മൂലധനവും പ്രതിഭയും കേരളത്തിൽ വിനിയോഗിക്കണം; സംരംഭകത്വത്തിന് പുതിയ ദിശാബോധം വേണമെന്ന് വ്യവസായ പ്രമുഖർ

കേരളത്തിലെ ബാങ്ക് നിക്ഷേപം ₹10.5 ലക്ഷം കോടി; സംരംഭകത്വ വളർച്ചയ്ക്ക് പുതിയ ദിശ വേണമെന്ന് വ്യവസായ പ്രമുഖർ
Dhanam BFSI Summit 2026 - Panel Discussion on Financial Business Future Keraka
'പാരമ്പര്യത്തിനപ്പുറം: കേരളത്തിന്റെ ധനകാര്യ ബിസിനസിന്റെ ഭാവിയെ പുനർവിഭാവനം ചെയ്യുമ്പോൾ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വിവേക് കൃഷ്ണ ഗോവിന്ദ്, എം.ഡി അക്ഷയ് അഗർവാൾ, ഡോ. സുമിത നന്ദൻ, എറിൻ എലിസബത്ത് എന്നിവർ പങ്കെടുത്തപ്പോൾ (ഇടത്തു നിന്ന്).Image Source: Dhanam Business Media
Published on: 

ബാങ്ക് നിക്ഷേപങ്ങളുടെ രൂപത്തിലുള്ള വൻ മൂലധനവും ഉയർന്ന വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷിയും കൈവശമുള്ള കേരളം, ഇവയെ സംസ്ഥാനത്തിനകത്തെ സംരംഭകത്വ വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ പ്രമുഖർ. കേരളത്തിന്റെ ബിസിനസ് വളർച്ചയ്ക്ക് പുതിയ ദിശാബോധം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ധനം ബി.എഫ്.എസ്.ഐ സമിറ്റ് 2026-ൽ 'പാരമ്പര്യത്തിനപ്പുറം: കേരളത്തിന്റെ ധനകാര്യ ബിസിനസിന്റെ ഭാവിയെ പുനർവിഭാവനം ചെയ്യുമ്പോൾ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ നിർദ്ദേശമുയർന്നത്.

അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ്—എം.ഡി അക്ഷയ് അഗർവാൾ, മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും വൈസ് ചെയർപേഴ്സണുമായ ഡോ. സുമിത നന്ദൻ, കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റ്—ഡയറക്ടർ എറിൻ എലിസബത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് ചർച്ച നിയന്ത്രിച്ചു.

തൊഴിൽ തേടുന്നവരല്ല, നൽകുന്നവരാകണം

കേരളത്തിൽ ഏകദേശം 10.5 ലക്ഷം കോടി രൂപ ബാങ്ക് നിക്ഷേപങ്ങളായുണ്ടെന്നും സംസ്ഥാനത്തിന്റെ ക്രെഡിറ്റ്–ഡെപ്പോസിറ്റ് അനുപാതം 70 ശതമാനം മാത്രമാണെന്നും അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് എം.ഡി അക്ഷയ് അഗർവാൾ ചൂണ്ടിക്കാട്ടി. ബാക്കി വരുന്ന വലിയൊരു തുക സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്ന പ്രവണത മാറണം. യുവാക്കൾ ജോലി തേടുന്നവരാകുന്നതിന് പകരം തൊഴിൽ നൽകുന്ന സംരംഭകരായി മാറുന്നതിലൂടെ മൂലധനവും പ്രതിഭയും ഇവിടെത്തന്നെ നിലനിർത്താനാകും. ഓരോ വീട്ടിലും സംരംഭകരെ വളർത്തിയെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയെയും സംസ്ഥാനത്തിന്റെ തനിമയെയും സംരക്ഷിച്ചുകൊണ്ട് പുതിയ ബിസിനസ് മാതൃകകൾ വികസിപ്പിക്കാൻ കേരളത്തിന് സാധിക്കും. ടൂറിസം, റോബോട്ടിക്സ്, നിർമ്മിത ബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), സമുദ്രോത്പന്ന കയറ്റുമതി തുടങ്ങിയ മേഖലകളിൽ വലിയ വളർച്ചാ സാധ്യതകളാണുള്ളത്. കൂടാതെ, സംസ്ഥാനത്ത് വർധിച്ചുവരുന്ന വയോജന ജനസംഖ്യയെ മുൻനിർത്തി സീനിയർ ലിവിംഗ്, റിട്ടയർമെന്റ് പ്ലാനിംഗ്, എസ്റ്റേറ്റ്-സക്സഷൻ പ്ലാനിംഗ് എന്നീ മേഖലകളിലും മികച്ച ബിസിനസ് അവസരങ്ങളുണ്ടെന്ന് അക്ഷയ് അഗർവാൾ വ്യക്തമാക്കി.

