കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ക്ക് ആക്കം കൂട്ടി ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറം, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് ഗുണകരമാകും

വ്യവസായ പ്രമുഖരുമായി മന്ത്രി പി. രാജീവ് വണ്‍ ടു വണ്‍ ചര്‍ച്ചകള്‍ നടത്തി
വ്യവസായ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവരടങ്ങിയ കേരള പ്രതിനിധി സംഘം വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍
വ്യവസായ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവരടങ്ങിയ കേരള പ്രതിനിധി സംഘം വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍
Published on

കേരളത്തിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ക്ക് ആക്കം കൂട്ടി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന 55-ാമത് വേള്‍ഡ് ഇക്കണോമിക് ഫോറം(ഡബ്ല്യുഇഎഫ്). വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കേരള പ്രതിനിധി സംഘത്തിന്റെ ഇടപെടല്‍ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് ഗുണകരമായേക്കും. സംസ്ഥാനത്തെ ഭാവി വ്യവസായ നിക്ഷേപ സാധ്യതയ്ക്കും ഇത് കരുത്ത് പകരും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യവസായ മേഖലയില്‍ സംസ്ഥാനം കൈവരിച്ച മുന്നേറ്റങ്ങള്‍ ഫോറത്തിലെ ചര്‍ച്ചകളില്‍ കേരള പ്രതിനിധി സംഘം എടുത്തുകാട്ടി. ബിസിനസ് പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, ആസൂത്രകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി കേരള സംഘം ആശയവിനിമയം നടത്തി. എ ബി ഇന്‍ബെവ്, ഗ്രീന്‍കോ, ഹിറ്റാച്ചി, ടിവിഎസ് ലോജിസ്റ്റിക്‌സ്, ജൂബിലന്റ്, ഭാരത് ഫോര്‍ജ്, എച്ച്‌സിഎല്‍, സിഫി, വെല്‍സ്പണ്‍, ഇന്‍ഫോസിസ്, വാരി, സുഹാന സ്‌പൈസസ് ഉള്‍പ്പെടെ 70 ഓളം കമ്പനി പ്രതിനിധികളോടും വ്യവസായ പ്രമുഖരോടും പി. രാജീവ് വണ്‍ ടു വണ്‍ ചര്‍ച്ച നടത്തി.

ശ്രദ്ധേയമായ നീക്കങ്ങൾ 

'വി ആര്‍ ചേഞ്ചിങ് ദ നേച്വര്‍ ഓഫ് ബിസിനസ്' എന്ന പ്രമേയം ഉള്‍ക്കൊള്ളുന്ന ഡബ്ല്യുഇഎഫിലെ ഇന്ത്യ പവലിയന്റെ ഭാഗമായി സജ്ജീകരിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് പവലിയന്‍ ആദ്യ ദിവസം മുതല്‍ സന്ദര്‍ശകരെയും നിക്ഷേപകരെയും ആകര്‍ഷിച്ചു. ആദ്യമായാണ് ഡബ്ല്യുഇഎഫില്‍ കേരളം പവലിയന്‍ ഒരുക്കിയത്. സൗദി അറേബ്യ, ബഹറിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരുമായി മന്ത്രി പി. രാജീവ് കേരള പവലിയനില്‍ ചര്‍ച്ച നടത്തി. കേന്ദ്ര മന്ത്രിമാര്‍ക്കും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ക്കുമൊപ്പം പാനല്‍ ചര്‍ച്ചകളിലും സംയുക്ത വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

സുപ്രധാന നിക്ഷേപ കൂടാതെ കേരളത്തിന്റെ വ്യവസായ മേഖലയെ കുറിച്ചുള്ള മുന്‍വിധികളും അനുമാനങ്ങളും മാറ്റുന്നതില്‍ സമ്മേളനം നിര്‍ണായകമായെന്ന് പി. രാജീവ് പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഒന്നാമെത്തിയ കേരളത്തിന്റെ നേട്ടത്തെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അഭിനന്ദിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള പ്രതിനിധി സംഘത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവരും സംഘത്തിലുണ്ട്. സിഐഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനോദ് മഞ്ഞിലയും കേരള സംഘത്തോടൊപ്പമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com