ഡയപ്പർ-നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം: ‘ഡയപ്പർ ഡിസോൾവർ’ അവതരിപ്പിച്ച് മലയാളി കമ്പനി

ഉപയോഗിച്ച ഡയപ്പറും നാപ്കിനും ലയിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ പേറ്റന്റ് ഉൽപ്പന്നം
diapers and sanitary napkins
Image courtesy: Canva
Published on

ആഗോള തലത്തിൽ വലിയ വെല്ലുവിളിയായ ഡയപ്പർ, സാനിറ്ററി നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരമായി ഡയപ്പർ ഡിസോൾവർ’ എന്ന പുതിയ ഉൽപ്പന്നം അവതരിപ്പിച്ച് മലയാളി സ്ഥാപനം. കൊല്ലം ചടയമംഗലത്തെ പോരേടം ആസ്ഥാനമായി 2006ൽ ആരംഭിച്ച ഹൈജീൻ ലാബോറട്ടറീസാണ് ഉൽപ്പന്നം വികസിപ്പിച്ചത്. ഉപയോഗിച്ച ഡയപ്പറും നാപ്കിനും ലയിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ പേറ്റന്റ് ഉൽപ്പന്നമാണിതെന്ന് സംരംഭകർ പറഞ്ഞു.

എന്തുകൊണ്ട് എളുപ്പത്തിൽ നശിക്കില്ല

ടോയ്ലറ്റുകളിലേക്കും തുറന്ന ചാലുകളിലേക്കും മാലിന്യകൂമ്പാരങ്ങളിലേക്കും ഡയപ്പർ തള്ളുന്ന സാഹചര്യം വളരെ വ്യാപകമാണ്. ഡയപ്പറുകളിലും നാപ്കിനുകളിലും ഉള്ള ജെൽ ഘടകമായ 'സോഡിയം പോളി അക്ക്രിലേറ്റ്’ എന്ന രാസവസ്തു വെള്ളം തട്ടുമ്പോൾ വീർത്ത് ഡ്രെയിനുകൾ മൂടുകയും വെള്ളക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. മണ്ണിലും ജലാശയങ്ങളിലും വർഷങ്ങളോളം ഈ മാലിന്യം നിലനിൽക്കും. പല പാളികളുള്ള പ്ലാസ്റ്റിക് ഘടനയും ജെൽ കോറും ഉള്ളതിനാൽ ഇത് എളുപ്പത്തിൽ നശിക്കില്ല.

പ്രവര്‍ത്തനം ഇങ്ങനെ

വീർക്കുന്ന ജെൽ തന്നെയാണ് പ്രധാന പ്രശ്നമെന്ന് ഹൈജീൻ ലാബോറട്ടറീസ് സ്ഥാപകൻ ഇമാം ഹസ്സൻ പറഞ്ഞു. ആ ജെൽ പൂർണമായി ലയിപ്പിക്കുകയാണ് ഈ ഉൽപ്പന്നം ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദമായ ‘ഡയപ്പർ ഡിസോൾവർ’ പൊടിയായാണ് ലഭിക്കുക. വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. ഉപയോഗിച്ച ഡയപ്പർ അല്ലെങ്കിൽ നാപ്കിൻ മുപ്പത് മിനിറ്റ് അതിൽ മുക്കിയാൽ ജെൽ ഭാഗം പൂർണ്ണമായി ലയിക്കും. ശേഷിക്കുന്ന പ്ലാസ്റ്റിക് ഭാഗങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാം. വീട്ടുപയോഗത്തിനും ആശുപത്രികൾക്കും, മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉൽപ്പന്നത്തിൻ്റെ ഉപയോഗം പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Kerala-based Hygiene Laboratories has introduced ‘Diaper Dissolver’, a patented product designed to dissolve the gel component in diapers and sanitary napkins to tackle global sanitary waste challenges.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com