

റെക്കോഡ് ഭേദിച്ച് സ്വര്‍ണവിലയുടെ മുന്നേറ്റം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ വര്‍ധിച്ചത് 115 രൂപയാണ്. ഇന്നത്തെ വില 10,480 രൂപ. പവന്‍ വില 920 രൂപ വര്‍ധിച്ച് 83,840 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 95 രൂപ വര്‍ധിച്ച് 8,615 രൂപയാണ്. വെള്ളിവില 4 രൂപ കൂടി 114 രൂപയിലെത്തി.
ഡോളർ ദുർബലമാകുന്നത് മൂലം ചൊവ്വാഴ്ച സ്വർണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ റെക്കോർഡ് ഉയരത്തിലെത്തി. യുഎസ് ഡോളർ സൂചിക 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഫെഡ് റിസര്‍വിന്റെ നയത്തെക്കുറിച്ചുള്ള സൂചനകൾക്കായി ഇന്ന് നടക്കാനിരിക്കുന്ന ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസംഗത്തിനായി നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച, യുഎസ് സെൻട്രൽ ബാങ്ക് തൊഴിൽ വിപണി സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. വരാനിരിക്കുന്ന മീറ്റിംഗുകളിൽ കൂടുതൽ വെട്ടിക്കുറവുകൾ ഉണ്ടാകുമെന്ന സൂചനയും നല്‍കി. എന്നാൽ പണപ്പെരുപ്പത്തെക്കുറിച്ചും കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,745 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതില്‍ കൂടുതല്‍ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 90,726 രൂപയ്ക്ക് മുകളിലാകും.
Read DhanamOnline in English
Subscribe to Dhanam Magazine