

കേരളത്തെ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണാഭരണ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കൊച്ചി - തൃശൂര്‍ ബെല്‍റ്റിനെ പ്രധാന ആഭരണ നിര്‍മ്മാണ ഇടനാഴിയായി വികസിപ്പിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സ്വര്‍ണ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന ബജറ്റ് സമീപനത്തെ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (KGSMA) സ്വാഗതം ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്കിലും സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയില്‍ നിലവില്‍ പിന്നിലാണ്. പുതിയ പദ്ധതിയിലൂടെ കേരളത്തെ ഒരു ആഗോള സ്വര്‍ണ വിനിമയ കേന്ദ്രമാക്കി മാറ്റുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മ്മാണ പാര്‍ക്കും സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടികളെ ആഭരണ ഡിസൈനര്‍മാരും നിര്‍മ്മാതാക്കളുമായി വളര്‍ത്തുന്നതിന് ആവശ്യമായ പരിശീലനവും ഇതിലൂടെ നല്‍കും.
തൃശ്ശൂരിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ സ്വര്‍ണാഭരണ ഇന്‍ഡസ്ട്രിക്ക് പുത്തന്‍ ഉണര്‍വേകും. മുന്‍പ് കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയ സ്വര്‍ണ നിര്‍മ്മാതാക്കളെ തിരികെ കൊണ്ടുവരാന്‍ ഈ ബജറ്റ് പ്രഖ്യാപനം സഹായിക്കുമെന്ന് ജുവലറി വ്യാപാരികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തില്‍ ഒരു ജം ആന്‍ഡ് ജ്വല്ലറി പാര്‍ക്ക് വേണമെന്നത് വ്യാപാരികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. സ്വര്‍ണാഭരണ നിര്‍മ്മാണം, വിതരണം എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സംവിധാനമാണിത്. ഇതിനായി 30 ഏക്കര്‍ സ്ഥലവും 7 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് കെട്ടിടങ്ങളുമാണ് ആവശ്യമായി വരിക. ആഭരണനിര്‍മ്മാണ യൂണിറ്റുകള്‍, ഡിസൈന്‍ സെന്ററുകള്‍, കോളേജുകള്‍, ജമ്മോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഗ്രേഡിങ് സെന്റര്‍, ബുള്ളിയന്‍ ബാങ്ക്, ട്രെയിനിങ് സ്‌കൂളുകള്‍ എന്നിവയ്ക്കൊപ്പം തൊഴിലാളികള്‍ക്ക് വേണ്ട താമസ സൗകര്യം, ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഗ്രീന്‍ ബഫര്‍ സോണ്‍ കവറിങ് പാര്‍ക്ക് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഈ പാര്‍ക്കിന്റെ രൂപരേഖയിലുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ടായിരത്തോളം (2000) പുതിയ തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും. ഇത് സംബന്ധിച്ച വിശദമായ രൂപരേഖ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
നികുതി ചോര്‍ച്ച തടയുന്നതിനായി നികുതി ഇന്റലിജന്‍സ് വിങ് രൂപീകരിക്കാനുള്ള ബജറ്റ് തീരുമാനത്തെയും അസോസിയേഷന്‍ സ്വാഗതം ചെയ്തു. നികുതി രജിസ്‌ട്രേഷന്‍ പോലുമില്ലാതെ സംസ്ഥാനത്ത് നടക്കുന്ന സമാന്തര സ്വര്‍ണ വ്യാപാരത്തെ പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ സ്വര്‍ണ വ്യാപാര മേഖലയ്ക്ക് വലിയ കരുത്താകുമെന്ന് കെ.സുരേന്ദ്രന്‍ (പ്രസിഡന്റ്), അഡ്വ.എസ്. അബ്ദുല്‍ നാസര്‍ (ജനറല്‍ സെക്രട്ടറി, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍) എന്നിവര്‍ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine