

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (Q1 FY27) മികച്ച ബിസിനസ് വളര്‍ച്ചയുമായി കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കുകള്‍. സൗത്ത് ഇന്ത്യന്‍ ബാങ്ക് (SIB), സിഎസ്ബി ബാങ്ക് (CSB), ധനലക്ഷ്മി ബാങ്ക്, ഇസാഫ് (ESAF) സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 2026 ജൂണ്‍ 30-ന് അവസാനിച്ച ആദ്യ പാദത്തിലെ താല്‍ക്കാലിക ബിസിനസ് കണക്കുകള്‍ പുറത്തുവിട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തെക്കാളും (Q4 FY26) മുന്‍വര്‍ഷത്തെ സമാന പാദത്തെക്കാളും (Q1 FY26) നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച വര്‍ധനയാണ് ബാങ്കുകള്‍ രേഖപ്പെടുത്തിയത്.
കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ കാര്യത്തില്‍ ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു മുന്നേറുകയാണ്.
2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ ആകെ വായ്പകള്‍ 1,04,366 കോടി രൂപയായി വര്‍ധിച്ചു. തൊട്ടുമുന്‍പത്തെ പാദത്തില്‍ (2026 മാര്‍ച്ച് 31) ഇത് 1,00,274 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 89,198 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 17.01% വര്‍ധനയാണിത്.
ബാങ്കിന്റെ ആകെ നിക്ഷേപം മുന്‍ പാദത്തിലെ 1,23,346 കോടി രൂപയില്‍ നിന്ന് 1,25,786 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെക്കാള്‍ 11.39% വര്‍ധന.
ബാങ്കിന്റെ കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് (CASA) നിക്ഷേപങ്ങള്‍ മുന്‍ പാദത്തിലെ 39,621 കോടി രൂപയില്‍ നിന്ന് 41,493 കോടി രൂപയായി. കാസ റേഷ്യോ 32.12% ല്‍ നിന്ന് 32.99% ആയി ഉയര്‍ന്നു.
സ്വര്‍ണപ്പണയ വായ്പകളില്‍ വന്‍ മുന്നേറ്റവുമായി തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക്.
ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പകള്‍ മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 14,928 കോടി രൂപയില്‍ നിന്ന് 47% വര്‍ധനയോടെ 21,906 കോടി രൂപയിലെത്തി. മുന്‍ പാദത്തില്‍ ഇത് 21,567 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്തം വായ്പകള്‍ മുന്‍ പാദത്തിലെ 40,359 കോടി രൂപയില്‍ നിന്ന് 40,866 കോടി രൂപയായി.
മൊത്തം നിക്ഷേപം മുന്‍ പാദത്തിലെ 44,246 കോടി രൂപയില്‍ 45,415 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 26% വര്‍ധനയാണ് നിക്ഷേപത്തിലുണ്ടായത്. ടേം ഡിപ്പോസിറ്റുകള്‍ 36,600 കോടി രൂപയായി ഉയര്‍ന്നു.
ധനലക്ഷ്മി ബാങ്കും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബിസിനസ് വളര്‍ച്ച നിലനിര്‍ത്തി.
ബാങ്കിന്റെ ആകെ ബിസിനസ് മുന്‍ പാദത്തിലെ 33,772 കോടി രൂപയില്‍ നിന്ന് 35,188 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21.12 ശതമാനമാണ് വളര്‍ച്ച.
ബാങ്കിന്റെ മൊത്തം നിക്ഷേപം മുന്‍ പാദത്തിലെ 18,643 കോടി രൂപയില്‍ നിന്ന് 19,403 കോടി രൂപയായി ഉയര്‍ന്നു. കാസ നിക്ഷേപങ്ങള്‍ 5,589 കോടി രൂപയാണ്.
ബാങ്കിന്റെ മൊത്തം വായ്പകള്‍ 15,129 കോടി രൂപയില്‍ നിന്ന് 15,785 കോടി രൂപയായി. ഇതില്‍ സ്വര്‍ണ വായ്പകള്‍ മുന്‍ പാദത്തിലെ 6,512 കോടി രൂപയില്‍ നിന്ന് 7,105 കോടി രൂപയായി വര്‍ധിച്ചു. എംഎസ്എംഇ (MSME) വായ്പകള്‍ 2,250 കോടി രൂപയായിട്ടുണ്ട്.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ഉപഭോക്തൃ അടിത്തറ 1.04 കോടിയായി ഉയര്‍ത്തി ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പാദത്തില്‍ മാത്രം 1.86 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബാങ്ക് ചേര്‍ത്തത്.
ബാങ്കിന്റെ ആകെ ബിസിനസ് 51,141 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം മുന്‍ പാദത്തിലെ 25,850 കോടി രൂപയില്‍ നിന്ന് 4.16% വര്‍ധനയോടെ 26,925 കോടി രൂപയായി. ടേം ഡിപ്പോസിറ്റുകള്‍ 20,627 കോടി രൂപയും കാസ നിക്ഷേപങ്ങള്‍ 6,298 കോടി രൂപയുമാണ്.
മൊത്തം വായ്പകള്‍ (Gross Advances) മുന്‍ പാദത്തിലെ 22,426 കോടി രൂപയില്‍ നിന്ന് 23,216 കോടി രൂപയായി വര്‍ധിച്ചു. മൈക്രോ ലോണുകള്‍ 8,733 കോടി രൂപയും റീറ്റെയ്ല്‍ മറ്റ് വായ്പകള്‍ 14,483 കോടി രൂപയുമാണ്. ബാങ്കിന്റെ വിതരണ ശൃംഖല ഇപ്പോള്‍ 24 സംസ്ഥാനങ്ങളിലായി 821 ബ്രാഞ്ചുകളിലെത്തി നില്‍ക്കുന്നു.
Kerala-based lenders, including SIB, CSB, Dhanlaxmi, and ESAF, record robust business growth in the first quarter of financial year 2026-27
Read DhanamOnline in English
Subscribe to Dhanam Magazine