സ്വർണ വിലയിൽ വീണ്ടും വർധന; രാവിലെ പവന് കൂടിയത് ₹240; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന നയതന്ത്ര ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സ്വർണ വിലയിൽ വർധന പ്രകടമാകുന്നത്.
Gold Price News
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് (2026 മേയ് 7) രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 30 രൂപ വർധിച്ച് പുതുക്കിയ വിപണി വില 13,975 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് വില 240 രൂപ കൂടി 1,11,800 രൂപയിലേക്ക് എത്തിച്ചേർന്നു. സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് വില 25 രൂപ ഉയർന്ന് 11,485 രൂപയായി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന്റെ വിപണി വില 20 രൂപ വർധിച്ച് 8,945 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 10 രൂപ ഉയർന്ന് വില 5,765 രൂപയായും പുതുക്കി നിശ്ചയിച്ചു. അതുപോലെ വെള്ളിയുടെ നിരക്കുകളിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ​ഗ്രാം വെള്ളിക്ക് 5 രൂപ വർധിച്ച് പുതുക്കിയ വില 270 രൂപയായി.

എന്തുകൊണ്ട് വില ഉയരുന്നു?

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാ​ഗമായി യു.എസും ഇറാനും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചു എന്ന റിപ്പോർട്ടിന് പിന്നാലെയാണ് സ്വർണ വിലയിൽ വർധന പ്രകടമാകുന്നത്. സമാധാന സാധ്യത തെളിഞ്ഞതോടെ ഡോളർ സൂചികയിലും ക്രൂഡോയിൽ വിലയിലും തിരുത്തൽ നേരിട്ടു. ഈയൊരു പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിലെ സ്വർണ വില ഔൺസിന് 4,700 ഡോളറിന് മുകളിലേക്ക് എത്തിച്ചേർന്നു. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 തവണയാണ് കേരളത്തിലെ സ്വർണ വിലയിൽ വർധന കുറിച്ചത്.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്രയാകും?

വ്യാഴാഴ്ച രാവിലെയും സ്വർണ നിരക്കുകളിൽ വർധന കുറിച്ചതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് ജുവൽറികളിൽ 1,21,077 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com