നിര്‍മാണ മേഖലയ്ക്ക് പ്രതിസന്ധിയായി സിമന്റിന്റെ അടിക്കടിയുള്ള വിലവര്‍ധന, ഭവന നിര്‍മാണ ചെലവേറും; കരാറുകാര്‍ക്കും തിരിച്ചടി

മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്ക് വീടുകളും മറ്റ് കെട്ടിടങ്ങളും നിര്‍മിച്ചുനല്‍കാന്‍ കരാറെടുത്തവര്‍ക്കാണ് അപ്രതീക്ഷിത വിലക്കയറ്റം കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുക
നിര്‍മാണ മേഖലയ്ക്ക് പ്രതിസന്ധിയായി സിമന്റിന്റെ അടിക്കടിയുള്ള വിലവര്‍ധന, ഭവന നിര്‍മാണ ചെലവേറും; കരാറുകാര്‍ക്കും തിരിച്ചടി
Published on: 

സംസ്ഥാനത്ത് സിമന്റ് വില ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് വില വര്‍ധിക്കുന്നത് നിര്‍മാണ മേഖലയുടെ താളംതെറ്റിക്കുന്നു. മഴക്കാലത്തിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് സിമന്റ് വില ചാക്കിന് 20 രൂപയോളം കൂടുമെന്ന വാര്‍ത്ത വന്നത്. ഇതോടെ സാധാരണ വീടുകളുടെ നിര്‍മാണം മുതല്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വരെ ചെലവേറിയതാകും.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്ന സിമന്റ് വില സെപ്റ്റംബര്‍ അവസാനത്തോടെ ഉയര്‍ന്നു തുടങ്ങുകയായിരുന്നു. ഒക്ടോബറിലും വിലവര്‍ധന തുടരുന്നത് കേരളത്തിലെ നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ചെലവ് സമ്മര്‍ദമാകുമെന്നാണ് വിലയിരുത്തല്‍. മണ്‍സൂണ്‍ കാലത്ത് സിമന്റ് വില സാധാരണഗതിയില്‍ കുറവാണ്.

നിര്‍മാണ മേഖല സജീവമാകുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ വിലവര്‍ധന വില്‍പനയെ ചെറുതായി ബാധിക്കുമെന്ന് എറണാകുളത്തെ സിമന്റ് വ്യാപാരിയായ സി.എം ബാലഗോപാല്‍ പറഞ്ഞു. കടത്തുകൂലി വര്‍ധിച്ചതും അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയര്‍ന്നതുമാണ് വില വര്‍ധിപ്പിക്കാനുള്ള കാരണമെന്നാണ് സിമന്റ് കമ്പനികളുടെ വാദം.

ദക്ഷിണേന്ത്യയില്‍ വിലവര്‍ധന കൂടുതല്‍

സെപ്റ്റംബറില്‍ അഖിലേന്ത്യാ തലത്തില്‍ സിമന്റ് വില ചാക്കിന് ശരാശരി ഏഴ് രൂപയോളം ഉയര്‍ന്നപ്പോള്‍ ദക്ഷിണേന്ത്യയിലാണ് കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയതെന്നാണ് വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ശരാശരി വര്‍ധന ചാക്കിന് 11 രൂപയോളമായിരുന്നു.

തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലും ചെലവിലും വന്ന മാറ്റങ്ങളും ഉല്‍പാദനച്ചെലവ് ഉയര്‍ന്നതുമാണ് കമ്പനികള്‍ വിലവര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മഴ കുറഞ്ഞതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തമായതും സിമന്റിന്റെ ആവശ്യകത ഉയര്‍ത്തിയിട്ടുണ്ട്.

ഭവന നിര്‍മാണ ബജറ്റില്‍ സമ്മര്‍ദം

കേരളത്തില്‍ വീടുനിര്‍മാണ ചെലവ് ഇതിനകം തന്നെ ഉയര്‍ന്ന നിലയിലാണ്. സ്റ്റീല്‍, മറ്റ് നിര്‍മാണ സാമഗ്രികള്‍, തൊഴിലാളികളുടെ കൂലി എന്നിവയിലെ വര്‍ധനയ്ക്ക് പിന്നാലെയാണ് സിമന്റും കൂടുതല്‍ ചെലവേറിയതാകുന്നത്.

വീടിന്റെ അടിത്തറ, കോണ്‍ക്രീറ്റിംഗ്, ഭിത്തിനിര്‍മാണം, പ്ലാസ്റ്ററിംഗ് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ വലിയ അളവില്‍ സിമന്റ് ആവശ്യമാണ്. അതിനാല്‍ ചാക്കിന് ചെറിയ തോതിലുള്ള വിലവര്‍ധന പോലും ഒരു വീടിന്റെ മൊത്തം നിര്‍മാണ ചെലവില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാക്കാം.

ചാക്കിന് 10 മുതല്‍ 20 രൂപ വരെ വില കൂടുന്ന സാഹചര്യം വലിയ ഫ്ളാറ്റ്, വാണിജ്യ, റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. വലിയ തോതില്‍ സിമന്റ് ഉപയോഗിക്കുന്ന പദ്ധതികളില്‍ ഈ അധിക ചെലവ് ഗണ്യമായി ഉയരാം.

കരാറുകാര്‍ക്കും തിരിച്ചടി

മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്ക് വീടുകളും മറ്റ് കെട്ടിടങ്ങളും നിര്‍മിച്ചുനല്‍കാന്‍ കരാറെടുത്തവര്‍ക്കാണ് അപ്രതീക്ഷിത വിലക്കയറ്റം കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുക. നിര്‍മാണ സാമഗ്രികളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നാല്‍ കരാര്‍ തുകയും യഥാര്‍ഥ നിര്‍മാണ ചെലവും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കുകയും കരാറുകാരുടെ ലാഭവിഹിതം കുറയുകയും ചെയ്യും.

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കും ചെലവ് വര്‍ധന സമ്മര്‍ദമാകും. ഇതിനകം വില്‍പന വില നിശ്ചയിച്ച പദ്ധതികളില്‍ സാമഗ്രികളുടെ വില കൂടുന്നത് പദ്ധതികളുടെ ലാഭക്ഷമതയെ ബാധിക്കാം.

ഡീലര്‍മാരെയും ബാധിക്കും

സിമന്റ് വിലയിലെ തുടര്‍ച്ചയായ മാറ്റം ചില്ലറ വ്യാപാരികള്‍ക്കും വെല്ലുവിളിയാണ്. വില കൂടുന്നതോടെ ഉപഭോക്താക്കള്‍ വാങ്ങല്‍ നീട്ടിവയ്ക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്താല്‍ ഡിമാന്‍ഡിനെയും ബാധിക്കാം. മഴക്കാലം അവസാനിച്ച് കേരളം പ്രധാന നിര്‍മാണ സീസണിലേക്ക് കടക്കുമ്പോഴാണ് ഈ വിലവര്‍ധനയെന്നതാണ് ശ്രദ്ധേയമായ കാര്യം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com