മലപ്പുറത്തു നിന്നുള്ള ഈ കുഞ്ഞുടുപ്പ് കമ്പനി ഓഹരി വിപണിയിലേക്ക്

മലപ്പുറത്തു നിന്നുള്ള കുഞ്ഞുടുപ്പ് ബ്രാന്‍ഡായ പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്‌സ് പ്രാരംഭ ഓഹരി വില്‍പ്പന (IPO) നടത്താതെ ലിസ്റ്റഡ് കമ്പനിയാകാനൊരുങ്ങുന്നു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അര്‍ച്ചന സോഫ്റ്റ്‌വെയറുമായി പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്‌സ് ലയിക്കുന്നതോടെയാണിത്. ഇതിനായി അര്‍ച്ചന സോഫ്റ്റ്‌വെയറിന്റെ 21.6 ശതമാനം ഓഹരികള്‍ പോപ്പീസിന്റെ പ്രമോട്ടര്‍മാരായ ഷാജു തോമസും ഭാര്യ ലിന്റ പി.ജോസും സ്വന്തമാക്കിയിട്ടുണ്ട്.

അര്‍ച്ചന സോഫ്റ്റ് വെയറിന്റെ പ്രമോട്ടറായ വസന്ത് കുമാറിന്റെ ഓഹരികളാണ് പൂര്‍ണമായും ഏറ്റെടുത്തത്. 9.83 ലക്ഷം ഓഹരികള്‍ ഷാജു തോമസിന്റെ പേരിലും 3.27 ലക്ഷം ഓഹരികള്‍ ലിന്റയുടെ പേരിലുമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഏറ്റെടുക്കല്‍ നീക്കം നടക്കുന്നുണ്ടായിരുന്നെങ്കിലും 2023 നവംബര്‍ മൂന്നിനാണ് ഓപ്പണ്‍ ഓഫര്‍ വഴി ഓഹരി സ്വന്തമാക്കിയത്. ലയന ശേഷം അര്‍ച്ചന സോഫ്റ്റ്‌വെയറിന്റെ പേര് പോപ്പീസ് കെയേഴ്‌സ് ലിമിറ്റഡ് എന്നാക്കും.

ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗത്തില്‍ 12.80 കോടിയുടെ കണ്‍വെര്‍ട്ടിബിള്‍ ഷെയര്‍ വാറന്റുകള്‍ ഷാജു തോമസിന് നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വാറന്റ് ഒന്നിന് 51.5 രൂപ നിരക്കിലാണ് അനുമതി. ഈ വാറന്റുകള്‍ ഓഹരിയാക്കി മാറ്റുന്നതോടെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 44.51 ശതമാനമായി മാറും.

നൂറു കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനിയാണ് പോപ്പീസ് ബേബി കെയര്‍. കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 70 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡഡ് ഔട്ട്‌ലറ്റുകള്‍ (ഇ.ബി.ഒ) കമ്പനിക്കുണ്ട്.

കേരളത്തില്‍ നിന്നുള്ള മറ്റൊരു കമ്പനിയായ സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സും ഇത്തരത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം ആസ്ഥാനമായ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിനെയാണ് സ്‌കൂബീ ഡേ ഏറ്റെടുത്തത്.

Related Articles

Next Story

Videos

Share it