

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തില്‍ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വില 10,575 രൂപ. പവന്‍ വില 240 രൂപ കുറഞ്ഞ് 84,600 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞ് 8,700 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ 114 രൂപയില്‍ തുടരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളറിലെ വർധനവും സ്പോട്ട് ഡിമാൻഡ് കുറഞ്ഞതും കാരണം ബുധനാഴ്ചത്തെ സെഷനിൽ നിക്ഷേപകര്‍ ഉയര്‍ന്ന തോതില്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതാണ് വിലയില്‍ കുറവുണ്ടാകാനുളള കാരണം. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ജാഗ്രതയോടെയുള്ള പരാമർശങ്ങളും സ്വർണ വിലയെ ബാധിച്ചു.
ഉയർന്ന പണപ്പെരുപ്പത്തിന്റെയും ദുർബലമാകുന്ന തൊഴിൽ വിപണിയുടെയും അപകടസാധ്യതകൾ സന്തുലിതമാക്കുന്നതില്‍ ഫെഡ് റിസര്‍വ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പവൽ പറഞ്ഞു. ഈ വർഷം യുഎസ് കേന്ദ്ര ബാങ്ക് 25 ബേസിസ് പോയിന്റുകൾ വീതമുള്ള രണ്ട് നിരക്ക് കുറവുകൾ കൂടി വരുത്തുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,764 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,600 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതില്‍ കൂടുതല്‍ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 91,548 രൂപയ്ക്ക് മുകളിലാകും.