സ്വര്‍ണം ചതിച്ചു അംബാനെ! കാത്തിരിപ്പ് വെറുതെയായി; പിന്നില്‍ വന്‍കിട വ്യാപാരികള്‍?

ഇന്നലെ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടേയും ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറച്ചതിന് പിന്നാലെ കേരളത്തില്‍ ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും കുറഞ്ഞ സ്വര്‍ണ വില ഇന്ന് നിശ്ചലം.

ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാകുമ്പോള്‍ അതിന് ആനുപാതികമായി സ്വര്‍ണവില ഗ്രാമിന് 500 രൂപയെങ്കിലും കുറയേണ്ടതാണ്. എന്നാല്‍ വെറും 200 രൂപ മാത്രമാണ് കുറഞ്ഞത്. വ്യാപാരികളുടെ ചര്‍ച്ചയ്ക്ക് ശേഷം ഇന്നലെ തന്നെ വീണ്ടും കുറവുണ്ടാകുമെന്നായിരുന്നു സൂചനകകള്‍. അതുണ്ടായില്ല. മാത്രമല്ല ഇന്നും വില കുറച്ചില്ല.
ഇന്നലത്തെ അന്താരാഷ്ട്ര വിലയിലെ 10-12 ഡോളറിന്റെ വര്‍ധന കണക്കിലെടുത്താലും ചുരുങ്ങിയത്‌ 100-200 രൂപയെങ്കിലും ഇന്ന് കുറയേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ സ്വര്‍ണ വില നിശ്ചയിക്കുന്നതിനു പിന്നിലുള്ള സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) ഇന്ന് സ്വര്‍ണ വില ഗ്രാമിന് 6,495 രൂപയിലും പവന് 51,960 രൂപയിലും മാറ്റമില്ലാതെ നിലനിറുത്തി.
അതേ സമയം 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 210 രൂപ കുറഞ്ഞ് 5,395 രൂപയായി. ഇന്നലെ ഇതില്‍ കുറവു വരുത്തിയിരുന്നില്ല. വെള്ളി വിലയും ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞാണ് വ്യാപാരം.
കാരണം ഉള്‍പ്പോര്?
വന്‍കിട വ്യാപാരികളില്‍ ചിലരുടെ നിലപാടാണ് സ്വര്‍ണ വില കുറയ്ക്കാത്തതിനു പിന്നിലെന്നാണ് സൂചനകള്‍. ചെറുകിടക്കാര്‍ പലരും കച്ചവടം കൂടുമെന്നതിനാല്‍ വിലക്കുറവിന് തയാറായെങ്കിലും വന്‍കിടക്കാര്‍ അവര്‍ക്കുണ്ടാകാവുന്ന നഷ്ടം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തു. അടുത്തിടെ സ്വര്‍ണം വാങ്ങിയ പല വ്യാപാരികളും ഉയര്‍ന്ന വിലയിലാണ് ഇത് ശേഖരിച്ചത്. പെട്ടെന്ന് വില ഇടിയുമ്പോള്‍ അവരുടെ സ്‌റ്റോക്കിന് മൂല്യം കുറയും. വലിയ നഷ്ടം കുറയ്ക്കാനായി ഇറക്കുമതി തീരുവയിലുണ്ടായിരിക്കുന്ന കുറവ് പൂര്‍ണമായും ഇപ്പോള്‍ ഉപയോക്താക്കളിലേക്ക് നല്‍കേണ്ട എന്ന നിലപാട് വന്‍കിട വ്യാപാരികള്‍ സ്വീകരിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍.
ഉപയോക്താക്കള്‍ പ്രതീക്ഷയില്‍
ഇന്നും വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വര്‍ണം വാങ്ങല്‍ ഒരു ദിവസം നീട്ടിവച്ച ഉപയോക്താക്കള്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. അതേ സമയം അധികം വൈകാതെ ഈ കുറവ് ഉപയോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമേറെ. സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോഡായ പവന് 55,120 രൂപയില്‍ നിന്ന് 3,160 രൂപ താഴെയാണ് സ്വര്‍ണ വില ഇപ്പോള്‍. 2024 ഏപ്രില്‍ അഞ്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയുമാണിത്.
Related Articles
Next Story
Videos
Share it