ഇടുക്കിയുടെ കുതിപ്പിന് കട്ടപ്പന ടൂറിസം ഹബ്ബ്; ഒപ്പം മുസിരിസ് ഹെറിറ്റേജ് റൂട്ട് പദ്ധതിയും ചാമ്പ്യൻസ് ബോട്ട് ലീഗും

വിനോദസഞ്ചാര മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 413.52 കോടി രൂപയായി വർദ്ധിപ്പിച്ചു
kumarakom back waters
image credit : kerala tourism facebook page
Published on

കേരളത്തിന്റെ ടൂറിസം മേഖലയുടെ വികസനത്തിനായി വിപുലമായ പദ്ധതികളാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കൈവരിച്ച ശ്രദ്ധേയമായ വളർച്ചയെ (2023-ലെ 6.50 ലക്ഷത്തിൽ നിന്നും 2024-ൽ 7.40 ലക്ഷമായി ഉയർന്നു) അടിസ്ഥാനമാക്കിയാണ് പുതിയ പ്രഖ്യാപനങ്ങൾ. വിനോദസഞ്ചാര മേഖലയ്ക്കുള്ള ബജറ്റ് വിഹിതം മുൻ വർഷത്തെ 385.02 കോടി രൂപയിൽ നിന്നും 413.52 കോടി രൂപയായി വർദ്ധിപ്പിച്ചു.

പ്രധാന പദ്ധതികൾ

കണ്ണൂരിലെ ധർമ്മടം കേന്ദ്രീകരിച്ച് 'ബ്ലൂ ഗ്രീൻ ഇന്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട്' സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം. ഇതിൽ റിവർ ക്രൂയിസ് സർക്യൂട്ട്, ബയോ റിസർവ്, വാക്കിംഗ് മ്യൂസിയം, മാൻഗ്രോവ് ഇൻഫർമേഷൻ സെന്റർ എന്നിവ ഉൾപ്പെടും. ഇടുക്കിയിലെ കട്ടപ്പനയെ ഒരു ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും കല്യാണത്തണ്ട്, അഞ്ചുരുളി വികസനത്തിനുമായി 20 കോടി രൂപ അനുവദിച്ചു. കൂടാതെ തിരുവനന്തപുരം മങ്ങാട്ടുപാറയിൽ സോഫ്റ്റ് അഡ്വഞ്ചർ ടൂറിസത്തിനായി ഒരു കോടി രൂപയും നീക്കിവെച്ചു.

പൈതൃകവും സംസ്കാരവും

ബേപ്പൂർ 'ഉരു' ടൂറിസം, കൊച്ചി ഹെറിറ്റേജ് എന്നിവയ്ക്ക് 5 കോടി രൂപ വീതം വകയിരുത്തി. മുസിരിസ് ഹെറിറ്റേജ് & സ്പൈസ് റൂട്ട് പദ്ധതിക്കായി 14 കോടി രൂപയും കോട്ടയം ചെറിയപള്ളിയിലെ തീർത്ഥാടന ടൂറിസത്തിനായി 2 കോടി രൂപയും അനുവദിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) 14 കേന്ദ്രങ്ങളിൽ നടത്തുന്നതിനായി 10.46 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനം

കൊല്ലം ജില്ലയുടെ വികസനത്തിനായി മറീന (6 കോടി), അഷ്ടമുടി കായലിന് ചുറ്റും സൈക്കിൾ ട്രാക്ക് (10 കോടി), ഓഷ്യനേറിയം (10 കോടി), മൺറോത്തുരുത്ത് വികസനം (5 കോടി) എന്നിങ്ങനെ വിപുലമായ പദ്ധതികളുണ്ട്. കുമരകത്ത് ഹെലി-പോർട്ട് നിർമ്മാണത്തിന് 5 കോടി രൂപയും പീച്ചി ടൂറിസം വികസനത്തിന് (PPP മോഡൽ) തുടക്കമായി ഒരു കോടി രൂപയും അനുവദിച്ചു.

ടൂറിസം മാർക്കറ്റിംഗിനായി 85 കോടി രൂപയും ഉത്തരവാദിത്ത ടൂറിസം മിഷന് 20 കോടി രൂപയും ബജറ്റ് വകയിരുത്തുന്നു. സ്വകാര്യ സംരംഭകർക്ക് സബ്സിഡികളും ഇൻസെന്റീവുകളും നൽകുന്നതിനായി 13.50 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. പൈതൃകവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിരമായ വികസനമാണ് വിഭാവനം ചെയ്യുന്നതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

Kerala Budget 2026 boosts tourism with Kattappana hub, Muziris heritage push, and major eco-cultural initiatives.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com