സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാകും കേരള ബാങ്ക് :മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാകും കേരള ബാങ്ക് :മുഖ്യമന്ത്രി
Published on

കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരത്ത് കേരള ബാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള ബാങ്ക് വഴിയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വന്തം ധനകാര്യ സ്ഥാപനമായി സഹകരണ സ്ഥാപനങ്ങള്‍ മാറണം.  ബാങ്കില്‍ നിന്ന് മാറി നില്‍ക്കുന്ന മലപ്പുറം ബാങ്കുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. എന്നാല്‍ മലപ്പുറം ബാങ്കും ചില പ്രാഥമികസഹകരണസംഘങ്ങളും ഹൈക്കോടതിയെ സമീപിച്ചു. കേസുകള്‍ കോടതി തള്ളിയതോടെയാണ് ബാങ്ക് രൂപീകരിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇല്ലാതായി. സഹകരണവകുപ്പ് സെക്രട്ടറി , ധന റിസോഴ്‌സ് സെക്രട്ടറി, സംസ്ഥാന സഹകരണബാങ്ക് എം ഡി എന്നിവരടങ്ങിയ ഇടക്കാല ഭരണ സമിതിക്കായിരിക്കും ഇനി ഭരണം.

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്.ബി.റ്റി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുമായി ലയിച്ചതിനു പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. സംസ്ഥാന സഹകരണ ബാങ്കില്‍ 7000 കോടി രൂപയും ജില്ലാ ബാങ്കുകളില്‍ 47047 കോടി രൂപയും നിക്ഷേപവുമുണ്ട്. എസ്.ബി.ഐ രാജ്യത്തെ ഒന്നാംനിര പൊതുമേഖലാ ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ലഭിക്കില്ലെന്ന വാദമുയര്‍ത്തിയാണ് കേരള ബാങ്ക് രൂപീകരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com