അംബാനി കമ്പനിയില്‍ കെ.എഫ്.സി നിക്ഷേപം ₹60.80 കോടി, തിരികെ കിട്ടിയത് ₹7 കോടി മാത്രം, അഴിമതിയെന്ന് പ്രതിപക്ഷം

സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) 2018ല്‍ നടത്തിയ നിക്ഷേപത്തില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം. അനില്‍ അംബാനിയുടെ റിലയന്‍സ് കൊമേഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ (ആര്‍.സി.എഫ്.എല്‍) 60.80 കോടി നിക്ഷേപിച്ചത് വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. തോമസ് ഐസക് ധനമന്ത്രിയായിരിക്കെയാണ് സംഭവം. കമ്പനി പൂട്ടിപ്പോകുമെന്ന് അറിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് പോലും അറിയാതെയാണ് നിക്ഷേപം നടത്തിയത്. 2019ല്‍ ആര്‍.സി.എഫ്.എല്‍ പൂട്ടിയപ്പോള്‍ തിരിച്ചു കിട്ടിയത് വെറും ഏഴ് കോടി ഒമ്പത് ലക്ഷം രൂപയാണെന്നും സര്‍ക്കാരിന് പലിശയടക്കം 101 കോടി രൂപ നഷ്ടമായെന്നും വി.ഡി സതീശന്‍ ആരോപിച്ചു. അതേസമയം, നിക്ഷേപം നടത്തിയത് നിയമപ്രകാരമാണെന്നും ഖജനാവിന് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വിശദീകരിച്ചു.

ആരോപണം ഇങ്ങനെ

സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കാന്‍ രൂപീകരിച്ച സ്ഥാപനമാണ് കെ.എഫ്.സി. കോര്‍പറേഷന്റെ അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു റിലയന്‍സിലെ നിക്ഷേപം. അനില്‍ അംബാനിയുടെ വ്യവസായ സ്ഥാപനങ്ങള്‍ ഗുരുതര പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്ന സമയത്തായിരുന്നു ഇത്. 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടിലും അനില്‍ അംബാനിയുടെ കമ്പനിയുടെ പേര് മറച്ചുവച്ചതായും സതീശന്‍ ചൂണ്ടിക്കാട്ടി.

ബോര്‍ഡ് തീരുമാനത്തിന് മുമ്പേ നിക്ഷേപം

നിയമപ്രകാരം കെ.എഫ്.സിക്ക് റിസര്‍വ് ബാങ്കിലോ ദേശസാത്കൃത ബാങ്കുകളിലോ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ. അല്ലാതെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ 2018ലെ ബോര്‍ഡ് യോഗം നടക്കുന്നതിന് മുമ്പ് തന്നെ അനില്‍ അംബാനിയുടെ കമ്പനിയില്‍ കോര്‍പറേഷന്‍ പണം നിക്ഷേപിച്ചതായും സതീശന്‍ ആരോപിച്ചു. ഇതേപ്പറ്റി നിയമസഭയില്‍ ഉന്നയിച്ചിട്ടും മറുപടി നല്‍കിയില്ല. മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ പണം നിക്ഷേപിച്ചത് കമ്മിഷന്‍ വാങ്ങിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചട്ടപ്രകാരമെന്ന് ധനവകുപ്പ്

എന്നാല്‍ മികച്ച റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സില്‍ പണം നിക്ഷേപിച്ചതെന്നും ചട്ടങ്ങളെല്ലാം പൂര്‍ണമായും പാലിച്ചിരുന്നുവെന്നും മുന്‍മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. ആരോപണങ്ങള്‍ തെളിയിക്കാന്‍ കൂടി സതീശന്‍ തയ്യാറാകണം. ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികള്‍ ഡബിള്‍ എപ്ലസ് റേറ്റിംഗായിരുന്നു ആര്‍.സി.എഫ്.എല്ലിന് നല്‍കിയത്. നിക്ഷേപം പൂര്‍ണമായും നഷ്ടമായിട്ടില്ല. ഇപ്പോഴും 52 ശതമാനം തുക തിരികെ നല്‍കാമെന്നാണ് കമ്പനി പറയുന്നത്. പൂര്‍ണ തുകയും തിരികെ വേണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഷ്ടം കെ.എഫ്.സിക്ക് മാത്രമല്ല

ആര്‍.സി.എഫ്.എല്ലില്‍ നിക്ഷേപിച്ചതിലൂടെ പണം നഷ്ടമായത് കെ.എഫ്.സിക്ക് മാത്രമല്ലെന്നും നബാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നഷ്ടമുണ്ടായെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സ്വതന്ത്ര കമ്പനിയെന്ന നിലയിലാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്. തര്‍ക്കപരിഹാര നടപടികള്‍ ആരംഭിച്ചപ്പോള്‍ നിക്ഷേപം നടത്തിയ സ്ഥാപനങ്ങള്‍ക്ക് വീതം വച്ചുകിട്ടിയതാണ് ഏഴുകോടി രൂപയെന്നും ബാക്കി തുക ലഭിക്കാനുള്ള നിയമനടപടികള്‍ തുടരുകയാണെന്നും മന്ത്രി വിശദീകരിച്ചു.
Related Articles
Next Story
Videos
Share it