

വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കിയതിനുള്ള കേന്ദ്ര പട്ടികയില്‍ കേരളത്തിനും ഇക്കുറിയും ചരിത്ര നേട്ടം. പട്ടികയില്‍ കേരളം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അതിവേഗത്തില്‍ വളരുന്ന വ്യവസായ രംഗമായി ( Fast mover) തിരഞ്ഞെടുക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പുരസ്‌ക്കാരം കഴിഞ്ഞ ദിവസം കേന്ദ്രവ്യവസായ മന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി.
വ്യവസായ സൗഹൃദം കണ്ടെത്തുന്ന 25 ബിസിനസ് പരിഷ്‌ക്കരണ സൂചികകളില്‍ നാലെണ്ണത്തില്‍ കേരളം 95 ശതമാനത്തിന് മുകളില്‍ പോയിന്റ് നേടി. കേരളത്തിന് പുറമെ ഒഡീഷ, പഞ്ചാബ്. ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും ഫാസ്റ്റ് മൂവേഴ്‌സില്‍ ഇടം പിടിച്ചു.
കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളില്‍ 91% ആണ് കേരളം പൂര്‍ത്തീകരിച്ചതെങ്കില്‍ ഇത്തവണ 99.3% പരിഷ്‌കാരങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ബിസിനസ് രംഗത്തെ നയങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനൊപ്പം നിക്ഷേപകരുടെ പരാതികള്‍ പരമാവധി കുറക്കാന്‍ സാധിച്ചതും കേരളത്തിന്റെ മുന്നേറ്റത്തെ സഹായിച്ചു. ഒപ്പം കഴിഞ്ഞ വര്‍ഷം ബിസിനസുമായി ബന്ധപ്പെട്ട രണ്ട് മേഖലകളിലാണ് കേരളം ഒന്നാമതെത്തിയതെങ്കില്‍ ഇത്തവണ 4 മേഖലയില്‍ ഒന്നാം സ്ഥാനം കൈവരിച്ചു. കഴിഞ്ഞ തവണ കേരളം ഏറ്റവും മുന്നിലെത്തിയപ്പോള്‍ ആകസ്മികമായി കിട്ടിയെന്ന് പറഞ്ഞ ചില കേന്ദ്രങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു.
വ്യവസായ സൗഹൃദ നടപടികളുടെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളിലാണ് സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്. ബിസിനസുകാരില്‍ നിന്നുള്ള അഭിപ്രായവും ഇതില്‍ പരിഗണിക്കും. 2022ലെ പട്ടികയില്‍ കേരളം പ്രത്യാശിക്കുന്ന സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ ആസ്പയറേഴ്‌സ് എന്ന വിഭാഗത്തിലാണുണ്ടായിരുന്നത്. 2023ലെത്തിയപ്പോള്‍ ഫാസ്റ്റ് മൂവേഴ്‌സ് എന്ന ശ്രേണിയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2024ലെ പട്ടികയിലും കേരളം സ്ഥാനം നിലനിറുത്തി. തമിഴ്‌നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ ഇക്കുറി രണ്ടാം നിരയിലുള്ള ആസ്പറേഴ്‌സ് വിഭാഗത്തിലാണ്. ഇതിന് പുറമെ അച്ചീവേഴ്‌സ് എന്നൊരു പട്ടിക കൂടി കേന്ദ്രം തയ്യാറാക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine