ആഗോള ഉപഭോക്താക്കളിലേക്കെത്താന്‍ 'കേരള ബ്രാന്‍ഡ്'

കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ലോകത്തെ ബോധ്യപ്പെടുത്താന്‍ വാണിജ്യ-വ്യവസായ നയം
S.
എസ്. ഹരികിഷോര്‍
Published on

ഒരു സംരംഭത്തെക്കുറിച്ചോ ഉല്‍പ്പന്നത്തെക്കുറിച്ചോ ഉപഭോക്താക്കളുടെ മനസില്‍ മായാത്ത ഒരു ചിത്രം വരയ്ക്കാന്‍ സഹായിക്കുന്നതിനുള്ള ഉപാധിയാണ് ബ്രാന്‍ഡിംഗ്. ആഗോള ബ്രാന്‍ഡിംഗ്‌നടപ്പാക്കുന്നത് ഉപഭോക്തൃ അവബോധം സൃഷ്ടിക്കാനും ആത്യന്തികമായി ലാഭം വര്‍ധിപ്പിക്കാനും സംരംഭങ്ങളെ സഹായിക്കും.

ആഗോള ഉപഭോക്താക്കളുടെ മനസില്‍ കേരളത്തിന്റെഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങളുടെ/സേവനങ്ങളുടെആകര്‍ഷക ചിത്രം എത്തിക്കാനാണ് 'കേരള ബ്രാന്‍ഡ്'വിഭാവനം ചെയ്തിരിക്കുന്നത്. 2023 വ്യവസായ-വാണിജ്യ നയത്തിന്റെ ഏഴ് പ്രധാന മേഖലകളിലൊന്നാണ് കേരള ബ്രാന്‍ഡിന്റെ വികസനം. കേരളത്തിന്റെതനത് ഉല്‍പ്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് സൃഷ്ടിച്ച്അവയുടെ ഗുണനിലവാരം ലോകത്തെ ബോധ്യപ്പെടുത്തുകയും വിപണനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നുള്ളതാണ് നയത്തിന്റെ ലക്ഷ്യം.

ഉല്‍പ്പന്നത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാന്‍ സന്നദ്ധതയുള്ള ഉല്‍പ്പാദകരുടെ വിപണന അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കേരള ബ്രാന്‍ഡിന് കഴിയും. കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ഉല്‍പ്പന്നങ്ങള്‍ 'മെയ്ഡ് ഇന്‍ കേരള' എന്ന ബ്രാന്‍ഡ്‌നാമത്തില്‍ തദ്ദേശീയ, വിദേശ കമ്പോളങ്ങളില്‍ വില്‍പ്പന നടത്താനുള്ള പദ്ധതിയാണ് 'കേരള ബ്രാന്‍ഡ്'. കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് 'ബ്രാന്‍ഡ് ഇമേജ് സൃഷ്ടിച്ച് ആഗോള ഉപഭോക്താക്കളുടെ ഇടയില്‍ ഇടം പിടിക്കുന്നതിന് കേരള ബ്രാന്‍ഡിന് കഴിയും.

പ്രോട്ടോകോള്‍

വ്യവസായ മേഖലയിലെ അഭ്യുദയകാംക്ഷികള്‍ മുതലായവരില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി കേരള ബ്രാന്‍ഡ് പ്രകാരമുള്ള പൊതു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഏത് വകുപ്പിനും ഏജന്‍സിക്കും ബന്ധപ്പെട്ട മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ പരിചയപ്പെടുത്താം. സംസ്ഥാന സമിതി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെങ്കില്‍ കേരള ബ്രാന്‍ഡ് പ്രകാരമുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിക്കില്ല.

യുണീക് സെല്ലിംഗ് പ്രൊപ്പോസിഷന്‍

കേരള ബ്രാന്‍ഡ് താഴെ പറയും പ്രകാരമുള്ള യു.എസ്.പി പ്രതിഫലിപ്പിക്കുന്നു.

• കേരളത്തില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്ന നിര്‍മാണം.

• മുഴുവനായും കേരളത്തില്‍ നിര്‍മിക്കുന്നത്.

• ബാലവേല പ്രോത്സാഹിപ്പിക്കാത്തത്.

• ലിംഗ വിവേചനമില്ലാതെ പ്രവര്‍ത്തിക്കുന്ന ജോലി സ്ഥലങ്ങള്‍.

• പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍.

• സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങള്‍.

• സാങ്കേതികവിദ്യയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍.

കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സാധുതയും പുതുക്കലും

കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കുന്നത് തുടക്കത്തില്‍ രണ്ട് വര്‍ഷമോ കേരള ബ്രാന്‍ഡ് ഗുണ നിലവാരം മാനദണ്ഡപ്രകാരമുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി കഴിയുന്നതുവരെയോ ആയിരിക്കും. ഒരിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കിക്കഴിഞ്ഞാല്‍ അനുവദിച്ച കാലാവധിക്കുള്ളില്‍ അത് പുതുക്കാം.