പാരമ്പര്യത്തിനൊപ്പം കോർപ്പറേറ്റ് ഗവേണൻസും

പരമ്പരാഗത കുടുംബ ബിസിനസുകൾ അടുത്ത ഘട്ടത്തിലേക്ക് വളരുന്നതിന് പാരമ്പര്യവും സ്ഥാപകരുടെ ദീർഘവീക്ഷണവും മാത്രം പോരെന്ന് മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും വൈസ് ചെയർപേഴ്സണുമായ ഡോ. സുമിത നന്ദൻ അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങളെ വലിയ തലത്തിലേക്ക് വളർത്തുമ്പോൾ പ്രൊഫഷണൽ മാനേജ്‌മെന്റും മികച്ച കോർപ്പറേറ്റ് ഗവേണൻസും അനിവാര്യമാണ്. പ്രൊഫഷണൽ ടീമുകൾ, സ്വതന്ത്ര ഡയറക്ടർമാർ, സുതാര്യമായ ഭരണസംവിധാനം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. മൂലധന നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയിലും ഭരണസംവിധാനത്തിലും കാലോചിതമായ മാറ്റം വരുത്തുന്നത് ദീർഘകാല വളർച്ചയ്ക്ക് നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ചെറുകിട സംരംഭങ്ങളിൽ സാങ്കേതികവിദ്യ വേണം

വ്യക്തിബന്ധങ്ങളിലും പ്രാദേശിക വിപണികളിലും മാത്രം ഒതുങ്ങിനിൽക്കാതെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ കൂടുതൽ സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനങ്ങളിലേക്ക് മാറണമെന്ന് കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റ് ഡയറക്ടർ എറിൻ എലിസബത്ത് പറഞ്ഞു. കൃത്യമായ ഡാറ്റ, ഗവേണൻസ്, ബിസിനസ് തന്ത്രങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ അഭാവമാണ് പല സംരംഭങ്ങളുടെയും വളർച്ചയ്ക്ക് തടസ്സമാകുന്നത്. സ്ഥാപനവൽക്കരിക്കപ്പെട്ട രീതിയിലേക്ക് മാറുന്നതോടെ വായ്പാ ലഭ്യത മെച്ചപ്പെടുത്താനും മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും സാധിക്കുമെന്നും അവർ വ്യക്തമാക്കി.

പുതിയ തലമുറയുടെ നേതൃത്വം

പാരമ്പര്യ ബിസിനസുകൾ പുതിയ തലമുറ ഏറ്റെടുക്കുമ്പോൾ പഴയ വിജയമാതൃകകൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യകളും പുതിയ ബിസിനസ് രീതികളും സ്വീകരിക്കേണ്ടതുണ്ടെന്ന് പാനൽ വിലയിരുത്തി. കുടുംബ ബിസിനസിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് നവീകരണം, കാര്യക്ഷമത, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവ വളർത്തിയെടുക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങളും സാമ്പത്തിക കുതിപ്പും സൃഷ്ടിക്കാനാകുമെന്ന സന്ദേശത്തോടെയാണ് ചർച്ച സമാപിച്ചത്.

Industry leaders at Dhanam BFSI Summit 2026 called for mobilising Kerala's capital and talent to strengthen entrepreneurship, create jobs and modernise family businesses.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```