സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് പവന് ₹3,760 കുറഞ്ഞു; ഒരു വർഷത്തെ താഴ്ചയിൽ

കേരളത്തിൽ സ്വർണവില പവന് ₹3,760 കുറഞ്ഞ് ₹92,080 ആയി; രാജ്യാന്തര വിപണിയിലെ ഇടിവും ഡോളറിന്റെ ശക്തിയും പലിശ നിരക്കിനെക്കുറിച്ചുള്ള ആശങ്കകളും വിലയെ ബാധിക്കുന്നു
Gold Prices Fall Reasons
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

സ്വർണ വിലയിൽ വീണ്ടും കനത്ത ഇടിവ്. വെള്ളിയാഴ്ച (നവംബർ 20) രാവിലെ സംസ്ഥാന വിപണിയിൽ ഒരു ​ഗ്രാം സ്വർണത്തിന് 470 രൂപ കുറഞ്ഞു. ഇതോടെ പുതുക്കിയ വിപണി വില ​ഗ്രാമിന് 11,510 രൂപയായി. ആനുപാതികമായി ഇന്ന് ഒരു പവൻ സ്വർണത്തിന് 3,760 രൂപയും ഇടിഞ്ഞു. പവന്റെ പുതിയ വിപണി വില 92,080 രൂപയായി. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പവന്റെ വില ഒരു ലക്ഷത്തിന് താഴെ തുടരുന്നത്.

അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 385 രൂപ കുറഞ്ഞ് 9,420 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 300 രൂപ താഴ്ന്ന് പുതിയ വില 7,375 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 190 രൂപ കുറഞ്ഞ് 4,760 രൂപയിലേക്കും എത്തിച്ചേർന്നു.

അതേസമയം വെള്ളി വിലയിലും ഇന്ന് ഇടിവ് കുറിച്ചു. ഒരു ​ഗ്രാം വെള്ളിക്ക് 10 രൂപ താഴ്ന്ന് 175 രൂപയായി. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 1,750 രൂപയും 100 ​ഗ്രാം വെള്ളിക്ക് 17,500 രൂപയും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 1,75,000 രൂപയുമായി.

ഒരു വർഷത്തെ താഴ്ചയിൽ

സംസ്ഥാനത്തെ സ്വർണ വില ഒരു വർഷത്തെ താഴ്ചയിലാണ്. നിലവിൽ ഒരു പവന്റെ വില 92,080 രൂപയാണ്. കേരളത്തിൽ 2025 നവംബർ 22-നു ശേഷം ഒരു പവനിൽ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. ഈമാസം മാത്രം ഒരു പവൻ സ്വർണത്തിൽ 15,000 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണത്തിന് 8,840 രൂപയും താഴ്ന്നു.

2026 ജനുവരി 29-ന് രാവിലെ കുറിച്ച 1,31,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ സർവകാല ഉയർന്ന വിലനിലവാരം. അവിടെ നിന്നും 39,080 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇക്കഴിഞ്ഞ മേയിൽ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം 6 ശതമാനത്തിൽ നിന്നും 15 ശതനമാനത്തിലേക്ക് ഉയർത്തിയിരുന്നു. ഇതു ഒഴിവാക്കുകയാണെങ്കിൽ സ്വർണത്തിന്റെ വില ഇനിയും 10 ശതമാത്തോളം താഴെ നിൽക്കേണ്ടതാണ്.

എന്തുകൊണ്ട് സ്വർണം ഇടിയുന്നു?

യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ഡിസംബറിൽ ചേരുന്ന യോ​ഗത്തിൽ പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമായതും ചൈനയിൽ സ്വർണത്തിനുള്ള ആവശ്യകത ഇടിഞ്ഞതുമാണ് വിലത്തകർച്ചയ്ക്ക് വഴിതെളിച്ചത്. രാജ്യാന്തര വിപണിയിൽ ഇന്നു രാവിലെ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില മൂന്നര ശതമാനം താഴ്ന്ന് 3,550 ഡോളർ നിലവാരത്തിലേക്ക് എത്തിച്ചേർന്നു. ജനുവരി 29-ന് 5,595 ഡോളറിൽ എത്തിയ സ്വർണം ഇതുവരെയായി 35 ശതമാനത്തിലധികം ഇടിഞ്ഞു. 2008-ൽ ഉണ്ടായ നേരിട്ട 30 ശതമാനത്തോളം ഇടിവ് മറികടക്കുന്നതായി ഈ വർഷത്തെ തകർച്ച.

ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോൾ എത്രയാകും?

വെള്ളിയാഴ്ച പുതുക്കി നിശ്ചയിച്ച വിപണി വിലയ്ക്കൊപ്പം ഏറ്റവും ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന മൂന്ന് ശതമാനം നിരക്കിലുള്ള ജി.എസ്.ടി നികുതിയും, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, അതിനുമേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോൾ വാങ്ങുന്നതിന് 99,765 രൂപയെങ്കിലും നൽകേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റത്തിനനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം ഉണ്ടാകാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```