98 കോടി രൂപയുടെ ലാഭം, 32 ശതമാനം വാര്‍ഷിക വര്‍ധന, കെ.എഫ്.സിയ്ക്ക് ചരിത്ര നേട്ടം

വായ്പാ ആസ്തി ആദ്യമായി ₹8,000 കോടി പിന്നിട്ടു
KFC Logo
Image : Canva
Published on

72 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി). 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 98.16 കോടി രൂപയാണ് കെ.എഫ്.സിയുടെ ലാഭം. തൊട്ട് മുന്‍ വര്‍ഷത്തേതില്‍ നിന്ന് 32.56 ശതമാനം വര്‍ധന. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ കോര്‍പ്പറേഷന്റെ അറ്റാദായത്തില്‍ 14 മടങ്ങ് (1,392 ശതമാനം) വര്‍ധനയുണ്ടായി.

കെ.എഫ്.സിയുടെ വായ്പാ ആസ്തി ആദ്യമായി 8,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 8,011.99 കോടി രൂപയായി. മൊത്തം ആസ്തി 1,328.83 കോടിയായും വര്‍ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26 ശതമാനമായി വര്‍ധിക്കാന്‍ സഹായകമായതായി കെ.എഫ്.സി അറിയിച്ചു. എന്‍.ബി.എഫ്.സികള്‍ക്ക് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന കുറഞ്ഞ നിരക്കായ 15 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.

ആസ്തി നിലവാരവും മെച്ചപ്പെട്ടു

കെ.എഫ്.സിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (Gross NPA) 2.88 ശതമാനത്തില്‍ നിന്ന് 2.67 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.68 ശതമാനത്തില്‍ നിന്ന് 0.621 ശതമാനമായും മെച്ചപ്പെട്ടു.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് മേഖലകള്‍ക്കുമായി 4,002.57 കോടി രൂപയുടെ വായ്പകളാണ് കെ.എഫ്.സി അനുവദിച്ചത്. ആകെ വായ്പാ വിതരണം 3,918.40 കോടി രൂപയും ആകെ വായ്പാ തിരിച്ചടവ് 3,980.76 കോടി രൂപയുമാണ്.

പ്രത്യക്ഷമായും പരോക്ഷമായും 81,434 തൊഴിലവസരങ്ങള്‍

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കുക സര്‍ക്കാരിന്റെ നയമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ഇതുവരെയുള്ള സര്‍ക്കാര്‍ മൂലധനം 920 കോടി രൂപയാണ്. അതില്‍ 500 കോടി രൂപയും നിക്ഷേപിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. രണ്ട് കോടു രൂപ വരെ 5 ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വഴി 3,028 സംരംഭങ്ങള്‍ക്കായി 1,032.89 കോടി രൂപ വായ്പയായി അനുവദിക്കുകയും അതുവഴി പ്രത്യക്ഷമായും പരോക്ഷമായും 81,434 തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടെന്നും സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

കെ.എഫ്.സി-സ്റ്റാര്‍ട്ടപ്പ് കേരള

കെ.എഫ്.സി-സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതിയിലൂടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 5.6 ശതമാനം പലിശ നിരക്കില്‍ ഈടില്ലാതെ വായ്പ ലഭ്യമാകും. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നതിനും വെഞ്ച്വര്‍ ഡെറ്റ് ഫണ്ടിനും പത്തുകോടി രൂപ വരെയുള്ള വായ്പയും ലഭ്യമാണ്. പദ്ധതി വഴി ഇതുവരെ 72 കമ്പനികള്‍ക്കായി 95,.20 കോടി രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. പ്രത്യക്ഷമായും പരോക്ഷമായും 1,730 തൊഴിലവസരങ്ങളും ഇതു വഴി സൃഷ്ടിക്കപ്പെട്ടു.

ഈ വര്‍ഷം അവസാനത്തോടെ 10,000 കോടി രൂപയുടെ വായ്പാ ആസ്തി നേടാനാണ് കെ.എഫ്.സി ലക്ഷ്യമിടുന്നത്. ഈ വലിയ ലക്ഷ്യം കൈവരിക്കുന്നതിനായി എം.എസ്.എം.ഇകള്‍, ടൂറിസം വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ പിന്തുണയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പരിധി പത്തു കോടിയില്‍ നിന്ന് 15 കോടി രൂപയായി ഉയര്‍ത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com