അയോധ്യയിലേക്ക് കൂട്ടത്തോടെ മലയാളികളും; പാക്കേജുകളുമായി ടൂര്‍ കമ്പനികള്‍

രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയതോടെ അയോധ്യ സന്ദര്‍ശിക്കാന്‍ തിരക്കു കൂട്ടി മലയാളികളും. പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അന്വേഷണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി അയോധ്യയിലേക്ക് മുമ്പും കേരളത്തില്‍ നിന്ന് ധാരാളം പേര്‍ യാത്ര പോകാറുണ്ടെങ്കിലും അടുത്ത ദിവസങ്ങളിലായി നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്ന് ടൂര്‍ കമ്പനികള്‍ പറയുന്നു. ഡിമാന്‍ഡ് ഉയരുന്നതിനനുസരിച്ച് പുതിയ പാക്കേജുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് കമ്പനികള്‍.

പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം വിശ്വാസത്തിന്റെയും സെന്റിമെൻറ്സിന്റെയും ഭാഗമായി കൂടുതല്‍ ആളുകള്‍ താത്പര്യം കാണിച്ചു തുടങ്ങിയതായും വരും മാസങ്ങളില്‍ തന്നെ അയോധ്യ വലിയൊരു തീര്‍ത്ഥാടന ടൂറിസം കേന്ദ്രമായി മാറുമെന്നും ട്രാവല്‍ ഏജന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ മാനേജ്‌മെന്റ് കമ്മിറ്റി അംഗവും കോറാസ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്‌സ് മാനേജിംഗ് ഡയറക്ടറുമായ പൗലോസ് കെ. മാത്യു പറഞ്ഞു.

കൊച്ചിയില്‍ നിന്ന് അഹമ്മദാബാദിലും ലക്‌നൗവിലും വിമാനമിറങ്ങി അയോധ്യയിലേക്ക് പോകുന്ന തരത്തിലുള്ള പാക്കേജുകള്‍ക്ക് ആവശ്യക്കാരുയര്‍ന്നിട്ടുണ്ടെന്നും വാരാണസിയെ ബന്ധിപ്പിച്ചുള്ള പ്രത്യേക പാക്കേജുകള്‍ക്ക് വരും കാലങ്ങളില്‍ ഉയര്‍ന്ന ഡിമാന്‍ഡുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടന ടൂറിസത്തോട് കേരളത്തിന് പ്രത്യേക താത്പര്യമാണുള്ളത്. അതുകൊണ്ട് വലിയ കമ്പനികള്‍ കൂടാതെ നാട്ടിൻപുറത്തെ ചെറിയ കൂട്ടായ്മകള്‍ പോലും വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കി എല്ലാ മാസവും നിരവധി ട്രിപ്പുകള്‍ നടത്തുന്നുണ്ട്. മധുര, മൂകാംബിംക, തിരുപ്പതി പോലുള്ള സ്ഥലങ്ങളിലേക്കായിരുന്നു കൂടുതലും യാത്രകള്‍. ആ ലിസ്റ്റിലേക്കാണ് അയോധ്യയും കയറിപറ്റിയിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുൻപേ ബുക്കിംഗ്

ട്രാവല്‍ കമ്പനികള്‍ പലതും മാസങ്ങള്‍ക്ക് മുമ്പു തന്നെ അയോധ്യയിലേക്ക് പാക്കേജുകള്‍ അവതരിപ്പിച്ചു തുടങ്ങിയിരുന്നു. കേരളത്തിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ ഒന്നായ സോമന്‍സ് ലിഷര്‍ ടൂര്‍സ് ഇന്ത്യ രണ്ട് മൂന്ന് മാസം മുമ്പ് വാരാണസി, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഹോളി ദര്‍ശന്‍ യാത്ര എന്നൊരു പാക്കേജ് അവതരിപ്പിച്ചിരുന്നു. ഇതിനകം തന്നെ 5-6 ഗ്രൂപ്പ് ബുക്കിംഗ് കഴിഞ്ഞതായി സോമന്‍സ് ലിഷര്‍ ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.കെ സോമന്‍ പറഞ്ഞു. ഫെബ്രുവരി 22നാണ് ആദ്യ ഗ്രൂപ്പിന്റെ യാത്ര ആരംഭിക്കുക. 30-31 പേരടങ്ങുന്നതാണ് ഓരോ ഗ്രൂപ്പും. ഫ്‌ളൈറ്റ് ടിക്കറ്റടക്കം 55,000 രൂപയാണ് നിരക്ക്. പ്രാണപ്രതിഷ്ഠ നടന്നതിനു ശേഷം അന്വേഷണങ്ങള്‍ ഗണ്യമായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ടൂര്‍സ് ആന്‍ഡ് ഹോളിഡേയ്‌സ് വാരാണസി, അയോധ്യ, രാമജന്മഭൂമി, ത്രിവേണി സംഗമം, ലക്‌നൗ, ആഗ്ര എന്നിവിടങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുണ്യഭൂമി സന്ദര്‍ശന പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 23നാണ് ആദ്യ യാത്ര.

നിലവില്‍ താമസമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അയോധ്യയില്‍ ഒരുക്കി വരികയാണ്. അടുത്ത മാസത്തോടെ തന്നെ കൂടുതല്‍ തീര്‍ത്ഥാടകരെയും സഞ്ചാരികളെയും ഉള്‍ക്കൊള്ളാവുന്ന വിധത്തിലേക്ക് മാറും. അതോടെ കേരളത്തിൽ നിന്ന് കൂടുതല്‍ ബുക്കിംഗ് ഉണ്ടായേക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. രാംലല്ലയെ കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഇപ്പോള്‍ തന്നെ അയോധ്യയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്കുതുടങ്ങി.

ട്രെയിന്‍ സര്‍വീസ്

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ജനുവരി 30ന് ആരംഭിക്കും. അസ്ത സ്‌പെഷ്യല്‍ എന്ന് പേരിട്ടിരിക്കുന്ന സര്‍വീസിന് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്, ഗോംതി നഗര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

അയോധ്യയില്‍ നിന്ന് തിരിച്ച് ഫെബ്രുവരി മൂന്ന്, എട്ട്, 23, 28, മാര്‍ച്ച് 4 എന്നീ ദിവസങ്ങളിലായിരിക്കും ട്രെയിന്‍. പ്രതിദിനം 10,000 പേര്‍ അയോധ്യയിലേക്ക് ട്രെയിന്‍ വഴി എത്തുമെന്നാണ് കണക്കാക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഫെബ്രുവരി 22ന് മറ്റൊരു ട്രെയിന്‍ സര്‍വീസും അയോധ്യയിലേക്ക് നടത്തുന്നുണ്ട്. വര്‍ക്കല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

നിലവില്‍ കൊച്ചിയില്‍ നിന്ന് നേരിട്ട് അയോധ്യയിലേക്ക് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിച്ചിട്ടില്ല. അധികം വൈകാതെ വിമാനക്കമ്പനികള്‍ സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. സ്‌പൈസ്‌ജെറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

Related Articles

Next Story

Videos

Share it