കട്ടൗട്ട് മുതല്‍ കുപ്പിവരെ; ഫുട്‌ബോള്‍ ലഹരിയില്‍ കേരളം പൊടിച്ചത് കോടികള്‍

കോഴിക്കോട് പുള്ളാവൂരിലെ കട്ടൗട്ടുകള്‍ അത്ര പെട്ടന്നൊന്നും ഫുട്‌ബോള്‍ പ്രേമികള്‍ മറക്കില്ല. ചെറുപുഴയില്‍ വെച്ച മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രിയപ്പെട്ട ടീമുകളോടും താരങ്ങളോടും മലയാളിള്‍ സ്‌നേഹം പ്രകടിപ്പിച്ചത് കൂറ്റന്‍ ഫ്ലക്‌സുകളിലൂടെയും കട്ടൗട്ടുകളിലൂടെയുമാണ്.

നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി 28 ദിവസം നീണ്ടുനിന്ന ഫുട്‌ബോള്‍ ആഘോഷങ്ങള്‍ക്കായി കേരളം ചെലവഴിച്ചത് കോടികളാണ്. കീച്ചെയിന്‍ മുതല്‍ ജഴ്‌സികളും കൊടി തോരണങ്ങളും വരെ നീളുന്നതായിരുന്നു കേരളത്തിലെ ലോകകപ്പ് വിപണി. ഫ്ലക്‌സടിക്കലും ജഴ്‌സി വില്‍പ്പനയുമൊക്കെയായി 30 ലക്ഷത്തോളം രൂപയുടെ കച്ചവടം നടന്ന കടകള്‍ കേരളത്തിലുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം 2 കോടിയിലധികം രൂപയുടെ ഫ്ലക്‌സുകളും കട്ടൗട്ടുകളും ഉയര്‍ന്നിട്ടുണ്ടെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്.

600-800 രൂപ വില വരുന്ന ചെറിയ ബാനറുകള്‍ക്ക് മുതല്‍ 70,000 രൂപയ്ക്ക് മുകളിലുള്ള കട്ടൗട്ടുകള്‍ക്ക് വരെ ആവശ്യക്കാരെത്തി. ക്വാളിറ്റി അനുസരിച്ച് 150 രൂപ മുതല്‍ മുകളിലേക്കായിരുന്നു ജഴ്‌സികളുടെ വില. നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലൂടെനീളം ബിഗ് സ്‌ക്രീനുകളും ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുക്കിയിരുന്നു. ബേക്കറികള്‍, കൊടി തോരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് വാടകയ്ക്ക് നല്‍കുന്നവര്‍.......ലോകകപ്പിന്റെ നേട്ടം ലഭിച്ചവരുടെ എണ്ണം അങ്ങനെ നീളുംഡിസംബര്‍ 18ന് നടന്ന ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ വിറ്റത് 49.88 കോടി രൂപയുടെ മദ്യമാണ്. ഞായറാഴ്ച ദിനങ്ങളില്‍ ശരാശരി 30 കോടിയുടെ വില്‍പ്പന നടക്കുന്ന സ്ഥാനത്താണിത്. ഫ്രാന്‍സിനെതിരെ അര്‍ജന്റീന ജയിച്ചപ്പോള്‍ ആഘോഷം പടക്കം പൊട്ടിക്കല്‍ മുതല്‍ ഡിജെ പാര്‍ട്ടിവരെ നീണ്ടു. കേക്കും ചെണ്ടമേളവുമൊക്കെയായി 20000-30000 രൂപവരെയാണ് പലയിടങ്ങളിലൂം അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ ചെലവഴിച്ചത്.

തൃശൂര്‍ പള്ളിമൂലയിലെ റോക്ക്‌ലാന്‍ഡ് ഹോട്ടലുടമ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ചത് സൗജന്യമായി ബിരിയാണി നല്‍കിയാണ്. 15,000 പേരോളമാണ് റോക്ക്‌ലാന്‍ഡില്‍ നിന്ന് ബിരിയാണി കഴിച്ചത്. ഏകദേശം 20 കോടി രൂപയ്ക്ക് മുകളിലാണ് ഖത്തര്‍ ലോകകപ്പിനായി കേരളം ചെലവഴിച്ചതെന്നാണ് വിലയിരുത്തല്‍.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it