

ട്രോളിങ് നിരോധനത്തിന് ശേഷം വലിയ പ്രതീക്ഷകളോടെ കടലിലേക്ക് പോയ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതികൂല കാലാവസ്ഥയും കടലിലെ ചൂട് വർദ്ധിക്കുന്നതും മത്സ്യലഭ്യതയെ സാരമായി ബാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്രത്തിലെ താപനില ഉയരുന്നത് നിലവില്‍ മത്സ്യങ്ങളുടെ ലഭ്യതയിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. മുമ്പ് ശരാശരി 100 കിലോ മത്സ്യം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 75 മുതൽ 80 കിലോയായി ചുരുങ്ങിയിരിക്കുന്നു. കട്ടിൽ ഫിഷ് (പേക്കണവ, ഓലക്കണവ, ഒട്ടുകണവ), ചെമ്മീൻ വർഗങ്ങൾ, കിളിമീൻ, ഉലുവ മീൻ, അയല തുടങ്ങി സാധാരണക്കാർക്കും കയറ്റുമതിക്കും ഒരുപോലെ ആവശ്യമുള്ള എല്ലാ ഇനങ്ങളിലും ഈ കുറവ് പ്രകടമാണ്.
ലഭ്യത കുറയുമ്പോൾ വിപണിയിൽ മത്സ്യത്തിന് വില കുത്തനെ കൂടുന്നു. അയില പോലുള്ള ഡിമാൻഡ് ഉള്ള മത്സ്യങ്ങൾ കിട്ടാതെ വരുമ്പോള്‍ (Scarcity) വില ഉയരാനുളള സാധ്യതകളാണ് ഉളളത്. ഉപഭോക്താക്കളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്ന പ്രതിസന്ധിയാണ് ഇത്. പരിസ്ഥിതി നശീകരണം, വനനശീകരണം, ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം എന്നിവ മൂലം പ്രകൃതിയിൽ വരുന്ന മാറ്റങ്ങളാണ് ഈ പ്രതിസന്ധിക്ക് ആധാരമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല, ആഗോളതലത്തിൽ തന്നെ കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യലഭ്യത കുറയാനുളള സാഹചര്യമാണ് ഉളളത്.
മത്സ്യബന്ധന മേഖലയെ തളർത്തുന്ന മറ്റൊരു പ്രധാന ഘടകം ഇന്ധനവില വർദ്ധനവാണ്. ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവയുടെ വില വർദ്ധിക്കുന്നത് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നു. ഇതോടൊപ്പം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ബോട്ടുകളുടെ രജിസ്ട്രേഷൻ, ലൈസൻസ് ഫീസ് എന്നിവ വളരെ കൂടുതലാണെന്ന പരാതിയും ശക്തമാണ്. അയൽ സംസ്ഥാനങ്ങളിലെ മാതൃകയിൽ ഇന്ധന സബ്‌സിഡി നൽകണമെന്നും അമിതമായ ഫീസുകൾ കുറയ്ക്കണമെന്നുമാണ് ബോട്ടുടമകളുടെയും തൊഴിലാളികളുടെയും ആവശ്യം. ഈ മേഖലയെ കേവലം ഒരു വ്യവസായമായല്ല, മറിച്ച് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവസന്ധാരണത്തിനുള്ള മാർഗമായി കണ്ട് ഉദ്യോഗസ്ഥരും ഫിഷറീസ് വകുപ്പും സർക്കാരും അനുഭാവപൂർവം പെരുമാറണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
മത്സ്യത്തൊഴിലാളികള്‍ എന്നു പറയുന്നത് അപകടം എപ്പോഴും പതിയിരിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അടുത്തിടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി അവരുടെ ശരീരം പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യങ്ങളില്‍ കുടുംബത്തിന് ആനുകൂല്യം ലഭിക്കാന്‍ വളരെയധികം കാലതാമസം എടുക്കുന്നു. ഈ നിയമത്തില്‍ അടിയന്തിരമായി മാറ്റം വരുത്തണം. കടലില്‍ പോയി എന്തെങ്കിലും അപകടം സംഭവിച്ചാല്‍, എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ആ നഷ്ടം പരിഹരിച്ചു കൊടുക്കാന്‍ അധികൃതരുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകണം.
പീറ്റർ മത്യാസ്, ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്
കടലിൽ പോകുന്ന ഓരോ മത്സ്യത്തൊഴിലാളിയും ഓരോ ദിവസവും മരണത്തെ മുഖാമുഖം കണ്ടാണ് തൊഴിലെടുക്കുന്നത്. അപകടങ്ങൾ സംഭവിച്ച് മൃതദേഹം ലഭിക്കാത്ത സാഹചര്യങ്ങളിൽ അവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. നിലവിലെ നിയമമനുസരിച്ച് മൃതദേഹം ലഭിക്കാത്ത കേസുകളിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ ഏഴ് വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു. ഈ നിയമത്തിൽ മാറ്റം വരുത്തി, മൃതദേഹം ലഭിച്ചില്ലെങ്കിലും ആറു മാസത്തിനുള്ളിൽ ആ കുടുംബങ്ങൾക്ക് അർഹമായ സഹായങ്ങൾ നൽകാൻ സർക്കാർ തയാറാകണമെന്നും പീറ്റർ മത്യാസ് ധനം ഓണ്‍ലൈനോട് പറഞ്ഞു. കടലിൽ സംഭവിക്കുന്ന ഇത്തരം നഷ്ടങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടികൾ ആവശ്യമാണ്.
കേരളത്തിലെ പുതിയ തലമുറ ഈ തൊഴിൽ മേഖലയിലേക്ക് വരാൻ താല്പര്യപ്പെടുന്നില്ല എന്നത് മറ്റൊരു വലിയ വെല്ലുവിളിയാണ്. കൃത്യമായ വരുമാനമോ സുരക്ഷിതത്വമോ ഇല്ലാത്തതാണ് ഇതിന് കാരണം. നിലവിൽ അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് ഈ മേഖല മുന്നോട്ട് പോകുന്നത്. ഹോട്ടൽ സർവീസ് ഉൾപ്പെടെ കേരളത്തിലെ മറ്റ് മേഖലകളെപ്പോലെ മത്സ്യബന്ധന മേഖലയും ഇന്ന് ഇതര സംസ്ഥാന തൊഴിലാളികളെയാണ് പൂർണമായും ആശ്രയിക്കുന്നത്.
ഇത്രയേറെ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, 'കടലമ്മ' തങ്ങളെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് ഓരോ മത്സ്യത്തൊഴിലാളിയും കടലിലേക്ക് പോകുന്നത്. ഇന്ന് കിട്ടിയില്ലെങ്കിലും നാളെ മീൻ ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം മാത്രമാണ് ഈ കഠിനമായ തൊഴിലിൽ അവരെ പിടിച്ചുനിർത്തുന്നത്. ഈ പ്രതീക്ഷകൾക്ക് കരുത്ത് പകരാൻ സർക്കാരിന്റെയും വകുപ്പുകളുടെയും ഭാഗത്തുനിന്നുള്ള ക്രിയാത്മകമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine