലെ ഡി2സി (D2C) ബിസിനസ് 270 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചു. ആമസോണ്‍ യുഎസ് 88% വളര്‍ച്ച നേടി. സിംഗപ്പൂര്‍ ബിസിനസ്സ് പോര്‍ട്ട്ഫോളിയോയിലേക്ക് ചേര്‍ത്തതും ആയുര്‍വേദഗ്രാം റിസോര്‍ട്ടിലെ മികച്ച ബുക്കിംഗും വഴി ഗ്ലോബല്‍ ഹെല്‍ത്ത് സര്‍വീസസ് 29% വളര്‍ച്ചയോടെ 40.45 കോടി രൂപ വരുമാനം നേടി. യു.എസ് അക്കാദമി & വെല്‍നസ് സെന്ററിന് 16% വളര്‍ച്ചയോടെ 29.54 കോടി രൂപ നേടാന്‍ സാധിച്ചു.

തന്ത്രപരമായ ലയനവും വിപുലീകരണവും

ബെംഗളൂരുവിലുള്ള മുന്‍നിര റിസോര്‍ട്ടായ 'ആയുര്‍വേദഗ്രാം' (Ayurvedagram)-ന്റെ അവശേഷിച്ച 26% ഓഹരികള്‍ കൂടി ഏറ്റെടുത്തുകൊണ്ട് കേരള ആയുര്‍വേദ ലിമിറ്റഡ് പൂര്‍ണമായി സ്വന്തമാക്കി. ഈ പൂര്‍ണ ലയനത്തിലൂടെ ഹെല്‍ത്ത് സര്‍വീസ് ബിസിനസില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും സാമ്പത്തിക ലാഭവും കൈവരിക്കാന്‍ കമ്പനിക്ക് സാധിക്കും.

1,000 കോടി വരുമാന ലക്ഷ്യവുമായി വിഷന്‍ 2030

2027 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന വരുമാനത്തില്‍ 50% വളര്‍ച്ചയോടെ ആകെ വരുമാനം 200 കോടി രൂപയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ ഗ്ലോബല്‍ ഇ-പ്രൊഡക്റ്റ് ബിസിനസ് മാത്രം 130% വളര്‍ച്ചയോടെ 53 കോടി രൂപ നേടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കൂടാതെ, വിപണന രംഗത്ത് മൂന്നിരട്ടി നിക്ഷേപം നടത്തുന്നുണ്ടെങ്കിലും 2027 ജനുവരിയോടെ പ്രവര്‍ത്തന ബ്രേക്ക്-ഈവന്‍ (Operating break-even) കൈവരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാനേജ്‌മെന്റ്.

കമ്പനിയുടെ ദീര്‍ഘകാല പദ്ധതിയായ 'വിഷന്‍ 2030' ലൂടെ 2030 ഓടെ വരുമാനം 1,000 കോടി രൂപയായി ഉയര്‍ത്താനാണ് കേരള ആയുര്‍വേദ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ഇതിനായി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ടാലന്റ് ഹയറിംഗ്, ഇ-കോമേഴ്‌സ്, സാങ്കേതികവിദ്യ (AI, ERP), ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കായി 200 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Kerala Ayurveda Limited reported 22% revenue growth in FY26 and unveiled its Vision 2030 strategy targeting ₹1,000 crore revenue through global expansion and digital investments.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com