അതിനായി പുതുക്കിയ ഗുണനിലവാര സാക്ഷ്യപത്രങ്ങളും സ്വയം സാക്ഷ്യപ്പെടുത്തിയ ചെക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വകുപ്പില്‍ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കേഷന്‍ പുതുക്കുന്നതിലൂടെ, സ്ഥാപനങ്ങള്‍ക്ക് കേരള ബ്രാന്‍ഡ്-സര്‍ട്ടിഫൈഡ് ഐഡന്റിറ്റി എന്ന നിലയില്‍ ലഭിക്കുന്ന അംഗീകാരങ്ങളില്‍ നിന്നും അവസരങ്ങളില്‍ നിന്നും പ്രയോജനം നേടാം.

സര്‍ട്ടിഫിക്കേഷന്‍ റദ്ദ് ചെയ്യലും സസ്‌പെന്‍ഡ് ചെയ്യലും

ഒരിക്കല്‍ കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കപ്പെട്ട് കഴിഞ്ഞാല്‍ കേരള ബ്രാന്‍ഡ് പ്രകാരമുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍, പ്രത്യേക മാനദണ്ഡങ്ങള്‍, പൊതു മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കപ്പെടാത്ത സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ റദ്ദ് ചെയ്യാനോ സസ്പെന്‍ഡ് ചെയ്യാനോ അത് അനുവദിച്ച അധികാരികള്‍ക്ക് പ്രത്യേക അവകാശമുണ്ടായിരിക്കും.

പരിശോധന

കേരള ബ്രാന്‍ഡ് പദവി ഉറപ്പാക്കുന്നതിനായി കാലാകാലങ്ങളില്‍ പരിശോധിക്കുന്നതിന് ഒരു സമിതിയുണ്ടായിരിക്കും. ഗുണനിലവാര മാനദണ്ഡങ്ങളിലും മറ്റ് മാനദണ്ഡങ്ങളിലും എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്തിയാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അത് പരിഹരിക്കുന്നതിന് അവസരം നല്‍കും. അങ്ങനെ ചെയ്യാത്ത പക്ഷം സര്‍ട്ടിഫിക്കേഷന്‍ റദ്ദ് ചെയ്യുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യും.

സര്‍ട്ടിഫിക്കേഷന്‍ സംസ്ഥാനതല കമ്മിറ്റി

കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ അവാര്‍ഡ് ചെയ്യുന്നത് സംസ്ഥാനതല സമിതിയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി കോ-ചെയര്‍മാനും വ്യവസായ വാണിജ്യ ഡയറക്റ്റര്‍ കണ്‍വീനറുമായ സമിതിയില്‍ മറ്റ് എഴ് അംഗങ്ങളാണുള്ളത്.

താലൂക്ക്തല കമ്മിറ്റി

താലൂക്ക്തല സെലക്ഷന്‍ കമ്മിറ്റി കേരള ബ്രാന്‍ഡിനുള്ള അപേക്ഷകള്‍ പരിഗണിക്കുകയും ബന്ധപ്പെട്ട ഓരോ വകുപ്പിന്റെയും തിരഞ്ഞെടുക്കല്‍ മാനദണ്ഡത്തെ അടിസ്ഥാനമാക്കി കേരള ബ്രാന്‍ഡ് പദവി നല്‍കുകയും ചെയ്യും.

നേട്ടങ്ങള്‍

• ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള നിലവാരം

പുലര്‍ത്തുന്ന ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും കേരള ബ്രാന്‍ഡ് സഹായകരമാകും.

• ആഭ്യന്തര വിദേശ കമ്പോളങ്ങളില്‍ മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡില്‍ സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ കഴിയും.

• ഉയര്‍ന്ന ഗുണനിലവാരമുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് സാമ്പത്തിക സഹായം ലഭിക്കുകയും അതുവഴി കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യും.

• വിപണി വിപുലീകരിക്കുന്നതിനും ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്തുന്നതിനും കഴിയും.

• അന്താരാഷ്ട്ര വ്യാപാര മേളകള്‍, മാര്‍ക്കറ്റിംഗ്് എക്സ്പോ മുതലായവയില്‍ പങ്കെടുത്ത് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാം.

• ലോകത്തിന്റെ എല്ലാ ഭാഗത്തും വ്യാപിച്ച് കിടക്കുന്ന മലയാളി സമൂഹത്തിലേക്ക് കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചേരുന്നതിന് കേരള ബ്രാന്‍ഡിംഗിലൂടെ സാധ്യമാകും.

ലക്ഷ്യങ്ങള്‍

• ധാര്‍മികവും ഉത്തരവാദിത്വപരവുമായ വ്യവസായ നടത്തിപ്പിനെ തിരിച്ചറിയുക.

• ആഗോളതലത്തില്‍ വിശ്വസ്തരായ ഉപഭോക്താക്കളുടെ അടിത്തറ സൃഷ്ടിക്കുക.

• പ്രത്യേകമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്ന സംരംഭങ്ങളെ തിരിച്ചറിയുക.

• ആഭ്യന്തരമായി വളരുന്ന സംരംഭങ്ങളുടെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുകയും അതിലൂടെ തനത് ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധന സൃഷ്ടിക്കുകയും ചെയ്യുക.

• കേരളത്തിലെ സംരംഭങ്ങളുടെ കയറ്റുമതി പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുക.

(കെ.എസ്.ഐ.ഡി.സി എം.ഡിയും വ്യവസായ വാണിജ്യ വകുപ്പിന്റെ ഡയറക്റ്ററുമാണ് ലേഖകന്‍)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com