₹1,000 കോടി വരുമാനം ലക്ഷ്യമിട്ട് കേരള ആയുര്‍വേദയുടെ 'വിഷന്‍ 2030', മൂന്നാം പാദത്തില്‍ വരുമാനം ഉയര്‍ന്നു, നഷ്ടം കൂടി, ഓഹരി ഇടിവില്‍

ആയുര്‍വേദ രംഗത്ത് കേരളത്തില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രധാന സ്ഥാപനങ്ങളിലൊന്നാണ് കേരള ആയുര്‍വേദ
Kerala Ayurveda Building
Kerala Ayurveda
Published on

കേരളത്തിന്റെ തനത് ആയുര്‍വേദ ചികിത്സാ രീതിക്കും ഉല്‍പ്പന്നങ്ങള്‍ക്കും ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കാനായി വന്‍ പദ്ധതിയുമായി കേരള ആയുര്‍വേദ ലിമിറ്റഡ്. 2030 ഓടെ കമ്പനിയുടെ വരുമാനം 1,000 കോടി രൂപയായി ഉയര്‍ത്തുന്നതിനുള്ള 'വിഷന്‍ 2030' പദ്ധതിക്കാണ് കമ്പനി രൂപം നല്‍കിയിരിക്കുന്നത്.

ആയുര്‍വേദ രംഗത്ത് കേരളത്തില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രധാന സ്ഥാപനങ്ങളിലൊന്നാണ് കേരള ആയുര്‍വേദ.

ആഗോള കുതിപ്പിന്

കമ്പനി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഗവേഷണത്തിലും ഉല്‍പ്പന്ന വികസനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിപുലീകരണമാണ് 'വിഷന്‍ 2030' ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക വളര്‍ച്ചയുടെ പല മടങ്ങ് വര്‍ധനവാണ് ഈ ലക്ഷ്യം നേടുന്നതിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്.

പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചും നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങളുടെ ശൃംഖല വികസിപ്പിച്ചുമാണ് വരുമാനം വര്‍ധിപ്പിക്കുക. ഇന്ത്യക്ക് പുറമെ, യൂറോപ്പ്, യു.എസ്. അടക്കമുള്ള പ്രധാന അന്താരാഷ്ട്ര വിപണികളില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നു.

രണ്ടാം പാദത്തില്‍ 6.35 കോടി നഷ്ടം

2025-26 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ കേരള ആയുര്‍വേദ 6.35 കോടി രൂപയുടെ സംയോജിത നഷ്ടം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ നഷ്ടം 4.01 കോടി രൂപയായിരുന്നു. അതേസമയം നടപ്പു വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 2.02 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. വിപുലീകരണവുമായി ബന്ധപ്പെട്ട ചെലവുകളിലെ വര്‍ധനയാണ് നഷ്ടം വര്‍ധിപ്പിച്ചത്.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 31.05 കോടി രൂപയില്‍ നിന്ന് 17.7 ശതമാനം വര്‍ധനയോടെ 36.54 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ വരുമാനം 38 കോടി രൂപയായിരുന്നു.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറു മാസക്കാലയളവില്‍ കമ്പനി 74.62 കോടി രൂപയുടെ വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധനയുണ്ട്. 30 ശതമാനം വളര്‍ച്ചയോടെ നടപ്പു സാമ്പത്തിക വര്‍ഷം 160 കോടി രൂപയുടെ വരുമാനം നേടാനാണ് കേരള ആയുര്‍വേദ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഇ-കൊമേഴ്സ് ബിസിനസ് 50 ശതമാനത്തില്‍ അധികം വളര്‍ച്ച രേഖപ്പെടുത്തിയതാണ് വരുമാന വളര്‍ച്ചയ്ക്ക് സഹായകമായത്. സ്വന്തം വെബ്‌സൈറ്റ് വഴിയുള്ള ഡയറക്ട്-ടു-കണ്‍സ്യൂമര്‍ (D2C) ബിസിനസ് 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 3 മടങ്ങ് വര്‍ധിച്ചു. കൂടാതെ, യുഎസിലെ വെല്‍നസ് സെന്റര്‍ ബിസിനസ് 82 ശതമാന വളര്‍ച്ച കൈവരിച്ചതും സിംഗപ്പൂര്‍ ക്ലിനിക്കുകളുടെ കൂട്ടിച്ചേര്‍ക്കലും വളര്‍ച്ചയില്‍ നിര്‍ണായകമായി.

ഓഹരി ഇടിവില്‍

ഇന്നലെയാണ് കമ്പനി രണ്ടാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചത്. രണ്ട് ശതമാനത്തോളം ഉയര്‍ന്ന് ഇന്നലെ വ്യാപാരം അവസാനിച്ച ഓഹരികള്‍ നിലവില്‍ നേരിയ നേട്ടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 37 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരി ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 11 ശതമാനം ഇടിവിലാണ്. പ്രമുഖ വാല്യു ഇന്‍വെസ്റ്ററായ പൊറിഞ്ചു വെളിയത്തിന് അടക്കം നിക്ഷേപമുള്ള കമ്പനിയാണ് കേരള ആയുര്‍വേദ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com