ഉൽപ്പാദനച്ചെലവേറുന്നു, തൊഴിലാളികളുമില്ല; വിലയിലെ അസ്ഥിരതയിൽ നടുവൊടിഞ്ഞ് നാളികേര മേഖല

കാലാവസ്ഥാ വ്യതിയാനം ഉൽപ്പാദനത്തെ സാരമായി ബാധിച്ചു, ഹൈബ്രിഡ് ഇനം തെങ്ങുകളെ കാറ്റുവീഴ്ച, കൂമ്പുചീയൽ തുടങ്ങിയ രോഗങ്ങൾ വേഗത്തിൽ ബാധിക്കുന്നുണ്ട്
coconut farmers, kerala
Representational image, courtesy: Canva
Published on

കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് നാളികേരത്തിനുള്ളതെങ്കിലും ഇന്ന് ഈ മേഖല സങ്കീർണമായ പല പ്രതിസന്ധികളെയും നേരിടുകയാണ്. വിലയിലെ അസ്ഥിരത, ഉൽപ്പാദനക്കുറവ്, തൊഴിലാളി ക്ഷാമം, രോഗബാധ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ നാളികേര കർഷകരെ ഈ രംഗത്തുനിന്ന് പിന്നോട്ടടിക്കുന്നു.

വിലയിലെ അസ്ഥിരതയും വിപണി വെല്ലുവിളികളും

നാളികേരത്തിന് വിപണിയിൽ സ്ഥിരമായ ഒരു വില നിലനിൽക്കുന്നില്ല എന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. അടുത്തിടെ വിപണിയിൽ തേങ്ങയുടെ വില 84-85 രൂപ വരെ ഉയർന്നിരുന്നെങ്കിലും കർഷകർക്ക് അതിന്റെ പൂർണമായ ഗുണം ലഭിച്ചില്ല.

നാളികേര കർഷകർക്ക് വിപണിയിൽ ലഭിക്കുന്ന തുക പലപ്പോഴും ഇതിലും കുറവാണ്. ചെറുകിട വിപണിയില്‍ നിലവില്‍ 50 രൂപയ്ക്കടുത്താണ് വില്‍പ്പന. വിപിസിഎൽ (VPCL) പോലുള്ള സർക്കാർ സംവിധാനങ്ങൾ വഴി തേങ്ങ സംഭരിക്കുന്നുണ്ടെങ്കിലും അത് ചെറുകിട കർഷകർക്ക് വലിയ രീതിയിൽ പ്രയോജനപ്പെടാത്ത സാഹചര്യവുമുണ്ട്. റബ്ബർ മേഖലയ്ക്ക് ലഭിക്കുന്നതുപോലെ കൃത്യമായ താങ്ങുവില ഉറപ്പാക്കാൻ സാധിക്കാത്തത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.

അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് വൻകിട തോട്ടങ്ങൾ ഉള്ളപ്പോൾ കേരളത്തിൽ ഭൂപരിഷ്കരണം മൂലം ചെറുകിട കർഷകരാണ് അധികവും. ഇത് സർക്കാർ പദ്ധതികൾ വൻതോതിൽ നടപ്പിലാക്കുന്നതിന് തടസമാകുന്നു.

കാലാവസ്ഥാ വ്യതിയാനവും രോഗബാധയും

കഴിഞ്ഞ കുറച്ചു കാലങ്ങളായി അനുഭവപ്പെടുന്ന കടുത്ത വേനലും കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പാലക്കാട് മലമ്പുഴ ബ്ലോക്ക് ഫെഡറേഷൻ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റ് സുദർശനൻ എസ്. ധനം ഓണ്‍ലൈനോട് പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും ഉണ്ടായ ഉൽപ്പാദനക്കുറവ് വിപണി വില ഉയരാൻ കാരണമായിട്ടുണ്ടെങ്കിലും, രോഗബാധ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കി. പ്രത്യേകിച്ച് ഹൈബ്രിഡ് ഇനം തെങ്ങുകളെ കാറ്റുവീഴ്ച, മണ്ടപോക്ക് തുടങ്ങിയ രോഗങ്ങൾ വേഗത്തിൽ ബാധിക്കുന്നുണ്ട്. ഉൽപ്പാദനത്തില്‍ നേരിയ പുരോഗതിയുണ്ടായതോടെയാണ് ഇപ്പോള്‍ വില കുറഞ്ഞത്.

പണ്ടത്തെ നാടൻ തെങ്ങുകൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെങ്കിലും പുതിയ ഇനങ്ങൾക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. വേനൽ കടുക്കുന്നതോടെ തെങ്ങുകൾ ഉണങ്ങുന്നതും ജലലഭ്യത കുറയുന്നതും ഉൽപ്പാദനക്ഷമത ഇടിയാൻ കാരണമാകുന്നു.

തൊഴിലാളി ക്ഷാമവും വർദ്ധിച്ച കൂലിയും

നാളികേര മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി തൊഴിലാളികളുടെ ലഭ്യതക്കുറവാണ്. പ്രാദേശികമായി തെങ്ങുകയറ്റ തൊഴിലാളികൾ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി തമിഴ്നാട്ടിൽ നിന്നോ ഇതര വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ നിന്നോ ഉള്ള തൊഴിലാളികളെയാണ് പലരും ആശ്രയിക്കുന്നത്. സംസ്ഥാനത്ത് തെങ്ങ് കൃഷി കൂടുതലായി ഉളള വാളയാര്‍, മലമ്പുഴ പ്രദേശങ്ങളില്‍ ഈ പ്രതിസന്ധി നിലനില്‍ക്കുന്നു.

കേരളത്തിലെ യുവതലമുറ ശാരീരിക അധ്വാനമുള്ള ഇത്തരം ജോലികളിൽ താല്പര്യം കാണിക്കാത്തത് ഭാവിയിൽ ഈ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. തെങ്ങൊന്നിന് നിലവില്‍ 50 മുതൽ 100 രൂപ വരെ കൂലി നൽകേണ്ടി വരുന്നത് കർഷകരുടെ ഉല്‍പ്പാദന ചെലവ് വര്‍ധിപ്പിക്കുന്നു. സൊസൈറ്റികൾ വഴി നൂറുകണക്കിന് ആളുകൾക്ക് തെങ്ങുകയറ്റ പരിശീലനം നൽകുന്നുണ്ടെങ്കിലും പത്തിൽ താഴെ ആളുകൾ മാത്രമാണ് ഈ തൊഴിലിൽ ഉറച്ചുനിൽക്കുന്നതെന്നും സുദർശനൻ എസ്. പറഞ്ഞു.

മെക്കനൈസേഷനും ഭാവിയും

തെങ്ങുകയറ്റ യന്ത്രങ്ങൾ ലഭ്യമാണെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം അവ വ്യാപകമായി ഉപയോഗിക്കാൻ കർഷകർക്ക് സാധിക്കുന്നില്ല. കോവിഡിനും പ്രളയത്തിനും ശേഷം പല കാർഷിക സംഘടനകളും സാമ്പത്തികമായി തകർന്നുപോയത് പുതിയ യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് തടസമാകുന്നു.

ഈ പ്രതിസന്ധികളെ അതിജീവിക്കാൻ നല്ല രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുകയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമായിരിക്കുകയാണ് കർഷകർക്ക് മുന്നിലുള്ള പോംവഴി.

Kerala Coconut Farming Crisis: Price Volatility, Labour Shortage and Production Decline Hit Farmers

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com