5 വര്‍ഷത്തിനിടെ കേരളം പൂര്‍ത്തിയാക്കിയത് ₹34,000 കോടിയുടെ പദ്ധതികള്‍, തൊഴില്‍ ലഭിച്ചത് 5 ലക്ഷം പേര്‍ക്ക്

കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ (2018-19 മുതല്‍ 2022-23 വരെ) കേരളം സ്വന്തമാക്കിയത് 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍. സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കണോമിയെ (CMIE) ഉദ്ധരിച്ച് എം.എസ്.എം.ഇ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ 33,815 കോടി രൂപയുടെ പദ്ധതികള്‍ കേരളം പൂര്‍ത്തിയാക്കി. ഇതുവഴി നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിച്ചത് 5 ലക്ഷത്തോളം പേര്‍ക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
₹4 ലക്ഷം കോടിയുടെ പദ്ധതികള്‍
2022-23 വരെയുള്ള കണക്കുപ്രകാരം 4.03 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ കേരളത്തില്‍ പുരോഗമിക്കുകയാണ്. ഇതില്‍ 2.77 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ ഏതാണ്ട് സജ്ജമാണ്. ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ 7 ലക്ഷത്തിലേറെ പേര്‍ക്കാണ് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കുകയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഏജന്‍സികളുമായി ചേര്‍ന്ന് എം.എസ്.എം.ഇ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പറയുന്നു.
'കേരള നിക്ഷേപം, വളര്‍ച്ച, വികസനം 2018-19 മുതല്‍ 2022-23 വരെ' എന്ന പഠന റിപ്പോര്‍ട്ട് കൗണ്‍സില്‍ ചെയര്‍മാനും അസോചം മുന്‍ സെക്രട്ടറി ജനറലുമായ ഡോ.ഡി.എസ്. റാവത്താണ് പ്രകാശനം ചെയ്തത്.
വേണം ഉന്നതാധികാര സമിതി
2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ പുനരുജ്ജീവിപ്പിച്ചത് 12,440 കോടി രൂപയോളം മതിക്കുന്ന നിക്ഷേപ പദ്ധതികളാണ്. വിവിധ വകുപ്പുകളുടെ അനുമതികളും ക്ലിയറന്‍സുകളും മറ്റും കിട്ടാതെ കെട്ടിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ച് അതിവേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന് ഡോ. റാവത്ത് പറഞ്ഞു.
ഇന്ത്യയുടെ ഭൂവിസ്തൃതിയില്‍ 1.2 ശതമാനമാണ് കേരളം. ജനസംഖ്യയുടെ 2.8 ശതമാനമാണ് കേരളത്തിലുള്ളത്. അതേസമയം, ഇന്ത്യന്‍ ജി.ഡി.പിയില്‍ കേരളം 4 ശതമാനത്തിലധികം പങ്കുംവഹിക്കുന്നു.
മലയാളികളില്‍ ധാരാളം പേര്‍ ഗള്‍ഫിലേക്കും മറ്റും ജോലിക്കായി കുടിയേറിയപ്പോള്‍ ചെറിയ ജോലികള്‍ക്കായി കേരളത്തിലേക്കുള്ള ആഭ്യന്തര കുടിയേറ്റം വര്‍ധിക്കുകയായിരുന്നു.
17.3% വ്യവസായിക വളര്‍ച്ച
2021-22ല്‍ കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച 17.3 ശതമാനമായിരുന്നെന്നും മാനുഫാക്ചറിംഗ് മേഖല 18.9 ശതമാനം വളര്‍ന്ന് ദേശീയ ശരാശരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ മികവിന്റെ പിന്‍ബലത്തില്‍ 2021-22ല്‍ കേരളം 12 ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ചയും (GSDP Growth) നേടി.
സ്വകാര്യ മേഖലയില്‍ ₹67,271 കോടിയുടെ പദ്ധതികള്‍
കേരളത്തില്‍ 2022-23വരെയുള്ള കണക്കുപ്രകാരം 67,271 കോടി രൂപയുടെ പദ്ധതികളാണ് സ്വകാര്യമേഖലയുടെ കീഴില്‍ പുരോഗമിക്കുന്നത്. ഇതില്‍ 41,369 കോടി രൂപയുടെ പദ്ധതികള്‍ സജ്ജമാണ്.
സി.എം.ഐ.ഇയുടെ 2023 ഒക്ടോബര്‍ 13ലെ റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യമേഖല പുതുതായി പ്രഖ്യാപിച്ച പദ്ധതികള്‍ വെറും 398 കോടി രൂപയുടേത് മാത്രമാണ്. 1,825 കോടി രൂപയുടെ പദ്ധതികള്‍ സ്വകാര്യമേഖല പൂര്‍ത്തിയാക്കിയിരുന്നു. 3,126 കോടി രൂപയുടെ കെട്ടിക്കിടന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.
കേരളത്തില്‍ മാറ്റം പ്രകടമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകളെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. സംരംഭക വര്‍ഷം പദ്ധതി, സ്വകാര്യമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയവ വരുംവര്‍ഷങ്ങളിലും കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it