കാട്രയുടെ 'ന്യൂട്രാവേദ'യെ കേരള ആയുര്‍വേദ ഏറ്റെടുക്കുന്നു

ആലുവ ആസ്ഥാനമായുള്ള പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മ്മാണക്കമ്പനിയായ കേരള ആയുര്‍വേദ (Kerala Ayurveda Ltd) ബംഗളൂരു ആസ്ഥാനമായുള്ള കാട്രാ ഫിറ്റോകെമിന്റെ (Katra Phytochem India-KPIPL) ന്യൂട്രാസ്യൂട്ടിക്കല്‍ വിഭാഗമായ ന്യൂട്രാവേദയെ (Nutraveda) ഏറ്റെടുക്കുന്നു. ഒരാഴ്ചയ്ക്കകം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് സ്റ്റോക്ക് എക്സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കേരള ആയുര്‍വേദ വ്യക്തമാക്കി.

ഒറ്റ പ്രമോട്ടര്‍, ഇത് ആഭ്യന്തര കാര്യം
2005ല്‍ കേരള ആയുര്‍വേദയും കാട്രാ ഗ്രൂപ്പും തമ്മില്‍ ലയിച്ചിരുന്നു. നിലവില്‍ ഇരു കമ്പനികളും കാട്രാ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്ന ഒറ്റ പ്രമോട്ടറുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, കാട്രയുടെ ന്യൂട്രാവേദ ബിസിനസ് ഏറ്റെടുക്കുന്നത് ആഭ്യന്തര ഇടപാട് മാത്രമാണ്.
കേരള ആയുര്‍വേദയിലൂടെ ഉപയോക്താക്കളിലേക്ക്
ബംഗളൂരുവില്‍ നിര്‍മ്മാണശാലയുള്ള വിഭാഗമാണ് ന്യൂട്രാവേദ. 2022-23ല്‍ ന്യൂട്രാവേദ 4.17 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. 2019-20ല്‍ വിറ്റുവരവ് 57.34 ലക്ഷം രൂപയായിരുന്നു.
കേരള ആയുര്‍വേദയുടെ വിതരണശൃംഖല ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി വിപണി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ഏറ്റെടുക്കല്‍ തീരുമാനം. ഫെര്‍ട്ടിലിറ്റി കെയര്‍, ജനറല്‍ ഹെല്‍ത്ത്, പീഡിയാട്രിക് കെയര്‍ മരുന്നുകളാണ് ന്യൂട്രാവേദയ്ക്കുള്ളത്. ഓഹരി കൈമാറ്റമല്ല, പ്രവര്‍ത്തനം കൈമാറുകയാണ് ചെയ്യുന്നതിനാല്‍ ഏറ്റെടുക്കലില്‍ പണമിടപാടുകളുമില്ല.

കേരള ആയുർവേദയ്ക്ക് നൽകുന്ന ന്യൂട്രാവേദ ഉത്പന്നങ്ങൾക്കുമേൽ കാട്രാ 10 ശതമാനം അധികനിരക്ക് (പ്രീമിയം)​ ഈടാക്കും. ന്യൂട്രാവേദയുടെ ട്രേഡ്മാർക്ക് അവകാശം കാട്രായ്ക്ക് തന്നെയായിരിക്കുമെങ്കിലും കേരള ആയുർവേദയ്ക്ക് അതുപയോഗിക്കാൻ അനുവാദവും നൽകും

കേരള ആയുര്‍വേദ
1945ല്‍ കേരള ഫാര്‍മസി എന്ന പേരില്‍ ആലുവയില്‍ പിറന്ന കമ്പനിയാണ് പിന്നീട് കേരള ആയുര്‍വേദയായി മാറിയത്. നിലവില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് കീഴില്‍ റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാഡമികള്‍ തുടങ്ങിയവയുണ്ട്. എറണാകുളത്തിന് പുറമേ ബംഗളൂരുവിലും ബാലിയിലുമാണ് റിസോര്‍ട്ടുകള്‍. അമേരിക്കയിലും കമ്പനിയുടെ സേവനമുണ്ടെന്ന് കേരള ആയുര്‍വേദയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2022-23ല്‍ 93.70 കോടി രൂപയുടെ സംയോജിത വരുമാനവും 3.07 കോടി രൂപയുടെ സംയോജിത ലാഭവും കേരള ആയുര്‍വേദ നേടിയിരുന്നു.
ഓഹരി വിപണയില്‍ ഇപ്പോള്‍ 1.05 ശതമാനം നേട്ടത്തോടെ 106.65 രൂപയിലാണ് കേരള ആയുര്‍വേദ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.


Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it