

സംസ്ഥാനത്ത് ഇന്ന് (2026 മേയ് 22) സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ നിരക്കുകളിൽ ഇടിവ് കുറിച്ചത്. വ്യാപാരി സംഘടനകൾ അറിയിച്ചതുപ്രകാരം, 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് പുതുക്കിയ വിപണി വില 14,620 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 320 രൂപ താഴ്ന്ന് പുതിയ വില 1,16,960 രൂപയായും രേഖപ്പെടുത്തി.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 12,010 രൂപയിലേക്കും എത്തിച്ചേർന്നു. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ താഴ്ന്ന് 9,355 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 15 രൂപ താഴ്ന്ന് 6,030 രൂപയായും കുറിച്ചു.
അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 285 രൂപയിൽ തുടരുന്നു. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,850 രൂപയും 100 ഗ്രാം വെള്ളിയുടെ നിരക്ക് 28,500 രൂപയായും ഒരു കിലോഗ്രാം വെള്ളിക്ക് 2,85,000 രൂപയായും രേഖപ്പെടുത്തി.
രാജ്യാന്തര വിപണിയിലും സ്വർണ വിലയിൽ ഇടിവ് തുടരുകയാണ്. യു.എസ് ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് കാരണം. നിലവിൽ ഒന്നര മാസത്തെ ഉയർന്ന മൂല്യത്തിലാണ് ഡോളർ നിൽക്കുന്നത്. ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവരുടെ ചെലവ് വർധിപ്പിക്കുന്നതാണ് ഡിമാൻഡ് കുറയാൻ ഇടയാക്കുന്നത്. നിലവിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 4,530 ഡോളറായാണ് കുറിച്ചിരിക്കുന്നത്.
അതിനോടൊപ്പം പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ വിഫലമായതോടെ ക്രൂഡ് ഓയിൽ നിരക്ക് 105 ഡോളർ നിലവാരത്തിൽ തുടരുന്നതും തിരിച്ചടിയേകുന്ന ഘടകമാണ്. ഇതിന്റെയൊക്കെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലെ സ്വർണ നിരക്കുകളേയും ബാധിച്ചത്.
വെള്ളിയാഴ്ച രാവിലെ സ്വർണ നിരക്കുകളിൽ വിലക്കുറവ് കുറിച്ചതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് ജുവൽറികളിൽ 1,26,662 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്ന കാര്യവും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine