

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും വമ്പന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഒരു വശത്ത് തകൃതിയായി നടക്കുമ്പോള്‍ ഇടതു യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ചപോലും നടത്താനാകാതെ മടങ്ങി ഫ്രഞ്ച് കമ്പനിയുടെ ഉദ്യോഗസ്ഥര്‍. കുടിവെള്ള പദ്ധതിക്കായി കരാര്‍ നേടിയ കമ്പനിയുടെ പ്രതിനിധികള്‍ക്കാണ് കേരള വാട്ടര്‍ അതോറ്റിയുമായി ചര്‍ച്ച നടത്താനാകാതെ മടങ്ങേണ്ടി വന്നത്. സാധാരണക്കാര്‍ക്ക് കുടിവെള്ളം താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി അംഗങ്ങള്‍ പ്രതിഷേധിച്ചത്.
2,500 കോടിയുടെ സംയുക്ത പദ്ധതി
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍, കേരള വാട്ടര്‍ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയ്ക്കായുള്ള 2,511 കോടി രൂപയുടെ കരാര്‍ നേടിയത് ഫ്രഞ്ച് കമ്പനിയായ സൂയസ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ സൂയസ് ഇന്ത്യയാണ്.
കുടിവെള്ള വിതരണത്തിനായുള്ള ശൃംഖലകള്‍ സ്ഥാപിക്കുക, കൊച്ചിയിലെയും തിരുവനന്തപുരത്തെയും കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുക തുടങ്ങിയവയായിരുന്നു പദ്ധതി വഴി നടപ്പാക്കാനുദ്ദേശിച്ചത്. ഇതിന്റെ ആദ്യഘട്ട ചർച്ചയ്ക്കായാണ് കമ്പനിയുടെ മൂന്ന് പ്രതിനിധികള്‍ എറണാകുളം വാട്ടര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസിലെത്തിയത്. മുദ്രാവാക്യം മുഴക്കിയും സൂപ്രണ്ടന്റ് എന്‍ജിനീയറുടെ കാബിന്‍ വളഞ്ഞും ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചര്‍ച്ച നടത്താനാകാതെ ഇവര്‍ മടങ്ങി.
കമ്പനി നിശ്ചയിച്ച നിരക്ക് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സ്‌റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ തീരമാനപ്രകാരമുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്കായാണ് സൂയസ് ഇന്ത്യ പ്രതിനിധികളെത്തിയതെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു.
എ.ഡി.ബി 1,400 കോടി നൽകും
2023 നവംബറിലാണ് കൊച്ചിയില്‍ ജലവിതരണ സംവിധാനം ആധുനികവത്കരിക്കാനായി എ.ഡി.ബി 1,416 കോടി രൂപയുടെ (170 മില്യണ്‍ ഡോളര്‍) വായ്പയ്ക്ക് അനുമതി നല്‍കിയത്. മൊത്തം തുകയുടെ 70 ശതമാനമാണ് എ.ഡി.ബി വഹിക്കുന്നത് ബാക്കി 30 ശതമാനം സംസ്ഥാന സര്‍ക്കാരാണ് കണ്ടെത്തേണ്ടത്.
'കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇംപ്രൂവ്‌മെന്റ് പ്രോജക്ട്' എന്ന പദ്ധതി ആദ്യം കൊച്ചിയിലും പിന്നീട് തിരുവനന്തപുരത്തുമാണ് നടപ്പാക്കുന്നത്. 10 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്ന പദ്ധതിവഴി തടസമില്ലാതെ കുടിവെള്ളം ലഭ്യമാക്കാനും വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 20 ശതമാനം വരെ കുറയ്ക്കാനുമായിരുന്നു ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine